Connect with us

From the print

വ്യോമാക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടു

കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി ‘മാനുഷിക മേഖല’യെന്ന് ഇസ്‌റാഈൽ വിശേഷിപ്പിച്ച സ്ഥലത്ത് ഫുട്‌ബോൾ കളിക്കുകയായിരുന്ന കുട്ടികൾക്ക് നേരെയാണ് പോർ വിമാനങ്ങളിൽ നിന്ന് ബോംബ് വർഷിച്ചത്.

Published

|

Last Updated

ഗസ്സ | നേരം പുലരും മുമ്പേ ഗസ്സയുടെ വടക്ക് നിന്ന് തെക്ക് വരെ ഇസ്‌റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടു. കുടിയിറക്കപ്പെട്ടവർ അഭയം തേടിയിരുന്ന ആശുപത്രിയിലും സൈനിക കോപ്റ്ററുകൾ ആക്രമണം നടത്തി. ദാർ അൽ ബലാഹിലെ അൽ അഖ്‌സ ആശുപത്രി കോമ്പൗണ്ടിൽ സജ്ജീകരിച്ച താത്കാലിക ടെന്റുകൾക്ക് നേരെയാണ് വ്യോമാക്രണമുണ്ടായത്. ഇവിടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റു.
കൊല്ലപ്പെട്ടവരിൽ നിരവധി കുട്ടികളുമുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി ‘മാനുഷിക മേഖല’യെന്ന് ഇസ്‌റാഈൽ വിശേഷിപ്പിച്ച സ്ഥലത്ത് ഫുട്‌ബോൾ കളിക്കുകയായിരുന്ന കുട്ടികൾക്ക് നേരെയാണ് പോർ വിമാനങ്ങളിൽ നിന്ന് ബോംബ് വർഷിച്ചത്. തെക്കൻ തീരപ്രദേശമായ അൽ മവാസിയിലാണ് ആക്രമണമുണ്ടായത്.

ബൈത്ത് ലഹിയയിലെ അൽ മൻഷിയ്യയിൽ വീടിന് നേർക്കുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗസ്സ നഗരത്തിലെ ഷുജയയിൽ ആൾക്കൂട്ടത്തിന് നേർക്കുണ്ടായ ബോംബാക്രമണത്തിൽ അഞ്ച് പേരും കൊല്ലപ്പെട്ടു. നഗരത്തിൽ തന്നെ മാനുഷിക സഹായ വിതരണത്തിനായുള്ള സാധനങ്ങൾ സൂക്ഷിച്ച വെയർഹൗസിന് നേർക്കുണ്ടായ ആക്രമണത്തിൽ നാല് പേരും കൊല്ലപ്പെട്ടു.

ഗസ്സ നഗരത്തിന് സമീപം തുഫ്ഫയിൽ കുടിയിറക്കപ്പെട്ടവർ താമസിച്ചിരുന്ന ഫഹദ് അൽ സബാഹ് സ്‌കൂളിന് നേർക്കുണ്ടായ ആക്രമണത്തിൽ രണ്ട് കുടുംബങ്ങളിൽ നിന്നായി ആറ് പേർ കൊല്ലപ്പെട്ടു. ഇതിൽ മാധ്യമ പ്രവർത്തകരായ രണ്ട് സഹോദരങ്ങളുമുണ്ട്. അഹ്്മദ് അബു ശക്കീൽ, സഹ്‌റ അബു ശക്കീൽ എന്നിവരാണ് കൊല്ലപ്പെട്ടത്.
അതേസമയം, അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇസ്‌റാഈൽ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഖാബ, തുബാസ് നഗരങ്ങളിൽ നിന്നായി അഞ്ച് ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.

---- facebook comment plugin here -----

Latest