Connect with us

Kerala

'മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി'; വിവാദ പരാമര്‍ശവുമായി സി പി എം നേതാവ്

എ.എൻ പ്രഭാകരനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണമെന്ന് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി

Published

|

Last Updated

കല്‍പറ്റ | പനമരം പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ, സിപിഎം ഭരണസമിതിയെ അട്ടിമറിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വയനാട് പനമരത്ത് സിപിഎം നടത്തിയ യോഗത്തിൽ വിവാദ പരാമർശവുമായി പാർട്ടി ജില്ല കമ്മിറ്റി അംഗം എ എന്‍ പ്രഭാകരന്‍. ‘പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കി’യെന്നായിരുന്നു വിവാദ പരാമര്‍ശം.

“പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കി. പ്രസിഡന്റ് ആകേണ്ടിയിരുന്ന ഹസീനയെ കോണ്‍ഗ്രസുകാര്‍ മാറ്റി ലീഗിനെ കോണ്‍ഗ്രസ് കാലുവാരി. ആദ്യമായി മുസ്ലിം വനിത പ്രസിഡന്റായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് അട്ടിമറിച്ചിട്ടു” – പ്രതിഷേധ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ പ്രഭാകരൻ പറഞ്ഞു. പനമരത്ത അവിശ്വാസ പ്രമേയത്തില്‍ ഭരണമാറ്റം സംഭവിച്ചതിനെ കുറിച്ച് വിശദീകരിക്കവെയായിരുന്നു പരാമർശം.

യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തുടർന്ന് എല്‍ ഡി എഫ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആസ്യ പുറത്തായതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. പ്രസിഡന്റ് സ്ഥാനാത്ഥിയായി യു ഡി എഫിന്റെ ഹസീനയുടെയും ലക്ഷ്മി ആലക്കമുറ്റത്തിന്റെയും പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്. പക്ഷെ ഭിന്നതയെ തുടര്‍ന്ന് ആദ്യ ദിവസം തിരഞ്ഞെടുപ്പ് നടക്കാതിരിക്കുകയും തുടര്‍ന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇടപ്പെട്ട് ലക്ഷ്മി ആലക്കമുറ്റത്തെ പ്രസിഡന്റായി പ്രഖ്യാപിക്കുകയുമായിരുന്നു.

അതേസമയം, തനിക്കും തന്റെ സമുദായത്തിനുമെതിരെ വംശീയാധിക്ഷേപം നടത്തിയ എ.എൻ പ്രഭാകരനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണമെന്ന് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആവശ്യപ്പെട്ടു. വർഗീയത പറഞ്ഞ് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം നേതാവ് ശ്രമിക്കുന്നതെന്നും ലക്ഷ്മി കുറ്റപ്പെടുത്തി.

Latest