Kerala
'ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം'; എസ് വൈ എസ് പ്ലാറ്റിനം ഇയർ പ്രഖ്യാപിച്ചു
ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പദ്ധതികളും പരിപാടികളും സംഘടിപ്പിക്കും.
കൊല്ലം | സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) എഴുപത് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാറ്റിനം ഇയർ പരിപാടികൾക്ക് പ്രഖ്യാപനമായി. കൊല്ലത്ത് നടന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപനം നിർവഹിച്ചു. ‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ
ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പദ്ധതികളും പരിപാടികളും സംഘടിപ്പിക്കും. സാമൂഹത്തെ പുരോഗനോന്മുഖമായി മുന്നോട്ടു നയിക്കാൻ സഹായിക്കുന്ന ആശയങ്ങളും പദ്ധതികളുമാണ് പ്ലാറ്റിനം വർഷത്തിൽ നടപ്പിലാക്കുക. സമാപനം 2024 ഡിസംബറിൽ തൃശൂരിൽ നടക്കും.
പ്രഖ്യാപന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ് മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ഹൈദറൂസ് മുസ് ലിയാർ പതാക ഉയർത്തി.
മതം, സമൂഹം, സംഘടന എന്നീ വിഷയങ്ങളിലെ പഠനം സുലൈമാൻ സഖാഫി മാളിയേക്കൽ, റഹ്മത്തുല്ല സഖാഫി എളമരം, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എന്നിവർ അവതരിപ്പിച്ചു. എസ് വൈ എസ് സംസ്ഥാന ഭാരവാഹികളായ സ്വാദിഖ് സഖാഫി പെരി ന്താറ്റിരി പ്രമേയ പഠനത്തിനും എം മുഹമ്മദ് സ്വാദിഖ് പദ്ധതി അവതരണത്തിനും നേതൃത്വം നൽകി. എച് ഇസ്സുദ്ദീൻ സഖാഫി, അബ്ദുർ റഹ്മാൻ ഫൈസി വണ്ടൂർ, മജീദ് കക്കാട്, സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം, മുഹമ്മദ് പറവൂർ,
എം അബൂബക്കർ മാസ്റ്റർ, മുഹമ്മദ് കുഞ്ഞു സഖാഫി, അബ്ദുസ്സലാം മുസ് ലിയാർ ദേവർ ശോല, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സംസാരിച്ചു.
പ്രഖ്യാപന സമ്മേളനം യുവജന റാലിയോടെ കൊല്ലം ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സഖാഫി സംസാരിച്ചു.