National
'റോഡ് ടു മക്ക'; ഗ്രാന്‍ഡ് മുഫ്തിയുടെ ഇടപെടലില്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ ഹാജിമാര്‍
പദ്ധതിയില്‍ ഇന്ത്യ കൂടി ചേരുന്നതോടെ വളരെ വേഗത്തില്‍ ഹാജിമാരുടെ നടപടിക്രമങ്ങള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ വെച്ച് പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ന്യൂഡല്‍ഹി/റിയാദ് | ഹജ്ജ് തീര്‍ഥാടനം കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവുമാക്കാനുള്ള സഊദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയായ ‘റോഡ് ടു മക്ക’ യില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കത്തയച്ചതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്ന ഹാജിമാര്‍ പ്രതീക്ഷയില്‍.
ഹാജിമാരുടെ എണ്ണത്തില്‍ ഇന്ത്യ ഈ വര്‍ഷം മൂന്നാം സ്ഥാനത്താണ്. 1,75,025 പേരാണ് ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി പുണ്യഭൂമിയിലെത്തുക. പദ്ധതിയില്‍ ഇന്ത്യ കൂടി ചേരുന്നതോടെ വളരെ വേഗത്തില്‍ ഹാജിമാരുടെ നടപടിക്രമങ്ങള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ വെച്ച് പൂര്‍ത്തിയാക്കാനും സഊദിയില്‍ വിമാനമിറങ്ങിയ ശേഷം താമസസ്ഥലങ്ങളില്‍ അവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും സാധിക്കും. തീര്‍ഥാടകരുടെ ലഗേജുകള്‍ താമസ സ്ഥലങ്ങള്‍ അനുസരിച്ച് ഹജ്ജ് ഉംറ മന്ത്രാലയം അംഗീകരിച്ച ലോജിസ്റ്റിക് ഏജന്‍സികള്‍ വഴി തീര്‍ഥാടകരുടെ താമസസ്ഥലങ്ങളിലെത്തിക്കാനുമാകുന്നതോടെ ഹാജിമാര്‍ക്ക് വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്ന നീണ്ട ക്യൂകളും കാത്തിരിപ്പ് സമയങ്ങളും ഒഴിവാക്കാനും കഴിയും.
ഹജ്ജ് തീര്‍ഥാടകര്‍ പുറപ്പെടുന്ന രാജ്യത്തെ വിമാനത്താവളത്തില്‍ വച്ച് തന്നെ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് വിസകള്‍ നല്‍കല്‍, വിരലടയാളം (ബയോമെട്രിക്‌സ്) ശേഖരിക്കല്‍, തീര്‍ഥാടകര്‍ എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാതൃരാജ്യത്ത് വെച്ച് തന്നെ സഊദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നല്‍കല്‍ എന്നിവയാണ് മക്ക റൂട്ട് ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങള്‍.
സഊദി ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ 2019ല്‍ ആരംഭിച്ച മക്ക റൂട്ട് ഇനിഷ്യേറ്റീവിന്റെ സേവനങ്ങള്‍ വഴി കഴിഞ്ഞ വര്‍ഷം മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, കോട്ട് ഡി ഐവയര്‍ എന്നീ രാജ്യങ്ങളിലെ 11 വിമാനത്താവളങ്ങളിലാണ് സേവനങ്ങള്‍ ലഭ്യമാക്കിയത്. തീര്‍ഥാടകരുടെ യാത്രയുടെ ഓരോ ഘട്ടത്തിലും അവരുടെ യാത്ര സുഗമമാക്കാന്‍ കഴിയുമെന്നതാണ് പ്രധാന സവിശേഷത. തീര്‍ഥാടകര്‍ക്ക് ലോകോത്തര സൗകര്യങ്ങളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും നല്‍കുക വഴി സവിശേഷ ആത്മീയാനുഭവമാണ് പുണ്യഭൂമിയില്‍ നിന്നും ലഭിക്കുക.
സഊദി അറേബ്യയുടെ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായി ഹജ്ജ് കര്‍മങ്ങള്‍ക്കായി പുണ്യഭൂയിലെത്തുന്ന അല്ലാഹുവിന്റെ അതിഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും ഹജ്ജ് കര്‍മങ്ങള്‍ ഏറ്റവും സുഖകരമായി നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സഊദി അറേബ്യ നടത്തുന്ന മഹത്തായ ശ്രമങ്ങളുടെ ഭാഗമായായി നടപ്പിലാക്കിയ പദ്ധതിയാണ് ‘റോഡ് ടു മക്ക.’
2024ലെ ഹജ്ജ് വേളയില്‍ 91 സര്‍വീസ് പ്രൊവിഷന്‍ സ്റ്റേഷനുകള്‍, 43 മൊബൈല്‍ ബാഗ് യൂണിറ്റുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 24 മൊബൈല്‍ കൗണ്ടര്‍ ഉപകരണങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തി 40 സെക്കന്‍ഡ് സമയമെടുത്താണ് ഓരോ തീര്‍ഥാടകന്റെയും പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
സഊദി വിദേശകാര്യം, ആരോഗ്യം, ഹജ്ജ്, ഉംറ മന്ത്രാലയങ്ങള്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി, സഊദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്‌സ് എന്നിവയുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഈ സംരംഭം നടപ്പിലാക്കിയിരിക്കുന്നത്.
മക്ക റൂട്ട് സംരംഭത്തിന്റെ ഘട്ടങ്ങള്‍
‘റോഡ് ടു മക്ക’ സംരംഭം 2017 ലാണ് ഭാഗികമായി ആരംഭിച്ചത്. തുടക്കത്തില്‍ നിശ്ചിത എണ്ണം മലേഷ്യന്‍ തീര്‍ഥാടകര്‍ മാത്രമായിരുന്നു ആദ്യ യാത്രക്കാര്‍. 2018 ല്‍ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെയും 2019 ല്‍ ടുണീഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തി. 2020 ലും 2021 ലും കൊവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജിന് അനുമതി ലഭിച്ചിരുന്നില്ല. 2022-ല്‍ മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ സംരംഭം പുനരാരംഭിച്ചു. 2023ല്‍ തുര്‍ക്കിയും കോട്ട് ഡി ഐവറി റിപബ്ലിക്കുകളും കൂടി ചേര്‍ന്നതോടെ ഗുണഭോക്തൃ രാജ്യങ്ങളുടെ എണ്ണം ഏഴായി.