From the print
'പ്രണയപൂര്‍വം' പണാപഹരണം; ഓണ്‍ലൈന്‍ തട്ടിപ്പിന് ന്യൂജന്‍ രീതികള്‍
ലൈംഗികാതിക്രമവും. സോഷ്യല്‍ മീഡിയകളില്‍ പരിചയമില്ലാത്ത വ്യക്തികളുമായി ഇടപഴകുമ്പോള്‍ ജാഗ്രത വേണം
കോഴിക്കോട് | വ്യക്തികളില്‍ നിന്ന് വന്‍തുക അപഹരിക്കാന്‍ ഓണ്‍ലൈന്‍ വഴി നടക്കുന്നത് പ്രണയത്തട്ടിപ്പ് മുതല്‍ സെക്സ്റ്റോര്‍ഷന്‍ (ലൈംഗികാതിക്രമം) വരെ. മാനഹാനി ഭയന്ന് പലരും ഇത്തരത്തിലുള്ള തട്ടിപ്പിലകപ്പെടുന്നത് പുറത്ത് പറയാറില്ലെന്ന് സൈബര്‍ പോലീസ് സാക്ഷ്യപ്പെടുത്തുന്നു. തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന പണം നല്‍കി തടിയൂരുകയാണ് പലരും ചെയ്യുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളാണെന്ന വ്യാജേന ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളിലും മാട്രിമോണിയല്‍ ആപ്ലിക്കേഷനുലുകളിലും സോഷ്യല്‍ മീഡിയ വഴിയും ഇരയെ വലയിലാക്കുന്നതാണ് പ്രണയത്തട്ടിപ്പ്. ഇവര്‍ ഇരകളുമായി കൂടുതല്‍ വിശ്വാസം നേടിയെടുത്തതിനു ശേഷം അന്താരാഷ്ട്ര പാഴ്സലുകള്‍ വഴി വിലയേറിയ സമ്മാനങ്ങള്‍ അയക്കുമെന്ന് വാഗ്ദാനം നല്‍കുന്നു. അതിനു ശേഷം പാഴ്സല്‍ അയച്ചെന്നും അത് ലഭിക്കുന്നതിന് കസ്റ്റംസ് ഫീസ് ആവശ്യമാണെന്നും പറഞ്ഞ് വ്യാജ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇരയെ ബന്ധപ്പെടുന്നു. ഒരു അക്കൗണ്ടിലേക്ക് പണം അയക്കാന്‍ ഇരകളെ പ്രേരിപ്പിക്കുന്നു. പണമടച്ചതിന് ശേഷം ഇരകള്‍ക്ക് വാഗ്ദാനം ചെയ്ത സമ്മാനങ്ങള്‍ ഒരിക്കലും ലഭിക്കില്ലെന്ന് മാത്രമല്ല, തട്ടിപ്പുകാരന്‍ അപ്രത്യക്ഷനാകുകയും ചെയ്യുന്നു. ആസ്‌ത്രേലിയ, യു കെ, യു എസ് എന്നിവിടങ്ങളില്‍ നിന്നാണെന്ന് അവകാശപ്പെടുന്ന റൊമാന്‍സ് സ്‌കാമര്‍മാര്‍, ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ബന്ധം വളര്‍ത്തിയെടുത്ത് അവര്‍ വിശ്വാസം നേടുന്നു. എല്ലായ്പ്പോഴും ആശയവിനിമയത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നു. ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷം ആഭരണങ്ങള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ പോലുള്ള വിലയേറിയ സമ്മാനങ്ങള്‍ ഒരു ട്രാക്കിംഗ് നമ്പറുള്ള അന്താരാഷ്ട്ര പാഴ്സല്‍ വഴി അയക്കുമെന്നാണ് ഇവര്‍ വിശ്വസിപ്പിക്കുന്നത്. എന്നാല്‍ ഇത് ലഭിക്കാതിരിക്കുകയും അടച്ച പണം നഷ്ടപ്പെടുകയും ചെയ്യുന്നു.
ആളുകളുടെ ലൈംഗിക പ്രവൃത്തികളുടെയോ ചേഷ്ടകളുടെയോ തെളിവുകള്‍ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണമോ ലൈംഗിക ആനുകൂല്യങ്ങളോ തട്ടിയെടുക്കുന്നതാണ് സെക്സ്റ്റോര്‍ഷന്‍. സൈബര്‍ കുറ്റവാളികള്‍ ഡേറ്റിംഗ് ആപ്പുകളില്‍ യുവതികളായി അഭിനയിച്ച് ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു. വ്യക്തികളെയും അവരുടെ സുഹൃത്തുക്കളെയും മനസ്സിലാക്കിക്കഴിഞ്ഞാല്‍, വ്യാജ ഫോട്ടോകള്‍ ഉപയോഗിച്ച് അവരെ ആകര്‍ഷിക്കുകയും തത്സമയ വീഡിയോ ചാറ്റുകള്‍ക്കായി ക്ഷണിക്കുകയും ചെയ്യുന്നു. അവര്‍ പ്രണയം വളരെ വേഗത്തില്‍ പ്രകടിപ്പിക്കുകയും വീഡിയോ കോളില്‍ വരാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ഇരയുമായുള്ള വീഡിയോയും പ്രവര്‍ത്തനങ്ങളും സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് ചെയ്യുന്നു.
ബ്ലാക്‌മെയിലിംഗും
പണം നല്‍കിയില്ലെങ്കില്‍ ആ വീഡിയോകള്‍ പ്രസിദ്ധീകരിക്കുമെന്ന് ഇരയെ ഭീഷണിപ്പെടുത്തുന്നു. ഇരകള്‍ പണം നല്‍കിയ ശേഷവും ബ്ലാക്മെയിലിംഗ് തുടരുന്നത് വഴി വലിയ തുക നല്‍കാന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നു. ഇത്തരം തട്ടിപ്പില്‍ പെടാതിരിക്കാന്‍ ഓണ്‍ലൈനില്‍, പ്രത്യേകിച്ച് ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളിലും സോഷ്യല്‍ മീഡിയകളിലും പരിചയമില്ലാത്ത വ്യക്തികളുമായി ഇടപഴകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. അജ്ഞാതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ ഒഴിവാക്കുക, അപരിചിതരുമായി സ്വകാര്യമായി ഇടപെടരുത് തുടങ്ങിയ കാര്യങ്ങളും പോലീസ് നിര്‍ദേശിക്കുന്നു.
മോണ്‍സ്റ്റര്‍, നൗക്രി, ടൈംസ് ജോബ്സ്, ഷൈന്‍ തുടങ്ങിയ ജനപ്രിയ ജോബ് പോര്‍ട്ടലുകളില്‍ ജോബ് കണ്‍സള്‍ട്ടന്റായി വേഷമിട്ട് ഓണ്‍ലൈനായി പണം തട്ടുന്ന സംഭവങ്ങളുമുണ്ട്. വിലകൂടിയ/ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് വളരെ കുറഞ്ഞ വിലകളില്‍ വ്യാജ ഓഫറുകള്‍ നല്‍കുകയും സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെ സൈറ്റിനെ ജനപ്രിയമാക്കുകയും ചെയ്തും തട്ടിപ്പ് അരങ്ങേറുന്നു. ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇരകള്‍ അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയും യു പി ഐ, ഓണ്‍ലൈന്‍ ബേങ്കിംഗ് എന്നിവ വഴിയോ പണമടക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങളും നിരവധിയാണ്. ലോട്ടറി/ വ്യാജ സമ്മാന തട്ടിപ്പ്, ഇന്‍വെസ്റ്റ്മെന്റ്/ ട്രേഡിംഗ് തട്ടിപ്പ്, പാഴ്സലുകളില്‍ നിയമവിരുദ്ധമായ സാധനങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞ് തട്ടിപ്പ്, കുറഞ്ഞ വരുമാനമുള്ള വ്യക്തികളെ ചൂഷണം ചെയ്യുന്ന ലോണ്‍ ആപ്പുകള്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, കെ വൈ സി കാലഹരണപ്പെടല്‍/പുതുക്കല്‍ തട്ടിപ്പുകള്‍, വ്യാജ കസ്റ്റമര്‍ സപ്പോര്‍ട്ട് തട്ടിപ്പ്, വ്യാജ ഇ – കൊമേഴ്സ് സൈറ്റുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ്, റിമോട്ട് അക്സസ്സ് നേടുന്നതിലൂടെയുള്ള തട്ടിപ്പ് തുടങ്ങിയവയും ഓണ്‍ലൈന്‍ കെണിയുടെ വിവിധ രൂപങ്ങളാണ്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഇരയാകുകയാണെങ്കില്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ ww.cybercrime.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.