Connect with us

ukrain- russia issue

'റഷ്യ നാളെ ഉക്രൈനെ ആക്രമിക്കും'; മുന്നറിയിപ്പ് പ്രസിഡന്റിന്റേത്

ഉക്രൈനില്‍ നാളെ അവധി: ആശങ്കയോടെ ലോകം

Published

|

Last Updated

കിയെവ് | റഷ്യ നാളെ ആക്രമിച്ചേക്കുമെന്ന് ഉക്രൈന്‍ ജനതക്ക് പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയുടെ മുന്നറിയിപ്പ്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഉക്രൈന്‍ പ്രസിഡന്റ് ലോകത്ത് മുഴുവന്‍ ആശങ്ക സൃഷ്ടിക്കുന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെ (ബുധനാഴ്ച) ഉക്രൈനില്‍ അവധി ദിനമായി പ്രഖ്യാപിച്ചു. നാളെ ഞങ്ങള്‍ ദേശീയ പതാകകള്‍ ഉയര്‍ത്തുകയും നീലയും മഞ്ഞയും റിബണുകള്‍ അണിയുകയും നമ്മുടെ ഐക്യം ലോകത്തെ കാണിക്കുകയും ചെയ്യും- പ്രസിഡന്റ് പറഞ്ഞു.

അതേസമയം ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റഷ്യ ആക്രമിച്ചേക്കുമെന്ന പ്രഖ്യാപനം നടത്തിയതെന്നത് സംബന്ധിച്ച് കൂടുതലൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എവിടെ നിന്നാണ് പ്രസിഡന്റിന് ഇത്തരം ഒരു വിവരം ലഭിച്ചതെന്ന് അറിയില്ലെന്നാണ് ഉക്രൈന്‍ മാധ്യമങ്ങള്‍ പറയുന്നത്.

ഉക്രൈനെ ആക്രമിക്കാന്‍ റഷ്യ ഒരുങ്ങിക്കഴിഞ്ഞെന്നും വന്‍ തോതില്‍ സൈനിക, ആയുധ ശേഖരം ഇതിനായി അതിര്‍ത്തിയില്‍ തയ്യാറായതായും അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉക്രൈന് പൂര്‍ണ പിന്തുണയറിയിച്ച് അമേരിക്കയും നാറ്റോ സഖ്യ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ഉക്രൈനിലേക്ക് നാറ്റോ സേനയെ എത്തിക്കുമെന്നും ആക്രമിച്ചാല്‍ റഷ്യക്ക് തിരിച്ചടി നല്‍കുമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഉക്രൈനില്‍ റഷ്യയുടെ ഒരു സൈനിക നടപടിയുണ്ടായാല്‍ അതൊരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് എത്തുമോയെന്ന ആശങ്കയും ലോകത്തുണ്ട്.

 

 

Latest