Connect with us

sfi-aisf clash

'എ ഐ എസ് എഫുകാരുടെ കൂടെ വിയര്‍പ്പിന്റെ ഫലമാണ് എം എല്‍ എ സ്ഥാനം'; സച്ചിന്‍ ദേവിനെതിരെ എ ഐ എസ് എഫ്

അക്രമത്തെ മറച്ചു വെയ്ക്കുകയും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ശ്രമിച്ച എ ഐ എസ് എഫുകാരെ അധിക്ഷേപിക്കാനുമാണ് എസ് എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ കെ എം സച്ചിന്‍ ദേവ് മുതിര്‍ന്നതെന്നും കബീര്‍ ആരോപിച്ചു

Published

|

Last Updated

കോട്ടയം | എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ നടത്തിയ അതിക്രൂരമായ ആക്രമണത്തിനു ശേഷം, വ്യാപകമായ നുണ പ്രചാരണമാണ് എസ് എഫ് ഐ നടത്തുന്നതെന്ന് എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കബീര്‍. അക്രമത്തെ മറച്ചു വെയ്ക്കുകയും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ശ്രമിച്ച എ ഐ എസ് എഫുകാരെ അധിക്ഷേപിക്കാനുമാണ് എസ് എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ കെ എം സച്ചിന്‍ ദേവ് മുതിര്‍ന്നതെന്നും കബീര്‍ ആരോപിച്ചു.

വിദ്യാര്‍ത്ഥിനി നേതാക്കള്‍ അടക്കമുള്ള എഐഎസ്എഫ് സഖാക്കളെ ക്രൂരമായി മര്‍ദിച്ചതിനെ ന്യായീകരിക്കാന്‍, വലതു പക്ഷ കൂട്ടുകെട്ട് എന്നൊക്കെയുള്ള യാതോരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതും തീര്‍ത്തും അപലപനീയമാണ്. പുരോഗമന, ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന് വീമ്പിളക്കുന്ന എസ് എഫ് ഐ, എന്തുകൊണ്ടാണ് ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഇത്രമേല്‍ പേടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കൗണ്‍സിലര്‍മാരുടെ എണ്ണം അവകാശവാദം മാത്രമല്ല എന്നത് എ ഐ എസ് എഫ് സെനറ്റ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്. എസ് എഫ് ഐ യുടെ വാദം തീര്‍ത്തും തെറ്റാണെന്ന് ഇതിലൂടെ മനസ്സിലാക്കുവാന്‍ കഴിയും. സൈബര്‍ ഗുണ്ടകളുടെ ഭാഷയില്‍ വലതുപക്ഷ ചേരിയിലേക്ക് എഐഎസ്എഫി നെ ചേര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കനയ്യകുമാറിനെ ഉദ്ധരിച്ച് തന്റെ വാദം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന സച്ചിന്‍ ദേവ് എം എല്‍ എ യുടെ നിലപാട് അടിസ്ഥാന രഹിതമാണ്.

എ പി അബ്ദുള്ളക്കുട്ടിയെന്ന പഴയ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റിനെയും ഋതബ്രത ബാനര്‍ജിയെന്ന മുന്‍ എസ് എഫ് ഐ അഖിലേന്ത്യാ സെക്രട്ടറിയെയും ജെ എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ്മാരും എസ് എഫ് ഐ നേതാക്കളുമായിരുന്ന ഷക്കീല്‍ അഹമ്മദ് ഖാന്‍ (1992-93), ബിട്ടലാല്‍ ബറുവ (1996-97&98), സയ്യിദ് നാസ്സര്‍ ഹുസ്സയിന്‍ (1999-2000) എന്നിവരുടെ വര്‍ത്തമാനകാല രാഷ്ട്രീയം കൂടി പരിശോധിക്കാന്‍ താങ്കള്‍ മറന്നതാണെങ്കില്‍ സമയം കണ്ടെത്തണമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയോട് പി കബീര്‍ ആവശ്യപ്പെട്ടു.

എ ഐ എസ് എഫുകാരുടെ കൂടെ വിയര്‍പ്പിന്റെ ഫലമായി ആണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഇന്ന് എം എല്‍ എ കസേരയില്‍ ഇരിക്കുന്നതെന്ന കാര്യം നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഓര്‍മ്മിപ്പിക്കേണ്ടി വരികയാണ്. അക്രമങ്ങളെ ന്യായീകരിക്കുകയല്ല, മറിച്ചു സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യത്തിന്റെ മഹത്വം ഇനിയെങ്കിലും എസ് എഫ് ഐ ഗുണ്ടകള്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുകയാണ് സച്ചിന്‍ ദേവ് അടക്കമുള്ള നേതൃത്വം ചെയ്യേണ്ടത്. അതിന് തയ്യാറായില്ലെങ്കില്‍ പ്രതിഷേധച്ചൂട് അറിയേണ്ടിവരും എന്നും പി കബീര്‍ വെല്ലുവിളിച്ചു.

Latest