Connect with us

National

'രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ'; രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി | സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് തുടങ്ങി. ഇന്നും നാളെയുമാണ് പണിമുടക്ക്. ‘രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് 48 മണിക്കൂര്‍ പണിമുടക്ക് നടക്കുന്നത്. 22 തൊഴിലാളി സംഘടനകള്‍ അണിനിരക്കുന്ന സമരത്തില്‍ കേരളവും നിശ്ചലമാകും. വാഹനം ഓടില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കും. കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര- സംസ്ഥാന സര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളും ബി എസ് എന്‍ എല്‍, എല്‍ ഐ സി, ബേങ്ക് ജീവനക്കാരുടെ സംഘടനകളും തുറമുഖ തൊഴിലാളികളും പണിമുടക്കും.

സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ട്രെയിന്‍ യാത്ര ഒഴിവാക്കിയും പൊതുജനം പണിമുടക്കിനോട് സഹകരിക്കണമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അഭ്യര്‍ഥിച്ചിട്ടുണ്ട്. പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവത്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഉയര്‍ത്തുക, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച ശേഷം സംയുക്ത കിസാന്‍ മോര്‍ച്ച സമര്‍പ്പിച്ച അവകാശപത്രിക അംഗീകരിക്കുക, സമ്പന്നര്‍ക്കുമേല്‍ സ്വത്ത് നികുതി ചുമത്തുക, പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള കേന്ദ്ര എക്സൈസ് നികുതി വെട്ടിക്കുറക്കുക, വിലക്കയറ്റം തടയുക, ദേശീയ പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.

സംയുക്ത ഐക്യവേദി ഒരു ദശകമായി ഉന്നയിക്കുന്ന ആവശ്യങ്ങളും തൊഴിലാളികള്‍ ഉയര്‍ത്തുന്നുണ്ട്. മിനിമം കൂലി അനുവദിക്കുക, സാമൂഹിക സുരക്ഷ സാര്‍വത്രികമാക്കുക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മിനിമം പെന്‍ഷന്‍ വര്‍ധിപ്പിക്കുക തുടങ്ങിയവയും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

 

Latest