Connect with us

Kerala

'വിഭാഗീയത അവസാനിച്ചു; ചിലയിടങ്ങളില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു': സിപിഎം കരട് റിപ്പോര്‍ട്ട്

ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ സംഘടനാ പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്ന് കരട് റിപ്പോർട്ടിൽ പരാമർശം

Published

|

Last Updated

തിരുവനന്തപുരം | പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചുവെങ്കിലും ചിലയിടങ്ങളില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ കരടില്‍ പരാമര്‍ശം. ചില സ്ഥലങ്ങളില്‍ സംഘടനാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രണ്ട് ദിവസമായി ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് കോടിയേരി കരട് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. റിപ്പോര്‍ട്ടിന് യോഗം അംഗീകാരം നല്‍കി. റിപ്പോര്‍ട്ട് ഇനി നാളെയും മറ്റന്നാളുമായി ചേരുന്ന സംസ്ഥാന സമിതയില്‍ വെക്കും. ചർച്ചയ്ക്ക് ശേഷം സമിതി റിപ്പോർട്ടിന് അന്തിമ രൂപം നൽകും.

രണ്ട് ഭാഗങ്ങളുള്ള റിപ്പോർട്ടിൽ സർക്കാറിന്റെ ഭാവി പ്രവർത്തനത്തിനുള്ള രേഖയും ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തയ്യാറാക്കിയ രേഖ പുതുക്കിയാണ് റിപ്പോർട്ടിൽ ചേർത്തത്.

സിപിഐ എം 23ാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സംസ്ഥാന സമ്മേളനം മാര്‍ച്ച് 1 മുതല്‍ 4 വരെ എറണാകുളത്താണ് ചേരുന്നത്.

Latest