Connect with us

യാത്രാനുഭവം

'ശഹീദ്‌ലാർ ഹൊതിരാസി'

ഞങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ സമീപത്തായി ലോകത്തെ ഏറ്റവും നീളം കൂടിയ നിർമിതികളിലൊന്നായ താഷ്‌കെന്റ് ടി വി ടവർ പ്രകാശിച്ചു നിൽക്കുന്നുണ്ട്. പക്ഷേ, ആ കാഴ്ചയോ അത്ഭുതം കൂറലോ അതിന്റെ വിശേഷം ആരായലോ നമ്മൾ ആരിൽനിന്നുമുണ്ടായില്ല. ഈ സ്ഥലത്ത് ഇത്തരം സ്മാരക നിർമിതികൾ വന്നത് ആകസ്മികമല്ല. ടി വി ടവറിന്റെ നിർമാണ പ്രവർത്തനം ആരംഭിക്കുമ്പോൾ നടത്തിയ ഖനന പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ചത് അതുവരെ ചുരുളഴിയാത്ത ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

Published

|

Last Updated

ഹിലാൽ പബ്ലിക്കേഷൻ സന്ദർശിച്ചതോടെ ആ ദിവസത്തെ ഞങ്ങളുടെ യാത്രാ ഷെഡ്യൂൾ അവസാനിച്ചിട്ടുണ്ട്. സന്ധ്യ മയങ്ങും മുന്നേ ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങിയെത്തി. പ്രത്യേകിച്ച് ഇന്നിനി ഒന്നും ചെയ്യാനില്ല. നാളെ അതിരാവിലെ ഉസ്‌ബെക്കിസ്ഥാന്റെ അയൽരാജ്യമായ അഫ്ഗാനിസ്ഥാനോട് ചേർന്ന തിർമിദ് ഗ്രാമത്തിലേക്ക് പോകാനുള്ളതാണ്. ദൈർഘ്യമേറിയ യാത്രയാണ്. വിശ്രമത്തിനായി എല്ലാവരും റൂമിലേക്ക് നീങ്ങി. അൽപ്പം കഴിഞ്ഞതോടെ സഹയാത്രികരിൽ പലർക്കും റൂമിൽ ഇരിക്കപ്പൊറുതി ലഭിക്കുന്നില്ല. ഉറങ്ങാൻ മണിക്കൂറുകളോളം ബാക്കി കിടപ്പുണ്ട്. എവിടെയെങ്കിലും പോകണം. വിട്ടുപോയ കാഴ്ചകളിലേക്ക് മടങ്ങാമെന്ന തീരുമാനത്തിലെത്തി. ഞങ്ങൾ കുറച്ചാളുകൾ സുഹൃത്ത് മുസഫറിനെയും അബ്ദുൽ അഅ്സമിനെയും സഖിയേവിനെയും ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അവരോടൊപ്പം താഷ്‌കെന്റ്നഗരത്തിന്റെ രാത്രിക്കാഴ്ചകളിലേക്കിറങ്ങി.

ലുലു മാളുകളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള “സമർഖന്ദ് ദർവാസാ’ എന്ന് പേരുള്ള ഒരു വലിയ മാളിലേക്കാണ് അവർ നമ്മെ കൂട്ടിക്കൊണ്ടുപോയത്. ഷോപ്പിംഗാണ് നമ്മുടെ ഉദ്ദേശ്യം എന്ന് കരുതിയാകാം സുഹൃത്തുക്കൾ ഞങ്ങളെ അങ്ങോട്ടേക്ക് നയിച്ചത്. യഥാർഥത്തിൽ ഒരു യാത്രികന് ഷോപ്പിംഗ് മാളുകൾ എല്ലായിടത്തും ഒരു അനുഭവം തന്നെയാണ് സമ്മാനിക്കുക. കിഴക്കിലെയും പടിഞ്ഞാറിലെയും എത്ര ചെറിയ, വലിയ മാളുകളും ഒരേ വികാരമാകും നൽകുക. അതിലൊരു പുതുമയോ വ്യത്യാസമോ ലഭിക്കില്ല. അതേസമയം പൈതൃകമായി ഉണ്ടാക്കപ്പെട്ട നിർമിതികളിൽ അല്ലെങ്കിൽ ചരിത്രത്തോട് കൂട്ടുപിടിച്ചു നിർമിക്കപ്പെട്ടവയിൽ ഒരു പ്രത്യേകതയും അനുഭവവും ലഭിക്കും. ഷോപ്പിംഗ് മാളിൽ താത്പര്യമില്ലെന്ന് മനസ്സിലാക്കിയ അവർ നമ്മെയും കൂട്ടി താഷ്‌കെന്റ് നഗരത്തിലെ മറ്റു ചിലയിടങ്ങളിലേക്കിറങ്ങി.

“അമീർ തെമുർ അവെന്യൂ’ എന്ന രാജകീയ പാതയിലൂടെയാണ് യാത്ര. നഗരം വീടുകളിലേക്ക് മടങ്ങുന്ന നേരമായിട്ടുണ്ട്. അൽപ്പ നേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ ഒരു വാഹന പാർക്കിംഗ് ഏരിയയിൽ എത്തിച്ചേർന്നു. അവിടുന്ന് ശാന്തമായി ഒഴുകുന്ന ഒരു നദിക്കരികിലൂടെ നടത്തം ആരംഭിച്ചു. താഷ്‌കെന്റ്നഗരത്തിന്റെ തണുപ്പും ഒപ്പമൊരു കുളിർകാറ്റും ഞങ്ങൾക്ക് മേൽ പതിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. അതിനിടയിൽ അബ്ദുൽ അഅസം കഥ പറഞ്ഞു തുടങ്ങി. സോവിയറ്റ് ഭരണകൂട ഭീകര പ്രവർത്തനങ്ങൾ കൊണ്ട് കൊല ചെയ്യപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുടെ ഓർമക്കായി നിർമിച്ച സ്മാരകത്തിന്റെ അരികിലാണ് നാം എത്തിച്ചേർന്നിട്ടുള്ളത്. ലോകം കണ്ട ഏറ്റവും കിരാതമായ അക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും നേതൃത്വം കൊടുത്തവരായിരുന്നു ഒരു കാലത്തെ റഷ്യൻ ഭരണകൂടം. ജനങ്ങളുടെ വായ മൂടിക്കെട്ടി സ്വേച്ഛാധിപതികളായി നടത്തിയ ഭരണത്തിൽ സെൻട്രൽ ഏഷ്യയിൽ നിന്ന് മാത്രമായി മില്യൺ കണക്കിന് ആളുകൾക്കാണ് ജീവിതം നഷ്ടപ്പെട്ടത്. ആളുകളെ വെടിവെച്ചും അവയവങ്ങൾ ഛേദിച്ചും പീഡിപ്പിച്ചും ആയിരക്കണക്കിന് കബന്ധങ്ങൾ കുഴിച്ചുമൂടാനും സംസ്‌കരിക്കാനും ഇടമില്ലാതിരുന്നപ്പോൾ സമീപത്തുള്ള ജലാശയങ്ങളിൽ ഒഴുക്കിവിട്ടത് മൂലം മാത്രം വെള്ളത്തിന് ചുകപ്പ് നിറം വരെ ആയി മാറിയിട്ടുണ്ടത്രേ! പ്രത്യേകിച്ച് മുസ്്ലിം ജനസംഖ്യ കൂടിയിട്ടുള്ള ദാഗിസ്താൻ, ചെചെൻ പോലുള്ള പ്രദേശങ്ങളിൽ.

ഒരു നാടിന്റെ വേദനാജനകമായ ഇന്നലെകളിലൂടെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു ഞങ്ങളുടെ കൂട്ടുകാർ. അഅസം പറഞ്ഞു നിർത്തിയില്ല. മതം പുൽകിയവരെ തിരഞ്ഞുപിടിച്ചു കൂട്ടക്കൊല ചെയ്ത റഷ്യൻ നാസ്തികരുടെ വേറെയും കഥകൾ അദ്ദേഹത്തിൽ നിന്നും വിതുമ്പലോടെയല്ലാതെ ശ്രവിക്കാൻ കഴിഞ്ഞില്ല. ഇസ്‌ലാമിനെയും മുസ്്ലിമിനെയും ഉന്മൂലനം ചെയ്യുകയെന്നതും സോവിയറ്റ് യൂനിയൻ ഭരണത്തിന്റെ അജൻഡയിലുള്ളതായിരുന്നു. മുസ്്ലിംപണ്ഡിതന്മാരെയും അവരുടെ പർണശാലകളും മസ്ജിദുകളും തച്ചുതകർക്കുകയും അടച്ചുപൂട്ടുകയും വാഹനങ്ങളിലും മറ്റു വണ്ടികളിലും വലിച്ചുകെട്ടി പീഡിപ്പിക്കുന്നതും അക്കാലത്തെ സ്ഥിരക്കാഴ്ചയായിരുന്നു. “ശഹീദ്‌ലാർ ഹൊതിരാസി’ (വീര ചരമം പ്രാപിച്ചവർക്കുള്ള ഓർമ) എന്നാണ് ഈ പ്രദേശത്തിന്റെ പേര്. ഞങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ സമീപത്തായി ലോകത്തെ ഏറ്റവും നീളം കൂടിയ നിർമിതികളിലൊന്നായ താഷ്‌കെന്റ് ടി വി ടവർ പ്രകാശിച്ചു നിൽക്കുന്നുണ്ട്. പക്ഷേ, ആ കാഴ്ചയോ അത്ഭുതം കൂറലോ അതിന്റെ വിശേഷം ആരായലോ നമ്മൾ ആരിൽനിന്നുമുണ്ടായില്ല. ഈ സ്ഥലത്ത് ഇത്തരം സ്മാരക നിർമിതികൾ വന്നത് ആകസ്മികമല്ല. ടി വി ടവറിന്റെ നിർമാണ പ്രവർത്തനം ആരംഭിക്കുമ്പോൾ നടത്തിയ ഖനന പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ചത് അതുവരെ ചുരുളഴിയാത്ത ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആളുകളെ കൊന്നൊടുക്കി ഒന്നൊന്നായി മറവ് ചെയ്യൽ ബുദ്ധിമുട്ടായപ്പോൾ വലിയൊരു കുഴി കുത്തി അതിലേക്ക് ആയിരക്കണക്കിന് ജീവനുകളെ ഒന്നിച്ചു സംസ്‌കരിക്കുകയാണുണ്ടായത്. അതുകൊണ്ട് കൂടിയാണ് ഇവിടെ സ്മാരകങ്ങളും ഓർമകളും തങ്ങിനിൽക്കുന്നതത്രെ. നിന്ന നിൽപ്പിൽ ഞങ്ങളെ പതിറ്റാണ്ടുകൾ പിന്നിലേക്ക് അഅ്സം കൂട്ടിപ്പോയപ്പോൾ യാത്ര ചെയ്തു വന്ന ഒരു നാടിന്റെയും ജനതയുടെയും വീരേതിഹാസം ഞങ്ങൾക്ക് തെല്ലൊന്നുമല്ല ഊർജം നൽകിയത്. പക്ഷേ, കഥകൾ പൂർത്തിയാക്കും മുന്പേ ആ ഓർമകൾ അഅ്സമിനെ വൈകാരികമായി തളർത്തിയിരുന്നു. അദ്ദേഹം പതുക്കെ നമ്മെ വിട്ടു ആ തെരുവിലേക്ക് തനിച്ചുനടന്നു.

Latest