Connect with us

KIIFB

'അപ്പോൾ കിഫ്ബി എങ്ങനെയാണ് നമ്മെ കടക്കെണിയിലാക്കുക?'

'നല്ല റോഡും പാലവും വ്യവസായപാർക്കും ട്രാൻസ്മിഷൻ ലൈനും സ്കൂളും ആശുപത്രിയും വേണ്ട. ഉള്ള പണംവച്ച് തട്ടിയുംമുട്ടിയും പോയാൽ മതിയെന്നാണോ?'

Published

|

Last Updated

കിഫ്ബി, കെ റെയിൽ സംബന്ധിച്ച സാമ്പത്തിക പണ്ഡിതൻ കെ ടി റാം മോഹന് മറുപടിയുമായി സി പി എം നേതാവും മുൻമന്ത്രിയുമായ ഡോ.തോമസ് ഐസക്. കിഫ്ബി നിയോലിബറൽ പദ്ധതിയാണെന്നും കേരളത്തെ കടക്കെണിയിലാക്കുമെന്നുമുള്ള വിമർശനങ്ങൾക്കാണ് അദ്ദേഹം മറുപടി നൽകിയത്. വരുമാനത്തിന്റെ സിംഹപങ്കും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി ചെലവഴിക്കുമ്പോൾ പശ്ചാത്തലസൗകര്യ നിർമ്മാണത്തിനു പണമുണ്ടാവില്ല. അങ്ങനെ നമ്മൾ പശ്ചാത്തലസൗകര്യങ്ങളിൽ പിന്നോക്കം നിൽക്കുന്നത് ആധുനിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക വളർച്ചയ്ക്ക് ഒരു മുഖ്യതടസ്സമായി മാറിയിരിക്കുന്നു. കാരണം വരുമാനത്തിന്റെ 3 ശതമാനത്തിനപ്പുറം മൂലധനച്ചെലവിനാണെങ്കിൽപ്പോലും സംസ്ഥാന സർക്കാർ വായ്പയെടുക്കാൻ പാടില്ലായെന്ന നിയോലിബറൽ ധനഉത്തരവാദിത്വ നിയമം ഇന്ത്യാ സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഈ നിയോലിബറൽ നിയമത്തിന് മറികടക്കാൻ ഒറ്റമാർഗ്ഗമേ ഇന്നുള്ളൂ. അതാണ് കിഫ്ബി വഴി ചെയ്യുന്നത്. അതിനു കെ.ടി. റാം മോഹൻ എതിരാണ്.

എന്തു കടക്കെണിയെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്. 3 ശതമാനത്തിന് അപ്പുറം വായ്പയെടുക്കാൻ അനുവാദമില്ലാത്ത സർക്കാർ എങ്ങനെ കടക്കെണിയിലാകും? അല്ലെങ്കിൽ കോവിഡ് കാലത്തെന്നപോലെ വലിയ സാമ്പത്തികതകർച്ച തുടർച്ചയായി ഉണ്ടാവണം. റാം മോഹന്റെ ബദൽ മാർഗ്ഗം എന്താണ്? നല്ല റോഡും പാലവും വ്യവസായപാർക്കും ട്രാൻസ്മിഷൻ ലൈനും സ്കൂളും ആശുപത്രിയും വേണ്ട. ഉള്ള പണംവച്ച് തട്ടിയുംമുട്ടിയും പോയാൽ മതിയെന്നാണോ? അതോ, നിയോലിബറലുകൾ പറയുന്നതുപോലെ ഇതൊന്നും സർക്കാർ ചെയ്യണ്ട. സ്വകാര്യ മുതലാളിമാരെ ഏൽപ്പിച്ചാൽ മതിയെന്നതാണോ നിലപാട്? പാർലമെന്റ് നിയമംമൂലം NHAI ഉണ്ടാക്കി. അതുപോലെ സംസ്ഥാന നിയമസഭ നിയമംമൂലം KIIFB ഉണ്ടാക്കി. രണ്ടും ഒരുപോലെ കോർപ്പറേറ്റ് ബോഡികൾ. പക്ഷെ, റാം മോഹൻ സമ്മതിച്ചുതരില്ല. പാർലമെന്റ് ഉണ്ടാക്കിയ കോർപ്പറേറ്റ് ബോഡിയുടെ തീണ്ടൽപ്പാടിന് അപ്പുറമേ സംസ്ഥാനം ഉണ്ടാക്കിയ കോർപ്പറേറ്റ് ബോഡി നിൽക്കാൻ പാടുള്ളുപോലും. ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ:

കേരളം: സാധ്യമായ മറ്റൊരു ലോകം (Kerala: Another Possible World) എന്ന എന്റെ ഗ്രന്ഥത്തെക്കുറിച്ച് എഴുതിയ കുറിപ്പിനോട് സമ്മിശ്രപ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. ജെ.എസ്. അടൂർ മുതൽ കെ.ടി റാം മോഹൻ വരെയുള്ള ചിലർ കേരള സർക്കാർ മാത്രമല്ല നിയോലിബറലാണെന്നു കഠിന വാക്കുകളിൽ ആക്ഷേപിച്ചിരിക്കുകയാണ്. കോൺഗ്രസുകാരനായ ജെ.എസ്. അടൂരിനെ വിടുക. അദ്ദേഹത്തെപ്പോലുള്ളവർ നിയോലിബറൽ എന്നൊക്കെ വിളിക്കുമ്പോൾ മറുപടി അർഹിക്കുന്നില്ല. എന്നാൽ കെ.ടി. റാം മോഹൻ ആ ഗണത്തിൽപ്പെടില്ലല്ലോ. ഞാൻ അറിഞ്ഞകാലം മുതൽ തീവ്രമായ ഇടതുപക്ഷ നിലപാടെടുത്തുവന്ന വിദ്യാർത്ഥിയും പണ്ഡിതനുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രതികരണം ഇതാണ്:

“Finally, there is one point that I entirely agree with you, Isaac. K-Rail is not a standalone project. It is integral to the KIIFB and the larger infrastructural and development policy of the government. The difference is that you hail it as neo-Keynesian while I view it as part and parcel of neo-liberalism.”
അതെ. കെ-റെയിൽ ഒറ്റപ്പെട്ട ഒരു നടപടിയല്ല. കേരളത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ-ആരോഗ്യാദി കാര്യങ്ങളിലും ക്ഷേമത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടൊരു ജീവിതം നൽകാൻ കഴിഞ്ഞൂവെന്നകാര്യത്തിൽ തർക്കമുണ്ടാവില്ലല്ലോ. പുനർവിതരണ തന്ത്രത്തിന്റെ നേട്ടങ്ങളാണ് – ഉയർന്ന കൂലി, ഭൂപരിഷ്കരണം, പൊതു വിദ്യാഭ്യാസ-ആരോഗ്യാദി സംവിധാനങ്ങൾ. ഇവയിൽ ആദ്യത്തെ രണ്ടെണ്ണം ഇടതുപക്ഷത്തിന്റെ സംഭാവനകളാണെന്നതിൽ തർക്കമുണ്ടാവില്ലല്ലോ. മൂന്നാമത്തേതിലും സുപ്രധാന സംഭാവന നൽകിയിട്ടുണ്ട്.
എന്നാൽ വരുമാനത്തിന്റെ സിംഹപങ്കും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി ചെലവഴിക്കുമ്പോൾ പശ്ചാത്തലസൗകര്യ നിർമ്മാണത്തിനു പണമുണ്ടാവില്ല. അങ്ങനെ നമ്മൾ പശ്ചാത്തലസൗകര്യങ്ങളിൽ പിന്നോക്കം നിൽക്കുന്നത് ആധുനിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക വളർച്ചയ്ക്ക് ഒരു മുഖ്യതടസ്സമായി മാറിയിരിക്കുന്നു. കാരണം വരുമാനത്തിന്റെ 3 ശതമാനത്തിനപ്പുറം മൂലധനച്ചെലവിനാണെങ്കിൽപ്പോലും സംസ്ഥാന സർക്കാർ വായ്പയെടുക്കാൻ പാടില്ലായെന്ന നിയോലിബറൽ ധനഉത്തരവാദിത്വ നിയമം ഇന്ത്യാ സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഈ നിയോലിബറൽ നിയമത്തിന് മറികടക്കാൻ ഒറ്റമാർഗ്ഗമേ ഇന്നുള്ളൂ. അതാണ് കിഫ്ബി വഴി ചെയ്യുന്നത്. അതിനു കെ.ടി. റാം മോഹൻ എതിരാണ്.
എന്തു കടക്കെണിയെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്. 3 ശതമാനത്തിന് അപ്പുറം വായ്പയെടുക്കാൻ അനുവാദമില്ലാത്ത സർക്കാർ എങ്ങനെ കടക്കെണിയിലാകും? അല്ലെങ്കിൽ കോവിഡ് കാലത്തെന്നപോലെ വലിയ സാമ്പത്തികതകർച്ച തുടർച്ചയായി ഉണ്ടാവണം. അതെ, ഡോമർ പറഞ്ഞതു തന്നെയാണ് എന്റെ നിലപാട്.
കിഫ്ബിക്ക് കേരള നിയമസഭ പാസ്സാക്കിയ നിയമപ്രകാരം വാർഷിക ഗ്രാന്റ് നൽകിയേതീരൂ. ഈ ആന്വിറ്റിക്കുള്ളിൽ തിരിച്ചടയ്ക്കാൻപറ്റുന്നതിനപ്പുറം പ്രൊജക്ടുകളോ വായ്പകളോ കിഫ്ബി എടുക്കില്ല. അതിനുള്ള സംവിധാനങ്ങളുണ്ട്. അപ്പോൾ കിഫ്ബി എങ്ങനെയാണ് നമ്മെ കടക്കെണിയിലാക്കുക?
റാം മോഹന്റെ ബദൽ മാർഗ്ഗം എന്താണ്? നല്ല റോഡും പാലവും വ്യവസായപാർക്കും ട്രാൻസ്മിഷൻ ലൈനും സ്കൂളും ആശുപത്രിയും വേണ്ട. ഉള്ള പണംവച്ച് തട്ടിയുംമുട്ടിയും പോയാൽ മതിയെന്നാണോ? അതോ, നിയോലിബറലുകൾ പറയുന്നതുപോലെ ഇതൊന്നും സർക്കാർ ചെയ്യണ്ട. സ്വകാര്യ മുതലാളിമാരെ ഏൽപ്പിച്ചാൽ മതിയെന്നതാണോ നിലപാട്?
നിങ്ങൾ എഴുതിയിട്ടുള്ള ഇതുസംബന്ധിച്ച ലേഖനങ്ങൾ വായിച്ചിട്ട് എനിക്ക് നിങ്ങളുടെ നിലപാട് മനസിലായിട്ടില്ല. യഥാർത്ഥ പ്രശ്നം എന്താണെന്നോ? നിങ്ങൾ ഇന്നത്തെ ലോകയാഥാർത്ഥ്യത്തോട് എൻഗേജ് ചെയ്യാൻ തയ്യാറല്ല. നിങ്ങളെന്ന വ്യക്തിക്ക് അതാവാം. എന്നാൽ കേരള സർക്കാരിനു കഴിയില്ല. നിയോലിബറലിസത്തിനു മുമ്പ് നിലനിന്നിരുന്ന ജന്മി-ബൂർഷ്വാ ചട്ടക്കൂടിനുള്ളിൽ തന്നെയാണ് 1957 മുതലുള്ള ഇടതുപക്ഷ സർക്കാരുകൾ പ്രവർത്തിച്ചിട്ടുള്ളത്. ഫെഡറൽ സംവിധാനത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ജനങ്ങൾക്കു സമാശ്വാസം നൽകുന്നതിനും ബദൽ നയങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള പരിശ്രമത്തിന് ഉണ്ടായ വിജയമാണ് കേരളത്തിലെ ജനങ്ങൾക്ക് ഇന്നു ലഭിക്കുന്ന മെച്ചപ്പെട്ട ജീവിതത്തിന്റെ ഒരു സുപ്രധാന കാരണം.
കേരള സർക്കാർ നിയോലിബറലാണല്ലോ. നിങ്ങളുടെ മാനദണ്ഡപ്രകാരം നിയോലിബറൽ അല്ലാത്ത ഏതെങ്കിലും ഒരു സർക്കാർ ഇന്നു ലോകത്തുണ്ടോ? ലാറ്റിനമേരിക്കയിൽ? അല്ലെങ്കിൽ മറ്റെവിടെയെങ്കിലും? എല്ലാവരെയും നിയോലിബറലായി വ്യാഖ്യാനിച്ചു നിങ്ങൾ എവിടെ എത്തിച്ചേരുന്നുവെന്ന് ആലോചിച്ചു നോക്കുക. കിഫ്ബിയെക്കുറിച്ച് ഞാൻ എഴുതിയതിനെക്കുറിച്ചുള്ള നിങ്ങളുടെ പ്രതികരണം ഉദ്ധരിക്കട്ടെ:
“Off-budget borrowing, whether resorted to by the centre or by the state, goes against the fundamental principle of public finance which emphasises accountability to the people through the legislature. Further, off-budget borrowing goes against the constitutional requirement that the consolidated fund shall reflect all expenditure and revenue of the government. Further, your comparison of the NHAI and the KIIFB is misplaced. As the latter is formed under an Act of the state legislature, it is not a body corporate as defined in the Masala Bond regulations of the RBI, and is not legally empowered to raise loans abroad.”
എന്തിന് സിഎജിയുടെ കള്ള വ്യാഖ്യാനം പിന്തുടർന്ന് കിഫ്ബി വായ്പ ഓഫ് ബജറ്റാണെന്ന് വാദിക്കുന്നു? ഓഫ് ബജറ്റ് ആവണമെങ്കിൽ (1) ആ ഇനത്തിലെ ചെലവ് ബജറ്റ് അക്കൗണ്ടിൽ ഉൾക്കൊള്ളിച്ചിരിക്കണം. (2) അതിനു ബജറ്റിൽ വരുമാനം ഇല്ലാത്തതുകൊണ്ട് പുറത്തുള്ള ഏതെങ്കിലും ഏജൻസിയെക്കൊണ്ട് വായ്പയെടുത്ത് ചെലവ് നടത്തുന്നു. എന്നാൽ കിഫ്ബി വായ്പ ഇങ്ങനെയല്ല. കിഫ്ബി പ്രൊജക്ടുകളുടെ ഒരു ചെലവും ബജറ്റ് അക്കൗണ്ടിൽ ഇല്ല. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ വരവും ചെലവും ഇല്ലാത്തതുപോലെ. പിന്നെ എങ്ങനെയാണ് കിഫ്ബി വായ്പ ഓഫ് ബജറ്റ് ബോറോയിംഗ് ആവുക? വെറുതെ മനുഷ്യരെ വിരട്ടരുത്.
ഓഫ് ബജറ്റ് ബോറോയിംഗ് അല്ലാത്തതുകൊണ്ട് കെ.ടി. റാം മോഹൻ രണ്ടാമതായി ഉന്നയിക്കുന്ന ധാർമ്മിക പ്രശ്നത്തെ നമുക്ക് തൽക്കാലം അവഗണിക്കാം.
മൂന്നാമത്തേത്, എത്ര സംസ്ഥാനവിരുദ്ധ പിന്തിരിപ്പൻ നിലപാടാണെന്ന് ആലോചിച്ചു നോക്കിയേ? പാർലമെന്റ് നിയമംമൂലം NHAI ഉണ്ടാക്കി. അതുപോലെ സംസ്ഥാന നിയമസഭ നിയമംമൂലം KIIFB ഉണ്ടാക്കി. രണ്ടും ഒരുപോലെ കോർപ്പറേറ്റ് ബോഡികൾ. പക്ഷെ, റാം മോഹൻ സമ്മതിച്ചുതരില്ല. പാർലമെന്റ് ഉണ്ടാക്കിയ കോർപ്പറേറ്റ് ബോഡിയുടെ തീണ്ടൽപ്പാടിന് അപ്പുറമേ സംസ്ഥാനം ഉണ്ടാക്കിയ കോർപ്പറേറ്റ് ബോഡി നിൽക്കാൻ പാടുള്ളുപോലും. നിങ്ങൾ ഇതു തമാശയ്ക്കു പറയുന്നതല്ല എന്നതാണു സങ്കടകരം. ആർബിഐ പോലും അനുവദിച്ചുതന്ന അധികാരം (ഇന്നും കിഫ്ബി വായ്പ എടുത്തതിനെ ആർബിഐ ചോദ്യം ചെയ്തിട്ടില്ല) സംസ്ഥാനത്തിന് ഇല്ലെന്നാണ് വാദം. സംസ്ഥാനം കടക്കെണിയിലേക്ക് പോകുന്നതുകൊണ്ട് ഇന്നുള്ള വായ്പാ പരിധി വെട്ടിച്ചുരുക്കാനുള്ള കേന്ദ്ര നീക്കത്തെയും ഒരുപക്ഷെ റാം മോഹൻ പിന്താങ്ങിയേക്കാം.

താങ്കൾ എവിടെ എത്തിച്ചേരുന്നുവെന്ന് നോക്കൂ. നിയോലിബറലിസത്തിനെതിരായി വിപ്ലവനാട്യങ്ങളൊക്കെ മാറ്റിവച്ച് സംസ്ഥാനത്തിന്റെ അധികാരംപോലും കവരാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിലേക്ക് എത്തിച്ചേരുന്നു.