srilankan crisis and kerala
'ശ്രീലങ്കൻ പ്രതിസന്ധി: ഇന്ത്യയും നിയോലിബറലിസത്തിന്റെ പുലിപ്പുറത്താണ്'
കാരണം ഇന്ത്യയെന്ന പരമാധികാര രാജ്യത്തിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചുണ്ടാക്കാട്ടി കേരളത്തിലെ വായ്പാനയത്തിന്റെ മേൽ കുതിര കയറുന്നതിന് അർഥമില്ലെന്ന് മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്. കാരണം ഇന്ത്യയെന്ന പരമാധികാര രാജ്യത്തിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം. ഒരു സംസ്ഥാനത്തിനു മാത്രമായി വിദേശനാണയ പ്രതിസന്ധി ഉണ്ടാവില്ല. വിദേശനാണയ സംബന്ധിയായ എല്ലാ കാര്യങ്ങളും കേന്ദ്ര സർക്കാറിന്റെ അധികാര പരിധിയിലാണ്. കേരള സർക്കാറോ, സർക്കാറിനു പങ്കുള്ള ഏതെങ്കിലും സ്ഥാപനമോ വിദേശത്തുനിന്നും ധനസഹായമോ വായ്പയോ എടുക്കുന്നുണ്ടെങ്കിൽ അതു കേന്ദ്ര സർക്കാർ അല്ലെങ്കിൽ റിസർവ് ബേങ്കിന്റെ തീരുമാനത്തിനു വിധേയമായിട്ടാണ്. നമ്മൾ സ്വമേധയാ വിദേശവായ്പ വേണ്ടെന്നുവച്ചതുകൊണ്ട് രാജ്യത്തിനു മൊത്തത്തിൽ വിദേശബാധ്യത കുറയാൻ പോകുന്നില്ല. നമ്മൾ എടുക്കാത്ത വായ്പ മറ്റൊരു സംസ്ഥാനത്തിനു കൊടുക്കും. ശ്രീലങ്കയിൽ നടന്നത് ഇന്ത്യാ രാജ്യത്തും നടക്കാം. ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് സ്ഥിരമായി കമ്മിയിലാണ്. ശ്രീലങ്കയിലെപ്പോലെ ഏതെങ്കിലും കാരണവശാൽ നമ്മളോട് അപ്രീതിതോന്നി വിദേശമൂലധനം പിൻവലിയാൻ തീരുമാനിച്ചാൽ കാറ്റുപോയ ബലൂൺ പോലെ വിദേശനാണയശേഖരം അപ്രത്യക്ഷമാകാൻ അധികനാൾ വേണ്ടിവരില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
എന്താണ് ശ്രീലങ്കൻ പ്രതിസന്ധി?
എന്താണ് ശ്രീലങ്കൻ പ്രതിസന്ധി?
അടിസ്ഥാനപരമായി അത് വിദേശനാണയ പ്രതിസന്ധിയാണ്. 1991-ൽ ഇന്ത്യ നേരിട്ടതുപോലെ ഇറക്കുമതിക്കോ വാങ്ങിയ കടം തിരിച്ചടവിനോ ഉള്ള വിദേശനാണയ ശേഖരം ശ്രീലങ്കയുടെ കൈയിൽ ഇല്ലാതായി. അന്നു നമ്മുടെ കൃഷിയും വ്യവസായവും ബാങ്കുകളുമൊന്നും പ്രതിസന്ധിയിൽ ആയിരുന്നില്ല. അതുകൊണ്ട് സമൂലമായ തകർച്ചയെ നേരിട്ടില്ല. എന്നാൽ തെറ്റായ നയങ്ങൾമൂലം ശ്രീലങ്കയ്ക്ക് ഈ ആനുകൂല്യം ഇല്ല. തന്മൂലം അവരുടെ പ്രതിസന്ധി എല്ലാ സാമാന്യസീമകളെയും കവച്ചുവയ്ക്കുന്നു.
എങ്ങനെയാണു വിദേശനാണയ പ്രതിസന്ധി ഉണ്ടാവുക?
സർക്കാരുകൾക്ക് അവരുടെ നാണയം അല്ലാതെ വിദേശനാണയം അച്ചടിക്കാനുള്ള അവകാശമില്ല. വിദേശനാണയം നേടണം. ചരക്കുകളോ സേവനങ്ങളോ കയറ്റുമതി ചെയ്യുമ്പോൾ രാജ്യത്തിനു വിദേശനാണയം കിട്ടും. ഇറക്കുമതി ചെയ്യുമ്പോൾ വിദേശനാണയം ചെലവാകും. 2012-നും 2020-നും ഇടയ്ക്ക് ശ്രീലങ്കയുടെ വിദേശവ്യാപാരം ഓരോ വർഷവും ശരാശരി 6 ബില്യൺ ഡോളർ കമ്മിയായിരുന്നു.
പലിശ, ലാഭവിഹിതം, റോയൽറ്റി തുടങ്ങിയവയ്ക്കായി ചെലവഴിക്കുന്ന പണം വിദേശനാണയ ലഭ്യതയെ കുറയ്ക്കും. ഈ പറഞ്ഞ ഇനത്തിൽ ശ്രീലങ്കയ്ക്ക് 2012-നും 2020-നും ഇടയ്ക്ക് 2 ബില്യൺ ഡോളർ കമ്മിയായിരുന്നു. വിദേശത്തുള്ള ആളുകൾ അയക്കുന്ന പണം വിദേശനാണയ ലഭ്യത വർദ്ധിപ്പിക്കും. ഗൾഫിലും മറ്റും പോയി ജോലി ചെയ്യുന്ന ശ്രീലങ്കക്കാർ അയക്കുന്ന പണമെടുത്താൽ ശ്രീലങ്കയ്ക്ക് ഇതേകാലയളവിൽ 6 ബില്യൺ ഡോളർ വരുമാനമായി ലഭിച്ചു.
വിദേശവ്യാപാരവും മുൻ ഖണ്ഡികയിൽ പറഞ്ഞ കൈമാറ്റങ്ങളും (transfers) കൂടിച്ചേരുന്ന കണക്കിനെയാണ് കറണ്ട് അക്കൗണ്ട് എന്നുവിളിക്കുന്നത്. കറണ്ട് അക്കൗണ്ട് എന്നാൽ ഭാവിയിൽ വിദേശനാണയ ആസ്തികളോ ബാധ്യതകളോ സൃഷ്ടിക്കാത്ത വിദേശവിനിമയ ഇടപാടുകളാണ്. ശ്രീലങ്കയ്ക്ക് 2012-നും 2020-നും ഇടയ്ക്ക് 2.2 ബില്യൺ ഡോളർ കറണ്ട് അക്കൗണ്ട് കമ്മിയായിരുന്നു.
ഇത്ര ഭീമമായ വിദേശനാണയകമ്മി തുടർച്ചയായി ഉണ്ടായിട്ടും 2013 മുതൽ 2020 വരെയുള്ള കാലയളവിൽ ശ്രീലങ്കയ്ക്ക് എല്ലാവർഷവും ആരംഭത്തിൽ 7.2 ബില്യൺ ഡോളർ വിദേശനാണയ ശേഖരം ഉണ്ടായിരുന്നു. അതുകൊണ്ട് വ്യാപാരകമ്മിയൊന്നും പ്രശ്നമായിരുന്നില്ല. (അടവുശിഷ്ടകമ്മിയും വിദേശനാണയശേഖരവും സംബന്ധിച്ച് കൂടുതൽ പഠിക്കണമെന്നുള്ളവർ എന്റെ “ആഗോളപ്രതിസന്ധിയും ആഗോളവൽക്കരണവും” എന്ന ഗ്രന്ഥത്തിന്റെ ‘അമേരിക്കൻ പ്രതാപവും ഫ്ലോട്ടിംഗ് ഡോളറും’ എന്ന 6-ാം അധ്യായം വായിക്കുക)
എങ്ങനെയാണ് ഇത്ര വലിയ വിദേശനാണയശേഖരം ശ്രീലങ്ക ഉറപ്പാക്കിയത്?
ഇതിനു മുഖ്യമായും രണ്ടു മാർഗ്ഗങ്ങളാണുള്ളത്. ഒന്ന്, വിദേശത്തിനിന്നും ബോണ്ട് ഇറക്കിയോ, വിദേശധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുക്കുകയോ ചെയ്യുക. രണ്ട്, വിദേശമൂലധന നിക്ഷേപത്തെ ആകർഷിക്കുക.
ശ്രീലങ്ക ഓരോ വർഷവും 3.1 ബില്യൺ ഡോളറിന്റെ ബാധ്യതകൾ വിദേശനാണയം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഏറ്റെടുത്തു. ഇതിൽ ഏതാണ്ട് 2 ബില്യൺ ഡോളർ വിദേശനിക്ഷേപമാണ്. അതിന്റെ പകുതി വളരെ ചുരുങ്ങിയ കാലത്തേക്ക് ഓഹരി കമ്പോളത്തിലേക്കും മറ്റും കളിക്കാൻ വന്ന പോർട്ട്ഫോളിയ നിക്ഷേപവുമാണ്. 1.1 ബില്യൺ ഡോളർ പ്രതിവർഷം വായ്പകളുമെടുത്തു.
ഇപ്പോൾ സംഭവിച്ചത് 2020 വരെ നടന്ന തോതിൽ വിദേശമൂലധനം ശ്രീലങ്കയിലേക്കു വരാതായി. എന്നുമാത്രമല്ല, വിദേശമൂലധനം പിൻവാങ്ങുകയാണ്. ഓഹരി കമ്പോളത്തിലെ പോർട്ട്ഫോളിയോ നിക്ഷേപം ഏതാണ്ട് പൂർണ്ണമായി പുറത്തേയ്ക്കൊഴുകി. വായ്പ കിട്ടാനും പറ്റാതായി. ഇതിന്റെ ഫലമായി വിദേശനാണയ ശേഖരം ഏതാനും മാസങ്ങൾകൊണ്ട് അപ്രത്യക്ഷമായി. ശ്രീലങ്ക നിലയില്ലാ കയത്തിലുമായി.
എന്തുകൊണ്ട് വിദേശമൂലധനം പിൻവാങ്ങി?
പല കാരണങ്ങളുണ്ട്. ഒന്നാമത്തേത്, വാറ്റ് നികുതി നിരക്ക് 15 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറച്ചതാണ്. തന്മൂലം കൊവിഡുകൂടി വന്നപ്പോൾ ധനക്കമ്മി 15 ശതമാനത്തിലേറെയായി. രണ്ടാമത്തേത്, ധനക്കമ്മി വർദ്ധിച്ചതും ജൈവകൃഷി നയത്തിന്റെ ഫലമായി കാർഷികോൽപ്പാദനം ഇടിഞ്ഞതും ആഗോള എണ്ണവില കൂടിയതുംമൂലം വിലക്കയറ്റം കുത്തനെ ഉയർന്നു. 2022 മാർച്ച് 1-ാം തീയതി ഉപഭോക്തൃ വില സൂചിക 15 ശതമാനം കടന്നു. ഈ രണ്ട് പ്രവണതകളും വിദേശമൂലധനത്തിനു ചതുർത്ഥിയാണ്. അവർ കൂട്ടത്തോടെ പിൻവാങ്ങി. ശ്രീലങ്ക പ്രതിസന്ധിയിലുമായി.
കേരളവും ശ്രീലങ്കയെപ്പോലെ പ്രതിസന്ധിയിലാകുമോ?
എന്നാൽ ഇതുവച്ച് കേരളത്തിലെ വായ്പാനയത്തിന്റെ മേൽ കുതിര കയറുന്നതിന് അർത്ഥമില്ല. കാരണം ഇന്ത്യയെന്ന പരമാധികാര രാജ്യത്തിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം. ഒരു സംസ്ഥാനത്തിനു മാത്രമായി വിദേശനാണയ പ്രതിസന്ധി ഉണ്ടാവില്ല.
വിദേശനാണയ സംബന്ധിയായ എല്ലാ കാര്യങ്ങളും കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിലാണ്. കേരള സർക്കാരോ, സർക്കാരിനു പങ്കുള്ള ഏതെങ്കിലും സ്ഥാപനമോ വിദേശത്തുനിന്നും ധനസഹായമോ വായ്പയോ എടുക്കുന്നുണ്ടെങ്കിൽ അതു കേന്ദ്രസർക്കാർ അല്ലെങ്കിൽ റിസർവ്വ് ബാങ്കിന്റെ തീരുമാനത്തിനു വിധേയമായിട്ടാണ്. നമ്മൾ സ്വമേധയാ വിദേശവായ്പ വേണ്ടെന്നുവച്ചതുകൊണ്ട് രാജ്യത്തിനു മൊത്തത്തിൽ വിദേശബാധ്യത കുറയാൻ പോകുന്നില്ല. നമ്മൾ എടുക്കാത്ത വായ്പ മറ്റൊരു സംസ്ഥാനത്തിനു കൊടുക്കും.
ഇന്ത്യയിൽ ശ്രീലങ്ക ആവർത്തിക്കാൻ സാധ്യതയുണ്ടോ?
ശ്രീലങ്കയിൽ നടന്നത് ഇന്ത്യാ രാജ്യത്തും നടക്കാം. ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് സ്ഥിരമായി കമ്മിയിലാണ്. ഇന്ത്യയുടെ വിദേശനാണയ ശേഖരം ശ്രീലങ്കയുടെ 10 മടങ്ങുവരും. 60 ബില്യൺ ഡോളറിലേറെ. പക്ഷെ ഈ ശേഖരത്തിന്റെ അടിസ്ഥാനം ഇന്ത്യയിലേക്കുള്ള വിദേശമൂലധനത്തിന്റെ കുത്തൊഴുക്കാണ്. ഇത് വലിയ നേട്ടമായി നിയോലിബറൽ വക്താക്കൾ ഉയർത്തിപ്പിടിക്കാറുമുണ്ട്.
ശ്രീലങ്കയിലെപ്പോലെ ഏതെങ്കിലും കാരണവശാൽ നമ്മളോട് അപ്രീതിതോന്നി വിദേശമൂലധനം പിൻവലിയാൻ തീരുമാനിച്ചാൽ കാറ്റുപോയ ബലൂൺ പോലെ വിദേശനാണയശേഖരം അപ്രത്യക്ഷമാകാൻ അധികനാൾ വേണ്ടിവരില്ല. പ്രത്യേകിച്ച് ശ്രീലങ്കയെയും മറ്റും അപേക്ഷിച്ച് നമ്മുടെ വിദേശമൂലധന നിക്ഷേപത്തിന്റെ സിംഹപങ്കും പോർട്ട്ഫോളിയ നിക്ഷേപമാകുമ്പോൾ.
അതുകൊണ്ട് ഇന്ത്യാ സർക്കാരിന്റെ നയപരിപാടികളുടെ ഏറ്റവും വലിയ ലക്ഷ്യം വിദേശമൂലധനത്തെ പ്രീതിപ്പെടുത്തുക എന്നതായിത്തീർന്നിരിക്കുന്നു. കോവിഡുകാലത്തും ചെലവ് ചുരുക്കാനാണു പരിശ്രമിച്ചത്. ഈ ദുരന്തകാലത്തും കർഷകർക്കും തൊഴിലാളികൾക്കും എതിരായ നയങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കി. ഇന്നിപ്പോൾ ബാങ്കുകളും എൽഐസിയും സ്വകാര്യവൽക്കരിക്കാനുള്ള നടപടി സ്വീകരിക്കുകയാണ്. ഇതിനേക്കാൾ വിദേശ മൂലധനത്തെ പ്രീതിപ്പെടുത്താൻ ഫലപ്രദമായ മാർഗ്ഗം വേറെയൊന്നില്ല. ഇന്ത്യയും നിയോലിബറലിസത്തിന്റെ പുലിപ്പുറത്താണ്.
---- facebook comment plugin here -----