Connect with us

Kerala

'രണ്ടുദിവസം തന്നെ മുള്‍മുനയില്‍ നിര്‍ത്തി'; വെര്‍ച്വല്‍ വിചാരണയും തട്ടിപ്പുമാണ് അരങ്ങേറിയതെന്ന് മാര്‍ കൂറിലോസ്

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കൂറിലോസിന് നഷ്ടപ്പെട്ട 15 ലക്ഷം രൂപ തിരികെ ലഭിക്കാന്‍ സാധ്യതയില്ലെന്ന് സൈബര്‍ പോലീസ്.

Published

|

Last Updated

മല്ലപ്പള്ളി (പത്തനംതിട്ട) | രണ്ടുദിവസം തന്നെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള വെര്‍ച്വല്‍ തട്ടിപ്പാണ് അരങ്ങേറിയതെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 15 ലക്ഷം രൂപ നഷ്ടമായത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു കൂറിലോസ്. തട്ടിപ്പ് സംബന്ധിച്ച് പരാതി നല്‍കാന്‍ വൈകിയതോടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് പോലീസ് ്അറിയിക്കുകയും ചെയ്തു.

ബുധനാഴ്ച മല്ലപ്പള്ളി കീഴ്‌വായ്പൂര് പോലീസിലാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പരാതി നല്‍കിയത്. സഭാ ചുമതലകളില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ച മാര്‍ കൂറിലോസ് ഇപ്പോള്‍ മല്ലപ്പള്ളിക്കു സമീപം ആനിക്കാട്ടാണ് താമസിക്കുന്നത്.

സി ബി ഐയില്‍ നിന്നാണെന്നു പറഞ്ഞ് കഴിഞ്ഞ രണ്ടിന് ഉച്ചയോടെ മുംബൈ സൈബര്‍ എന്ന കോളര്‍ ഐ ഡിയില്‍ നിന്ന് മാര്‍ കൂറിലോസിന് ഒരു വീഡിയോ കോള്‍ വരികയായിരുന്നു. മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാര്‍ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞ് വ്യാജരേഖകള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. അടിയന്തരമായി മുംബൈയില്‍ വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോള്‍. മുംബൈയിലെ ബേങ്കില്‍ മാര്‍ കൂറിലോസിന്റെ പേരില്‍ അക്കൗണ്ടുണ്ടെന്നും ഇതില്‍നിന്ന് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും രണ്ട് മൊബൈല്‍ നമ്പറുകളില്‍ നിന്നായി വിളിച്ചു തെറ്റിദ്ധരിപ്പിച്ചു. ഇംഗ്ലീഷിലായിരുന്നു സംസാരം.

തനിക്ക് കേരളത്തിനു പുറത്ത് ഒരു ബേങ്കിലും അക്കൗണ്ടില്ലെന്ന് മാര്‍ കൂറിലോസ് പറഞ്ഞു. എന്നാല്‍, മുംബൈയിലുള്ള അക്കൗണ്ട് ആരെങ്കിലും കബളിപ്പിച്ച് എടുത്തതാകാമെന്നും ഇതിലൂടെ കള്ളപ്പണ ഇടപാട് നടന്ന സാഹചര്യത്തില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് ആവശ്യമാണെന്നും കൂറിലോസിനോടു ഫോണില്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഇതിനായി സി ബി ഐ ഉദ്യോഗസ്ഥരുടെ അന്വേഷണമുണ്ടെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ഏത് അന്വേഷണവുമായി താന്‍ സഹകരിക്കാമെന്ന് മാര്‍ കൂറിലോസ് വ്യക്തമാക്കിയതോടെ സി ബി ഐ ഉദ്യോഗസ്ഥരിലേക്ക് കോള്‍ കൈമാറുകയാണെന്ന് അറിയിച്ചു. തുടര്‍ന്ന് ഡിജിറ്റല്‍ കസ്റ്റഡിയിലാണെന്ന് അറിയിച്ച് ഓണ്‍ലൈന്‍ വിചാരണ ആരംഭിച്ചു. രണ്ടിനു രാത്രി 10.30വരെ വീഡിയോ കോളിലൂടെ സി ബി ഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയയാള്‍ ചോദ്യം ചെയ്തു. ഇത്രയും സമയം വീഡിയോ ഓണ്‍ ചെയ്തു വച്ചിരിക്കുകയായിരുന്നു. സി ബി ഐയുടെ എംബ്ലം മാത്രമാണ് മറുതലയ്ക്കലെ ഫോണില്‍ തെളിഞ്ഞത്. പിറ്റേന്നു കോടതി വിചാരണ ഉണ്ടെന്നും പറഞ്ഞിരുന്നു.

പിറ്റേന്നു രാവിലെ കോടതിയാണെന്നു പറഞ്ഞ് ഓണ്‍ലൈന്‍ വിചാരണ ആരംഭിച്ചു. ജഡ്ജി ചമഞ്ഞെത്തിയയാള്‍ മാര്‍ കൂറിലോസിന് കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും ചോദിച്ചു. നിരപരാധിയാണെന്ന് അറിയിച്ചതോടെ അത് തെളിയിക്കണമെങ്കില്‍ നിലവിലെ ബേങ്ക് അക്കൗണ്ടുകള്‍ മുഴുവന്‍ മരവിപ്പിക്കണമെന്നും അക്കൗണ്ടിലെ മുഴുവന്‍ തുകയും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള രഹസ്യ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നിരപരാധിത്വം ബോധ്യപ്പെട്ടാല്‍ രണ്ടുദിവസത്തിനകം പണം തിരികെ നല്‍കുമെന്നും അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സുപ്രീംകോടതിയുടെ എംബ്ലം സഹിതം ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും ചെയ്തു.

തുടര്‍ന്ന് സി ബി ഐ ഉദ്യോഗസ്ഥനെന്നു പറഞ്ഞു വീണ്ടും വീഡിയോ കോളിലെത്തിയയാള്‍ അക്കൗണ്ട് വിവരങ്ങള്‍ തേടി. ഒരു അക്കൗണ്ടില്‍ നിന്നും 1.70 ലക്ഷം രൂപ സമീപദിവസങ്ങളില്‍ പിന്‍വലിച്ചിട്ടുണ്ടെന്നും ഈ പണം കൂടി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് താന്‍ ബേങ്കില്‍ നേരിട്ടെത്തി ആവശ്യപ്പെട്ട പണം അവര്‍ തന്ന അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. സുഹൃത്തായ മറ്റൊരു വൈദികന്റെ അക്കൗണ്ടില്‍ നിന്നും വാങ്ങിയ രണ്ടു ലക്ഷത്തോളം രൂപയും ട്രാന്‍സ്ഫര്‍ ചെയ്തു. ഡല്‍ഹിയിലെയും ജയ്പൂരിലെയും അക്കൗണ്ടുകളിലേക്കാണ് പണം പോയത്. സുപ്രീം കോടതിയുടെ എംബ്ലം സഹിതമുള്ള രസീതും പണം അടച്ചതിനു നല്‍കി. ഇതെല്ലാം കണ്ടതോടെ സംഘത്തെ താന്‍ വിശ്വസിച്ചു പോയെന്ന് മാര്‍ കൂറിലോസ് പറയുന്നു. ആകെ 15,01,186 രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടെന്നാണ് പരാതി.

അഭിഭാഷകനുമായി ബന്ധപ്പെട്ട്, ഒരു ദിവസം കൂടി കാത്തിരുന്ന ശേഷമാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കാന്‍ രണ്ടുദിവസം വൈകിയതിനാല്‍ പണം വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടാകുമെന്നാണ് സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നിലവില്‍ പണം മാറ്റിയ അക്കൗണ്ടുകളില്‍ നിന്ന് ഇത് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് വിവരം. മുമ്പും സമാനമായ കേസുകളില്‍ ഇതു തന്നെയാണ് സംഭവിച്ചത്. മാര്‍ കൂറിലോസ് പണം നിക്ഷേപിച്ചതായി പറയുന്ന രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. തിരുവല്ല ഡി വൈ എസ് പി. അന്‍ഷാദിന്റെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം. കേസന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത്ത് പറഞ്ഞു.

 

Latest