Connect with us

Malappuram

'കഥകള്‍ മല കയറുന്നു'; മഅ്ദിന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് പ്രൗഢ സമാപനം

സമാപന സംഗമം സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മലപ്പുറം | ‘കഥകള്‍ മല കയറുന്നു’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മഅ്ദിന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് (എം ലിറ്റ്) പ്രൗഢ സമാപനം. സമാപന സംഗമം സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി കാലം ഏറ്റവും മനോഹരമാകുന്നതും പൂര്‍ണത കൈവരിക്കുന്നതും സര്‍ഗാത്മക പ്രകടനങ്ങളിലൂടെയാണെന്നും ഇത്തരത്തില്‍ ആര്‍ജിച്ചെടുക്കുന്ന കഴിവുകളുടെ ഫലമാണ് നല്ലൊരു പ്രതിഭയെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വി പി നിസാര്‍ മുഖ്യാതിഥിയായി.

മൂന്ന് ദിവസം നീണ്ടുനിന്ന എം ലിറ്റില്‍ 200 മത്സര ഇനങ്ങളിലായി 3000 പ്രതിഭകളാണ് മാറ്റുരച്ചത്. വിവിധ കാറ്റഗറികളിലായി നടന്ന മത്സരത്തില്‍ മഅ്ദിന്‍ കുല്ലിയ്യ ഓഫ് ഇസ്‌ലാമിക് ശരീഅ, ഡി എന്‍ കാമ്പസ് പെരുമ്പറമ്പ്, മോഡല്‍ അക്കാദമി, സ്‌കൂള്‍ ഓഫ് എക്സലന്‍സ്, അറബിക് അക്കാദമി എന്നീ സ്ഥാപനങ്ങള്‍ ചാമ്പ്യന്മാരായി.

സയ്യിദ് മുബശിര്‍ കാസര്‍കോട്, അന്‍ശിദ് പുളിയക്കോട്, മുഹമ്മദ് ശഫിന്‍ വെളിമുക്ക്, മുഹമ്മദ് അനസ് ചുണ്ടമ്പറ്റ, സിറാജുദ്ദീന്‍ പെരുമുഖം, ഇജ്ലാല്‍ യാസിര്‍ ഫറോഖ്, മുഹമ്മദ് സ്വഫ്‌വാന്‍ അല്‍ ഇര്‍ഷാദ് തൃപ്പനച്ചി സര്‍ഗ പ്രതിഭകളായി.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുന്നാസിര്‍ അഹ്സനി കരേക്കാട്, അബൂബക്കര്‍ സഖാഫി അരീക്കോട്, ശഫീഖ് മിസ്ബാഹി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, ദുല്‍ഫുഖാര്‍ അലി സഖാഫി, ബശീര്‍ സഅദി വയനാട്, എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബ് റഹ്മാന്‍ പ്രസംഗിച്ചു.

നാളെയുടെ നിര്‍മാണത്തിലേക്ക്
ശാസ്ത്രീയ സംവിധാനങ്ങളൊരുക്കി സയന്‍സിയ
മഅ്ദിന്‍ എം ലിറ്റ് ഫെസ്റ്റില്‍ കൗതുകക്കാഴ്ചയായി സയന്‍സിയ. പ്ലസ് ടു, ഡിഗ്രി വിഭാഗങ്ങള്‍ക്കായി നടന്ന വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍ നിര്‍മിതികളാണ് സയന്‍സിയ മത്സരത്തിന് മനോഹാരിത നല്‍കിയത്. മത്സരത്തിന്റെ ഭാഗമായി വ്യത്യസ്തവും അതിനൂതനവുമായ ആശയങ്ങള്‍ കൂട്ടുകാരില്‍ നിന്നും പിറവിയെടുത്തു.

കേരളം പോലെയുള്ള മലകള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങളില്‍ അതിനൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി, വീടുകളും മറ്റു ടൂറിസ്റ്റ് സംവിധാനങ്ങളും നിര്‍മിക്കാനുള്ള മാര്‍ഗരേഖ രൂപപ്പെടുത്തിയ ആശയം ഏറെ ശ്രദ്ധേയമായി. 1979 ലെ യു എന്‍ സുസ്ഥിരവികസനത്തിനു വേണ്ടി നടപ്പിലാക്കിയ പദ്ധതികളുടെ കൃത്യമായ പുനരാവിഷ്‌കരണമായിരുന്നു മറ്റൊരു സംഘത്തിന്റെ നിര്‍മിതി. ഇതും ഏറെ പ്രശംസനീയമായി. കൂടാതെ, ഖുര്‍ആനും ആധുനിക ശാസ്ത്ര സംവിധാനങ്ങളും തമ്മിലുള്ള ബന്ധങ്ങളെ വിശദീകരിച്ചുകൊണ്ട് ഖുര്‍ആനിക സൂക്തങ്ങളിലൂടെ തെളിവ് നിരത്തി സൃഷ്ടിച്ചെടുത്ത നിര്‍മിതി ഏവരെയും അത്ഭുതപ്പെടുത്തി.

ആസ്ട്രോണമി, ബയോളജി, ജിയോളജി, സുവോളജി തുടങ്ങിയ വ്യത്യസ്ത പഠനശാഖകളില്‍ നിന്നുള്ള ആശയങ്ങളാണ് മിക്ക നിര്‍മിതികളുടെയും രൂപകല്‍പ്പനകള്‍ക്ക് വഴിയൊരുക്കിയതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

പേപ്പര്‍ വര്‍ക്കുകള്‍ക്ക് ബദല്‍ സൃഷ്ടിച്ച്
മഅ്ദിന്‍ എം ലിറ്റ് മാനേജ്മെന്റ് സിസ്റ്റം
ഡിജിറ്റല്‍ കാലത്ത്, തൂണിലും തുരുമ്പിലും ഡിജിറ്റലിസം സംഭവിക്കുന്നത് അപൂര്‍വ കാഴ്ചയല്ല. എന്നാല്‍ ഇവിടെയൊരു ഫെസ്റ്റ് തന്നെ മാനേജ് ചെയ്തത് ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ്. വിദ്യാര്‍ഥികളുടെ റിപ്പോര്‍ട്ടിംഗ്, രജിസ്ട്രേഷന്‍ തുടങ്ങി എല്ലാ പ്രക്രിയകളെയും ഒരൊറ്റ ആപ്പില്‍ കോര്‍ഡിനേറ്റ് ചെയ്തു ശ്രദ്ധേയമായിരിക്കുകയാണ് മഅ്ദിന്‍ എം ലിറ്റ് സംഘാടക സമിതി.

ഒരു മത്സരത്തിന് വിദ്യാര്‍ഥി റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് നറുക്കെടുത്താണ് കോഡ് ലെറ്റര്‍ നല്‍കാറുള്ളത്. എന്നാല്‍, എം ലിറ്റില്‍ സ്‌ക്രാച്ച് കാര്‍ഡുകളാണ് ലെറ്ററുകള്‍ നിശ്ചയിക്കുന്നത്. വിധികര്‍ത്താക്കള്‍ ഓരോ മത്സര അവതരണങ്ങളുടെയും മാര്‍ക്ക് രേഖപ്പെടുത്തുന്നതും ഈ ആപ്പില്‍ തന്നെയാണ്. പേപ്പര്‍ മാലിന്യങ്ങള്‍ ഗണ്യമായി കുറയ്ക്കാനും കൃത്യമായ സമയ ക്രമീകരണങ്ങള്‍ക്കും ഈ സജ്ജീകരണം ഏറെ ഉപകാരപ്രദമാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. ഇതര മത്സരവേദികള്‍ക്കും എം-ലിറ്റ് സംഘാടനം മികച്ചൊരു മാതൃകയായി.

 

Latest