Malabar Movement 1921
'പൊട്ടിയൊലിച്ച രക്തം വലിച്ചുകുടിച്ചു': കൊന്നോല അഹ്‌മദ് ഹാജിയുടെ വാക്കുകൾ
'മത്തി വറ്റിച്ച പോലെയുണ്ടായിരുന്നു'. വാഗൺ കൂട്ടക്കൊലയുടെ ആഴം മനസ്സിലാക്കാൻ ഈ സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട കോട്ടപ്പടി കൊന്നോല അഹ്‌മദ് ഹാജിയുടെ ഈ ഒരുവാചകം മാത്രം മതി.
മലപ്പുറം | ‘മത്തി വറ്റിച്ച പോലെയുണ്ടായിരുന്നു’. വാഗൺ കൂട്ടക്കൊലയുടെ ആഴം മനസ്സിലാക്കാൻ ഈ സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട കോട്ടപ്പടി കൊന്നോല അഹ്‌മദ് ഹാജിയുടെ ഈ ഒരുവാചകം മാത്രം മതി. വാഗൺ ട്രാജഡി സ്മരണികയിൽ അബ്ദു ചെറുവാടിയുമായി നടത്തിയ അഭിമുഖത്തിലാണ് കൊന്നാല അഹ്മദ് ഹാജി ഇക്കാര്യം പറയുന്നത്.
തീക്ഷ്്ണമായ ആ രംഗങ്ങൾ അഹ്‌മദ് ഹാജി പങ്കുവെക്കുന്നതിങ്ങനെ: “ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കാളിയായ എന്നെ, അന്നുവരെ കണ്ടിട്ടുപോലുമില്ലാത്ത പുലാമന്തോൾ പാലം പൊളിച്ചെന്ന കേസ് ചുമത്തി അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ദിവസം ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ച് ശൗച്യം ചെയ്യാൻ ഒരിറ്റ് വെള്ളം പോലും ലഭിക്കാതെ സ്വന്തം ശരീരത്തിന്റെ നാറ്റം സഹിക്കാനാകാതെ എം എസ് പി ക്യാമ്പിൽ തടവുകാരായി ഒരുകൂട്ടം ജനങ്ങൾ വേദന തിന്നാൻ വിധിക്കപ്പെട്ടു. 17 ദിവസങ്ങൾക്ക് ശേഷം നവംബർ 19ന് രാവിലെ നാല് പേരെ വീതം കൂട്ടിക്കെട്ടി. കഴുത വണ്ടിയിലും കാളവണ്ടിയിലുമായി പട്ടാളക്കാർ കയറിയിരുന്നു. ഓരോ വണ്ടിക്കും ഇടവിട്ട് കൂട്ടിക്കെട്ടിയ തടവുകാരെ നിർത്തി. വണ്ടികൾ ഓടാൻ തുടങ്ങി. കൂടെ മനുഷ്യമൃഗങ്ങളും. കുന്നുംകുഴിയും മലയും വയലും താണ്ടി ബയണറ്റുകളുടെ അടികൾ വാങ്ങി കോട്ടക്കൽ എത്തിച്ചേർന്നു. ഒരിറ്റു വെള്ളം പോലും നൽകാതെ വീണ്ടും അടിച്ചാട്ടാൻ തുടങ്ങി. സന്ധ്യയോടെ തിരൂരിലെത്തി. അറുനൂറോളം തടവുകാരെ അവിടെ കൊണ്ടുവന്നിരുന്നു. പലരും തളർന്നുറങ്ങിപ്പോയി.
ഏഴ് മണിയോടെ മദ്രാസ് സൗത്ത് മറാട്ട കമ്പനി എം എസ് എം എൽ വി 1711 എന്ന് മുദ്രണം ചെയ്ത ചരക്ക് വാഗൺ തിരൂർ സ്റ്റേഷനിൽ വന്നുനിന്നു. കണ്ണിൽ ചോരയില്ലാത്ത ആരാച്ചാരെപ്പോലെ വാതിൽ തുറന്നുപിടിച്ച് ആളുകളെ കുത്തിനിറക്കാൻ തുടങ്ങി. തലയിണയിൽ ഉന്നം നിറക്കുന്ന ലാഘവത്തോടെ തോക്കിൻ ചട്ടകൊണ്ട് അമർത്തിത്തള്ളി വാതിൽ ഭദ്രമായി അടച്ചു കുറ്റിയിട്ടു. ദാഹം സഹിക്കാനാകാതെ ആർത്തലറിയും വാഗൺഭിത്തിയിൽ ആഞ്ഞടിച്ച് ശബ്്ദമുണ്ടാക്കിയും രക്ഷക്ക് വേണ്ടി യാചിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല.
അപ്പോഴേക്കും പലരും മേൽക്കുമേൽ മലർന്നുവീണിരുന്നു. അറിയാതെ മലം വിസർജിച്ചു, കൈക്കുമ്പിളിൽ മൂത്രമൊഴിച്ചു വലിച്ചുകുടിച്ച് ദാഹം തീർക്കാൻ വിഫല ശ്രമം നടത്തി. അ
ന്യോന്യം മാന്തിപ്പറിക്കാനും കടിച്ചു പറിക്കാനും തുടങ്ങി. പൊട്ടിയൊലിച്ച രക്തം നക്കിക്കുടിച്ചു. എങ്ങനെയോ ഇളകിപ്പോയ ആണിയുടെ ദ്വാരത്തിൽ മാറിമാറി മൂക്ക് വെച്ച് പ്രാണൻ പോകാതിരിക്കാൻ ശ്രമിച്ചു. പുലർച്ചെ നാല് മണിക്ക് വണ്ടി പോത്തന്നൂർ സ്റ്റേഷനിലെത്തി. ആ പാപികൾ വാതിൽ തുറന്നപ്പോൾ മുറിക്കുള്ളിൽ കണ്ട ഭീകര ദൃശ്യം അവരെത്തന്നെ ഞെട്ടിത്തരിപ്പിച്ചു. ഹൈന്ദവരടക്കം 64 പേരാണ് കണ്ണുതുറിച്ച് ഒരുമുഴം നാക്കുനീട്ടി മരിച്ചുകിടക്കുന്നത്. മരിച്ചവരെ ഏറ്റെടുക്കാ
ൻ പോത്തന്നൂരിലെ സ്റ്റേഷൻ മാസ്റ്റർ തയ്യാറായില്ല. അവരെ തിരൂരിലേക്ക് തന്നെ മടക്കി.
ശേഷിക്കുന്നവരിൽ ആറ് പേർ കൂടി മരിച്ചു. 1981ൽ കൊന്നോല അഹ്്മദ് ഹാജി നൽകിയ ഈ അനുഭവം വാഗൺ കൂട്ടക്കൊല ഭീകരതയുടെ ആഴം വരച്ചുകാട്ടുന്നു. മരിച്ച 70 പേരിൽ 41 പേരും പുലാമന്തോൾ പഞ്ചായത്തിൽപ്പെട്ടവരാണ്. വളപുരത്ത് നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഉസ്്താദിനെ വിട്ടയക്കാൻ വേണ്ടി പുലാമന്തോൾ പാലം പൊളിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
1921ലെ മാപ്പിള സമരത്തെ തുടർന്ന് നവംബർ 19ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്ന് കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തിനിറച്ച് കൊണ്ടുപോയ 70 തടവുകാർ ശ്വാസംമുട്ടി മരിച്ച സംഭവം മലബാറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കണ്ണീരണിഞ്ഞ അധ്യായമാണ്. മാപ്പിളമാരെ ഭയപ്പെടുത്തി എന്നന്നേക്കുമായി കിഴടക്കുന്നതിന് ബ്രിട്ടീഷ് സൈന്യം ഉപയോഗിച്ച മൃഗീയമായ തന്ത്രങ്ങളുടെ സംഗ്രഹരൂപമായിരുന്നു വാഗൺ കൂട്ടക്കൊല. ആ വംശീയ ഉന്മൂലനത്തിന് നൂറ് വയസ്സ് തികയുമ്പോൾ തിരൂർ നഗരസഭയുടെ സ്മാരകഹാളിൽ ഒതുങ്ങുകയാണ് പുതുതലമുറയുടെ വാഗൺ കൂട്ടക്കൊല ഓർമകൾ.