Connect with us

k rail

'സുധാകരൻ്റെ കെ റെയിൽ ബദൽ അമേരിക്കൻ ഗതാഗത സമ്പ്രദായത്തിന്റെ ഹാസ്യാനുകരണം'

'അമേരിക്കയിൽ ഹൈസ്പീഡ് പോയിട്ട് ആവശ്യത്തിനുള്ള സാധാരണ ട്രെയിൻ പോലുമില്ല.'

Published

|

Last Updated

കെ റെയിലിൻ്റെ അർധ അതിവേഗ റെയിൽ സർവീസിന് ബദലായി കെ പി സി സി അധ്യക്ഷൻ അവതരിപ്പിച്ച ഹ്രസ്വദൂര വിമാന സർവീസ് പദ്ധതി പരിസ്ഥിതിക്ക് വിനാശകരമായ അമേരിക്കൻ ഗതാഗത സമ്പ്രദായത്തിൻ്റെ ഹാസ്യാനുകരണമാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ധനമന്ത്രിയുമായ ഡോ.തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. അവിടെ ഹൈസ്പീഡ് പോയിട്ട് ആവശ്യത്തിനുള്ള സാധാരണ ട്രെയിൻ പോലുമില്ല. പകരം കാർ കമ്പനികളുടെ താത്പര്യാർഥം സർക്കാർ മുതൽമുടക്കിയത് എക്സ്‌പ്രസ്സ് ഹൈവേകൾ സൃഷ്ടിക്കാനാണ്. അതുകഴിഞ്ഞ് കെ പി സി സി പ്രസിഡന്റ് നിർദേശിച്ചതുപോലെ വിമാനത്താവളങ്ങൾ ഓരോ ഇടത്തരം പട്ടണത്തിലും ഉണ്ടാക്കാനാണ്. ഈ റോഡ്-വിമാന ഗതാഗത ചേരുവ ലോകത്ത് ഏറ്റവും ചെലവേറിയതും പരിസ്ഥിതി വിനാശകരവുമാണ്. ഹ്രസ്വദൂര വിമാന ഗതാഗത പദ്ധതി പരിസ്ഥിതി, സാമ്പത്തികം, സമയം, ഇന്ധനച്ചെലവ്, ടിക്കറ്റ് നിരക്ക്, യാത്രക്കാർ എന്നീ ഘടകങ്ങൾ വെച്ച് നോക്കുമ്പോൾ മഹാനഷ്ടമാണെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ

അവസാനം സിൽവർ ലൈൻ പദ്ധതിക്കു കോൺഗ്രസിന്റെ ബദൽ കെപിസിസി അധ്യക്ഷൻ പ്രഖ്യാപിച്ചിരിക്കുന്നു ഫ്ലൈൻ ഇൻ കേരള. കേരള സർക്കാർ ഒരു വിമാനക്കമ്പനി ആരംഭിക്കുക. കേരളത്തിലെ നാലു വിമാനത്താവളങ്ങളെയും മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവങ്ങളെയും ഉപയോഗിച്ച് അരമണിക്കൂർ ഇടവിട്ട് വിമാന സർവ്വീസ് ആരംഭിക്കുക എന്നതാണു ബദൽ. കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ സർവ്വീസുപോലെ വിമാനം ഓടിക്കാമത്രേ. മൂന്നുമണിക്കൂർകൊണ്ട് കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ സഞ്ചരിക്കാം. ഇതാണു ബദൽ.

അവസാനം ഇവിടെയെങ്കിലും എത്തിയല്ലോ. കോൺഗ്രസിന്റേത് കുറച്ചുനീണ്ട യാത്ര തന്നെയായിരുന്നു. 2004-ൽ യുഡിഎഫ് സർക്കാർ എക്സ്പ്രസ്സ് ഹൈവേക്കു വേണ്ടിയാണു നിലകൊണ്ടത്. പിന്നെ അത് ഉപേക്ഷിച്ചു. 2011-ലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ‘തെക്ക്-വടക്ക് അതിവേഗ റെയിൽപ്പാത’യാണ് വാഗ്ദാനം ചെയ്തത്. ഇതു നടപ്പാക്കാനുള്ള രൂപരേഖ അംഗീകരിച്ച് 2012-ൽ ഉമ്മൻചാണ്ടി പ്രഖ്യാപനവും നടത്തി. അധികം താമസിയാതെ കോഴിക്കോടും തിരുവനന്തപുരവും കേന്ദ്രീകരിച്ച് സബർബൻ ട്രെയിൻ സ്ഥാപിക്കാനായി ശ്രമം. 2016-ലെ മാനിഫെസ്റ്റോയിൽ എക്സ്പ്രസ് ഹൈവേയിലേക്കു തിരിച്ചുപോയി. ‘2030 ഓടെ 8 വരി തെക്ക്-വടക്ക് എക്സ്പ്രസ് ഹൈവേ’ നിർമ്മിക്കാമെന്നായി വാഗ്ദാനം. 2021-ലെ മാനിഫെസ്റ്റോയിൽ 8 വരെ 6 വരിയായി കുറച്ചു. ഇന്നിപ്പോൾ ഫ്ലൈ ഇൻ കേരളയിൽ എത്തിയിരിക്കുന്നു.
ഈ ബദൽ പാരിസ്ഥിതികമായി ഏറ്റവും വിനാശകരമായിരിക്കും. കാരണം വളരെ ലളിതം. കെപിസിസി പ്രസിഡന്റ് പറയുന്ന ഹ്രസ്വദൂര വിമാനയാത്ര ഒരു യാത്രക്കാരന് ഒരു കിലോമീറ്ററിന് 254 ഗ്രാം കാർബൺതുല്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഹൈസ്പീഡ് റെയിൽ ആണെങ്കിൽ കാർബൺ പ്രത്യാഘാതം വെറും 6 ഗ്രാം മാത്രമായിരിക്കും. (വിശദാംശങ്ങൾക്ക് ‘എന്തുകൊണ്ട് കെ-റെയിൽ’ എന്ന എന്റെ പുസ്തകത്തിലെ 68-ാമത്തെ പേജ് നോക്കുക). സിൽവർ ലൈനിനെ എതിർക്കുന്ന പരിസ്ഥിതി പ്രവർത്തകവിഭാഗം കെപിസിസി പ്രസിഡന്റിന്റെ ബദലിനെക്കുറിച്ച് അഭിപ്രായം പറയാൻ തയാറാകുമോ?
വിമാനമാണ് ഏറ്റവും വേഗതയുള്ള യാത്രാ മാർഗ്ഗം. പക്ഷെ വിമാനത്താവളത്തിലെ കാത്തിരിപ്പു സമയംകൂടി കണക്കിലെടുത്താൽ ഹ്രസ്വദൂര യാത്രയ്ക്ക് വിമാനം അനുയോജ്യമല്ലാത്ത ഒന്നായി മാറുന്നു. എന്റെ പുസ്കത്തിന്റെ പേജ് 48-ൽ ഹൈസ്പീഡ് റെയിൽ, വിമാനം, കാർ എന്നിവയ്ക്കു വേണ്ടിവരുന്ന യഥാർത്ഥ യാത്രാ സമയം താരത്യപ്പെടുത്തുന്നുണ്ട്. സാൻഫ്രാൻസിസ്കോ നഗരകേന്ദ്രത്തിൽ നിന്ന് ലോസ്ഏഞ്ചലസ് നഗരകേന്ദ്രത്തിലേക്കു വേണ്ടിവരുന്ന യാത്രാ സമയമാണ് എന്റെ പുസ്തകത്തിൽ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഹൈസ്പീഡ് റെയിൽ – 3.10 മണിക്കൂർ, വിമാനം – 5.20 മണിക്കൂർ, കാർ 7.30 മണിക്കൂർ.
ഇതേ പുസ്തകത്തിൽ ഇന്ധനച്ചെലവിന്റെ സ്ഥിതി പേജ് 47-ൽ താരതമ്യപ്പെടുത്തുന്നുണ്ട്. 500 കിലോമീറ്റർ യാത്ര ചെയ്യുവാൻ ഒരു വിമാന യാത്രക്കാരന് 39.66 ഡോളർ ഇന്ധന ചെലവു വരും. അതേസമയം ട്രെയിനിന് 8.7 ഡോളറേ ചെലവു വരൂ.
ഇനി കെ-റെയിലിന്റെയും വിമാനത്തിന്റെയും ടിക്കറ്റ് ചാർജ്ജ് താരതമ്യപ്പെടുത്തിയാലോ. തിരുവനന്തപുരം – കണ്ണൂർ യാത്രാ നിരക്ക് വിമാനത്തിന് കിലോമീറ്ററിന് 6.31 രൂപ. എന്നാൽ കെ-റെയിലിനോ 2.23 രൂപ മാത്രം. (പുസ്തകത്തിലെ പേജ് 85).
അവസാനമായി കെ-റെയിലിന് 80,000 യാത്രക്കാർക്ക് ഒരു ദിവസം യാത്രാ സൗകര്യം ഒരുക്കാനാവും. ഒരു ഹ്രസ്വദൂര വിമാനത്തിൽ 100-150 പേർ. എത്ര വിമാനം വേണ്ടിവരും. നിങ്ങൾക്കു തന്നെ കണക്കുകൂട്ടാം.

കോൺഗ്രസിന്റെ ബദൽ ഏറ്റവും പരിസ്ഥിതി വിനാശകരമായ അമേരിക്കൻ ഗതാഗത സമ്പ്രദായത്തിന്റെ ഹാസ്യാനുകരണമാണ്. അവിടെ ഹൈസ്പീഡ് പോയിട്ട് ആവശ്യത്തിനുള്ള സാധാരണ ട്രെയിൻ പോലുമില്ല. പകരം കാർ കമ്പനികളുടെ താൽപ്പര്യാർത്ഥം സർക്കാർ മുതൽമുടക്കിയത് എക്സ്പ്രസ്സ് ഹൈവേകൾ സൃഷ്ടിക്കാനാണ്. അതുകഴിഞ്ഞ് കെപിസിസി പ്രസിഡന്റ് നിർദ്ദേശിച്ചതുപോലെ വിമാനത്താവളങ്ങൾ ഓരോ ഇടത്തരം പട്ടണത്തിലും ഉണ്ടാക്കാനാണ്. ഈ റോഡ്-വിമാന ഗതാഗത ചേരുവ ലോകത്ത് ഏറ്റവും ചെലവേറിയതും പരിസ്ഥിതി വിനാശകരവുമാണ്. ഈ മാർഗ്ഗം കേരളത്തിൽ അടിച്ചേൽപ്പിക്കാൻ നോക്കണ്ട.

Latest