Kerala
'ഓണ സമ്മാനമായി പതിനായിരം രൂപ '; ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് അജിത തങ്കപ്പന്‍
കവര്‍ മാത്രമാണ് പ്രതിപക്ഷ0 കാണിക്കുന്നത്, അതില്‍ പണമില്ല
കൊച്ചി | കൗണ്‍സിലര്‍മാര്‍ക്ക് ഓണ സമ്മാനമായി പതിനായിരം രൂപ നല്‍കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍. അടിസ്ഥാന രഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കവര്‍ മാത്രമാണ് പ്രതിപക്ഷ0 കാണിക്കുന്നത്, അതില്‍ പണമില്ല. മറിച്ച് തെളിയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്നും അജിത തങ്കപ്പന്‍ പ്രതികരിച്ചു.
ഓരോ അംഗങ്ങള്‍ക്കും 15 ഓണക്കോടിയോടൊപ്പം കവറില്‍ 10,000 രൂപയും നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നത്. നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനില്‍ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവര്‍ സമ്മാനിച്ചതെന്നും ഇവര്‍ പറയുന്നു. കവര്‍ കൈമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ പലരും പണം മടക്കി നല്‍കിയെന്നും ചില അംഗങ്ങള്‍ പറഞ്ഞു.
43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയര്‍പേഴ്‌സന്‍ ആയ അജിത തങ്കപ്പന്‍ ഭരണം നടത്തുന്നത്. 43 പേര്‍ക്ക് പണം നല്‍കാന്‍ ചരുങ്ങിയത് 4,30, 000 രൂപയെങ്കിലും വേണ്ടിവരും. ചെയര്‍പേഴ്‌സന്‍ നല്‍കിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മീഷന്‍ പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അംഗങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു.