Ongoing News
'നന്ദി, രോഹിത്; അന്നത്തെ ആ വിളിക്ക്'; വെളിപ്പെടുത്തലുമായി ദ്രാവിഡ്
'അന്നത്തെ തോല്‍വിക്കു ശേഷം പദവിയില്‍ തുടരാന്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ല. രോഹിതിന്റെ വിളിയാണ് മനസ്സ് മാറ്റിയത്.'
ബാര്‍ബഡോസ് | 2023 ഏകദിന ലോകകപ്പിലെ ഫൈനലില്‍ പരാജയപ്പെട്ടതിനു ശേഷവും ടീം ഇന്ത്യയുടെ ഹെഡ് കോച്ച് സ്ഥാനത്ത് തുടരാന്‍ രാഹുല്‍ ദ്രാവിഡിനെ പ്രേരിപ്പിച്ചത് രോഹിത് ശര്‍മ. ദ്രാവിഡ് തന്നെയാണ് ഈ രഹസ്യം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അന്നത്തെ തോല്‍വിക്കു ശേഷം പദവിയില്‍ തുടരാന്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍, രോഹിതിന്റെ വിളിയാണ് മനസ്സ് മാറ്റിയതെന്നും ദ്രാവിഡ് പറഞ്ഞു. ബി സി സി ഐ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ദ്രാവിഡിന്റെ വെളിപ്പെടുത്തല്‍.
‘റോ, കോച്ചായി തുടരണമെന്ന് ആവശ്യപ്പെട്ട് നവംബറില്‍ എന്നെ വിളിച്ചതിന് ഒരുപാട് നന്ദി. നിങ്ങള്‍ ഓരോരുത്തരോടുമൊപ്പം പ്രവര്‍ത്തിക്കാനായത് സന്തോഷപ്രദവും അഭിമാനകരവുമായിരുന്നു. രോഹിത്, ആശയവിനിമയത്തിനും ചര്‍ച്ചക്കും നമുക്ക് ഏറെ സമയം ലഭിച്ചു. നമ്മള്‍ യോജിക്കുകയും ചിലപ്പോഴെല്ലാം വിയോജിക്കുകയും ചെയ്തു. എന്തായാലും താങ്കള്‍ക്ക് ഒരുപാട് നന്ദി.’- ദ്രാവിഡ് പറഞ്ഞു. നേരത്തെ 2023 ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും ഇതേ വര്‍ഷം നവംബറില്‍ ഏകദിന ലോകകപ്പിന്റെയും ഫൈനലില്‍ ഇന്ത്യന്‍ ടീമിനെ എത്തിക്കാന്‍ കോച്ച് എന്ന നിലയില്‍ ദ്രാവിഡിന് സാധിച്ചിരുന്നു.
ഇത്തവണത്തെ ടി20 ലോകകപ്പോടെ ഹെഡ് കോച്ച് പദവിയിലുള്ള ദ്രാവിഡിന്‍െ കരാര്‍ അവസാനിച്ചിരുന്നു. കിരീട നേട്ടത്തോടെയാണ് ദ്രാവിഡിന്റെ പടിയിറക്കം.