Connect with us

Kerala

'ആ നന്ദിക്ക് അയോധ്യ വിഷയവുമായി ബന്ധമില്ല'; വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് വിശദീകരണവുമായി ശിഹാബ് ചോറ്റൂർ

താൻ മുമ്പ് ഫേസ്ബുക്കിൽ ഇട്ട ഒരു ഫോട്ടോ പ്രധാനമന്ത്രി ലൈക്ക് ചെയ്തിരുന്നുവെന്നും അതിനുള്ള നന്ദിയെന്നോണമായിരുന്നു തന്റെ പോസ്റ്റെന്നും വിശദീകരണം; ഫാസിസവുമായി താൻ ഒരിക്കലും രാജിയാവില്ലെന്നും ശിഹാബ്

Published

|

Last Updated

ശിഹാബ് ചോറ്റൂരിന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്കീൻ ഷോട്ട്. പോസ്റ്റ് പിന്നീട് പിൻവലിച്ചു.

മലപ്പുറം | വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി, കാൽനടയായി ഹജ്ജ് കർമം നിർവഹിച്ച് തിരിച്ചെത്തി ശ്രദ്ധേയനായ ശിഹാബ് ചോറ്റൂർ. തന്റെ പോസ്റ്റിന് അയോധ്യ വിഷയവുമായി ഒരു ബന്ധവുമില്ലെന്നും ഫാസിസവുമായി താൻ ഒരിക്കലും രാജിയാവില്ലെന്നും ശിഹാബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. താൻ മുമ്പ് ഫേസ്ബുക്കിൽ ഇട്ട ഒരു ഫോട്ടോ പ്രധാനമന്ത്രി ലൈക്ക് ചെയ്തിരുന്നു. അതിനുള്ള നന്ദിയെന്നോണമായിരുന്നു തന്റെ പോസ്റ്റെന്നും ശിഹാബ് വിശദീകരിച്ചു. വിവാദ പോസ്റ്റ് പിൻവലിച്ച ശേഷമാണ് ശിഹാബ് വിശദീകരണം നൽകിയത്.

‘എന്റെ മുമ്പു നടന്ന ഒരു പരിപാടിയുടെ പോസ്റ്റിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലൈക്ക് ചെയ്തു. അത് വൈറൽ ആകുകയും പല ദേശീയ പ്രമുഖരും അത് ഷെയർ ചെയ്തു കണ്ടപ്പോൾ രാജ്യത്തിന്റെ പി എം എന്നെപോലെ ഒരു സാധാരണ മനുഷ്യന്റെ പോസ്റ്റിനു ലൈക് ചയ്തതിൽ അത്ഭുതം തോന്നി അപ്പോൾ അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് ഞാൻ അല്പം മുമ്പു പോസ്റ്റ്‌ ഇട്ടതു. അത് അയോദ്ധ്യ വിഷയവുമായി യാതൊരു ബന്ധവും ഇല്ല. എന്ന് മാത്രമല്ല ഫാസിസവുമായി ഒരിക്കലും രാജിയാവനില്ല. ഞാൻ ചിന്തിക്കാത്ത തരത്തിലാണ് സോഷ്യൽ മീഡിയ വാർത്ത വരുന്നത്. ഈ സത്യാവസ്ത അറിയാതെ ആണ് പലരും പ്രതികരിക്കുന്നത്.അത് അല്ലാഹുവിനു വിടുന്നുന്നു’ – ശിഹാബ് വ്യക്തമാക്കി.

ആത്മാർത്ഥമായി പറയുന്ന ഈ വാക്കുകൾ സ്വീകരിക്കുന്നവർ ദയവ് ചയ്തു അത് ഷെയർ ചെയ്യരുതെന്നും ഹബീബായ നബിയെ സ്നേഹിക്കുന്ന ഒരാൾ എന്ന നിലക്ക് ഒരിക്കലും ഫാസിസത്തെ താൻ പിന്തുണക്കില്ലെന്നും പുതിയ പോസ്റ്റിൽ ശിഹാബ് വ്യക്തമാക്കി.

അയോധ്യയയിൽ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്കു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ ഫേസ്ബുക്കിൽ പോസ്റ്റിട്ടതാണ് വിവാദമായത്. വിവിധ മതവിഭാഗങ്ങളിൽപെട്ട കുട്ടികൾക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങൾ സഹിതം ‘നന്ദി പ്രധാനമന്ത്രി മോദി സർ, ഇന്ത്യൻ മുസ്‌ലിം ആയതിൽ അഭിമാനം’ എന്നായിരുന്നു ശിഹാബിന്റെ പോസ്റ്റ്. പോസ്റ്റ് വന്നതിന് പിന്നാലെ ശിഹാബ് രാമക്ഷേത്രത്തിന് പിന്തുണ നൽകിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമായി. ഇതോടെയാണ് വിവാദ പോസ്റ്റ് പിൻവലിച്ച് ശിഹാബ് നിലപാട് വ്യക്തമാക്കിയത്.

Latest