Kerala
'അങ്ങനെ പറഞ്ഞത് പ്രാസഭംഗിക്കു വേണ്ടി'; പി ജയരാജന്റെ 'മോര്‍ച്ചറി' പരാമര്‍ശത്തെ ന്യായീകരിച്ച് ഇ പി ജയരാജന്‍
മുസ്ലിം ആയതുകൊണ്ടാണ് ഷംസീറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. ഷംസീര്‍ ഒരു മതവിഭാഗത്തെയും അവഹേളിച്ചിട്ടില്ല.
തിരുവനന്തപുരം | പി ജയരാജന്റെ ഭീഷണി പ്രസംഗത്തില്‍ പ്രതികരണവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. യുവമോര്‍ച്ച മോര്‍ച്ചറിയിലാകുമെന്ന് പറഞ്ഞത് പ്രസംഗത്തിലെ പ്രാസ ഭംഗിക്കാണ്.
മുസ്ലിം ആയതുകൊണ്ടാണ് ഷംസീറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. ഷംസീര്‍ ഒരു മതവിഭാഗത്തെയും അവഹേളിച്ചിട്ടില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സ്പീക്കര്‍ എ എന്‍ ഷംസീറിനെ തൊട്ടാല്‍ യുവമോര്‍ച്ചയുടെ സ്ഥാനം മോര്‍ച്ചറിയിലാകുമെന്ന പി ജയരാജന്റെ പ്രസ്താവനയെ കുറിച്ചായിരുന്നു ഇ പിയുടെ പ്രതികരണം.
എ എന്‍ ഷംസീര്‍ ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി, എം എല്‍ എ യുടെ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ജോസഫ് മാഷുടെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും പക്ഷേ, എല്ലാകാലത്തും ഹിന്ദുസമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഷംസീര്‍ ഒരിക്കലും കരുതരുതെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേശന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചു കൊണ്ടാണ് പി ജയരാജന്‍ ഷംസീറിനെ തൊട്ടാല്‍ യുവമോര്‍ച്ച മോര്‍ച്ചറിയിലാകുമെന്ന് പറഞ്ഞത്.