Malabar Movement 1921
'ചത്ത് പോയ ഹിച്ച്‌കോക്ക് സായിപിന്റെ സ്മാരകം ചാത്തനെ കുടിവെച്ചപോലെ ആ ബലാലിൻ സ്മാരകം'
മലപ്പുറം | “മഞ്ചരിനിന്നഞ്ചാറ് മൈല് ദൂരവേ മോങ്ങത്തില്
സഞ്ചരിക്കുന്നോർക്ക് കാണാറാകുമാ നിരത്തില്
ചത്ത് പോയ ഹിച്ച്‌കോക്ക് സായിവിന്റെ സ്മാരകം
ചാത്തനെ കുടിവെച്ചപോലെ ആ ബലാലിൻ സ്മാരകം
നമ്മളുടെ നെഞ്ചിലാണാ കല്ലുനാട്ടിവെച്ചത്
നമ്മളുടെ കൂട്ടരെയാണാ സുവറ് കൊന്നത്’
1944ൽ കമ്പളത്ത് ഗോവിന്ദൻ നായർ രജിച്ച “ഏറനാട്ടിൻ ധീരമക്കൾ’ എന്ന പാട്ടിലെ ഏതാനും വരികളാണിത്. മാപ്പിളമാർക്കിടയിൽ ആത്മാഭിമാനത്തിന്റെ തീജ്വാല പടർത്തിയ കമ്പളത്തിന്റെ ഈ ആവേശം നൽകുന്ന പടപ്പാട്ടിൽനിന്നും തുടങ്ങുന്നു വെള്ളുവമ്പ്രത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചരിത്രം.
വാഗൺ കൂട്ടക്കൊലക്ക് കാരണക്കാരനായ അന്നത്തെ പോലീസ് സൂപ്രണ്ട് ഹിച്ച്കോക്കിന്റെ സ്മാരകം വെള്ളുവമ്പ്രത്ത് ബ്രട്ടീഷ് പട്ടാളം സ്ഥാപിച്ചിരുന്നു. അതിനെതിരെ ശക്തമായ പ്രതിഷേധം തന്നെ ഉയർന്നിരുന്നു. 1944ൽ കമ്പളത്ത് ഗോവിന്ദൻ നായർ രചിച്ച ഈ പാട്ടുംപാടി ഒരു കൂട്ടമാളുകൾ കൊണ്ടോട്ടിയിൽ നിന്നും വള്ളുവമ്പ്രത്തേക്ക് പ്രകടനം നടത്തി. വള്ളുവമ്പ്രത്ത് സ്ഥാപിച്ച ഹിച്ച്കോക്കിന്റെ സ്മാരകം പൊളിക്കണമെന്നായിരുന്നു ആവശ്യം.
ബ്രിട്ടിഷ് പട്ടാളം ശക്തമായ കാവൽ തന്നെ നിന്നു. പ്രകടനത്തിന് നേതൃത്വം നൽകിയ നേതാക്കൾ ഒരു കൂട്ടക്കുരുതി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പ്രകടനം വെള്ളുവമ്പ്രത്ത് എത്തുംമുമ്പേ തടഞ്ഞു. സ്വാതന്ത്രത്തിന് ശേഷം ഹിച്ച്കോക്കിന്റെ സ്മാരകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് വീണ്ടും വലിയ ജനകീയപ്രക്ഷോഭം തന്നെ നടന്നു. തുടർന്ന് 1967ൽ അന്നത്തെ സർക്കാർ സ്മാരകം പൊളിച്ച് അവിടെ വാഗൺ ട്രാജഡിയുടെ സ്മാരകമെന്ന നിലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുകയായിരുന്നു.
ആ കാത്തിരിപ്പ് കേന്ദ്രമാണ് ഇന്നും വള്ളുവമ്പ്രം ജംഗ്‌ഷനില്‍ തീവണ്ടിയുടെ വാഗൺ മാതൃകയിൽ കാണുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം.
വാഗൺ കൂട്ടക്കൊലയുടെ ഓർമകൾ തളംകെട്ടിനിൽക്കുന്ന ഈ കേന്ദ്രം പക്ഷേ കാലം കഴിഞ്ഞപ്പോൾ വാഗൺ മാതൃകയൊക്കെ നഷ്ടപ്പെട്ടിരിക്കുകയാണ്. വാഗൺ കൂട്ടക്കൊലയുടെ മരിക്കാത്ത ഓർമകൾ മാത്രമല്ല വെള്ളുവമ്പ്രത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം, വെറുപ്പിന്റെ പ്രതിഷേധത്തിന്റെ തീരാത്ത പകകൂടിയാണ്.