National
'ദി കേരള സ്റ്റോറി': ഹരജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി
ചിത്രത്തിനെതിരെ ഹരജിക്കാര്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വിസമ്മതിച്ചത്.
ന്യൂഡല്‍ഹി | വിവാദ ചലച്ചിത്രം ‘ദി കേരള സ്റ്റോറി’ക്കെതിരായ ഹരജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ചിത്രത്തിനെതിരെ ഹരജിക്കാര്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വിസമ്മതിച്ചത്.
ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ബഞ്ച് നിര്‍ദേശിച്ചു. ചിത്രത്തിനെതിരെ മൂന്ന് ഹരജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഒരു സമുദായത്തെ മുഴുവന്‍ ഇകഴ്ത്തിക്കാണിക്കുന്ന ചിത്രമാണ് ‘ദി കേരള സ്റ്റോറി’യെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷക വൃന്ദ ഗ്രോവര്‍ ആരോപിച്ചു. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ സത്യമെന്ന രീതിയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതിനാല്‍ സുപ്രീം കോടതി തങ്ങളുടെ ഹരജി വ്യാഴാഴ്ച കേള്‍ക്കണമെന്നാണ് വൃന്ദ ഗ്രോവര്‍ ആവശ്യപ്പെട്ടത്. അതേസമയം, ചിത്രത്തിന്റെ റിലീസ് തടയണമെന്നാണോ ആവശ്യമെന്ന് ഹരജിക്കാരോട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആരാഞ്ഞു. എന്നാല്‍ ചിത്രം യഥാര്‍ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ലെന്ന് എഴുതി കാണിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഗ്രോവര്‍ മറുപടി നല്‍കി. ചിത്രത്തിനെതിരായ ഹരജി റിലീസ് നടക്കുന്ന വെള്ളിയാഴ്ച ആണ് ഹൈക്കോടതി ഇനി പരിഗണിക്കുന്നതെന്നും വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ചിത്രത്തിനെതിരായ ഹരജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഹരജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.
ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജിയും അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നിരുന്നു. ഈ ഹരജിക്കാരോടും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചത്. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിനാല്‍ ഹരജികള്‍ ഫയല്‍ ചെയ്താല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിത്രത്തിനെതിരായ അപേക്ഷയില്‍ ഇടപെടാന്‍ ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബഞ്ചും കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു.