Kollam
'ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം'; എസ് വൈ എസ് പ്ലാറ്റിയൂണ്‍ അസംബ്ലി ശനിയാഴ്ച തിരുവനന്തപുരത്ത്
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരാണ് റാലിയില്‍ പങ്കെടുക്കുക.
തിരുവനന്തപുരം | എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ‘ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന ശീര്‍ഷകത്തില്‍ മറ്റന്നാള്‍ (ഏപ്രില്‍ 20, ശനി) തിരുവനന്തപുരം നഗരത്തില്‍ പ്ലാറ്റിയൂണ്‍ അസംബ്ലി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അസംബ്ലിയുടെ ഭാഗമായി വൈകിട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന റാലി പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരാണ് റാലിയില്‍ പങ്കെടുക്കുക. റാലിക്കു ശേഷം സന്നദ്ധ സേനയുടെ സമര്‍പ്പണവും പരേഡും പൊതുസമ്മേളനവും നടക്കും. പരിശീലനം ലഭിച്ച പ്ലാറ്റിയൂണ്‍ അംഗങ്ങളെയാണ് അസംബ്ലിയില്‍ നാടിന് സമര്‍പ്പിക്കുക.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശരീഫ് സഖാഫി അധ്യക്ഷത വഹിക്കും. എന്‍ അലി അബ്ദുല്ല, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, മുഹമ്മദലി കിനാലൂര്‍, നേമം സിദ്ദീഖ് സഖാഫി സംസാരിക്കും.
രാജ്യം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ വിചാര വേദിയായി പ്ലാറ്റിയൂണ്‍ അസംബ്ലി മാറും. രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധികളായ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ജനകീയ പ്രശ്നങ്ങള്‍, വിദ്വേഷ രാഷ്ട്രീയം, വര്‍ഗീയത പോലെയുള്ള സാമൂഹിക പ്രശ്നങ്ങള്‍, ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെല്ലാം പ്ലാറ്റിയൂണ്‍ അസംബ്ലി ചര്‍ച്ച ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം, ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശരീഫ് സഖാഫി, ജില്ലാ സെക്രട്ടറി സനൂജ് വഴിമുക്ക്, സയ്യിദ് മുഹമ്മദ് ജൗഹരി നടയറ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.