Connect with us

kc venugopal

'ജ്യാമിതിയിലേക്കു രാജപാതകളില്ല പ്രഭോ'; യൂക്ലിഡിനെ ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള വേണുഗോപാലിന് അറിയാഞ്ഞിട്ടല്ല

കർണാടക, മധ്യപ്രദേശ് രാജസ്ഥാൻ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കണ്ട ഇന്ത്യയുടെ ഒരു പടം ഓർമവരുന്നുണ്ട്. സംസ്‌ഥാനങ്ങളുടെ ചിത്രം പല നിറങ്ങളിൽ കൊടുത്തിട്ടു അടിക്കുറിപ്പാണ്‌: ചാണകം ചവിട്ടാതെ ഡൽഹിയിലെത്താം. ഇപ്പോൾ ആ ഓപ്‌ഷനില്ല.

Published

|

Last Updated

മത ബാനർജി, ജഗൻ, ഹിമന്ത ശർമ്മ, പുതിയ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ…കോൺഗ്രസിൽ നിന്ന് പോയ ആളുകൾ രാഷ്ട്രീയത്തിൽ മെച്ചപ്പെടുകയും കോൺഗ്രസ് ഒന്നിനൊന്നു താഴേക്കുപോകുകയും ചെയ്യുന്നത് കോൺഗ്രസ് സംഘടനാ സെക്രട്ടറി കാണുന്നില്ലെന്നും അല്ലെങ്കിൽ കണ്ടതായി ഭാവിക്കുന്നില്ലെന്നുമുള്ള വിമർശനവുമായി കെ സി വേണുഗോപാലിനെതിരെ മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ്. വേണുഗോപാൽ പറഞ്ഞതൊക്കെ ശരിയാണ്. എല്ലാ പാർട്ടിയിലും ആളുകൾ വരാറുണ്ട്, പോകാറുണ്ട്. കോൺഗ്രസ് മൂല്യങ്ങളിൽ സിബലിന് വിശ്വാസമുണ്ട്. പക്ഷെ എന്താണ് ശരിക്കും പറഞ്ഞത്? എല്ലാ പാർട്ടിയിലും ആളുകൾ വരാറും പോകാറുമുണ്ട്. പക്ഷെ കോൺഗ്രസ് പാർട്ടിയിൽ കുറച്ചുകാലമായി അങ്ങിനെയല്ല. അവിടെ കൊള്ളാവുന്ന ആളുകളെ പുകച്ചു പുറത്തു ചാടിച്ചു ബി ജെ പിയിൽ എത്തിക്കുകയാണ്. രാഷ്ട്രീയം പറയേണ്ടപ്പോൾ പറയാതെയും പ്രവർത്തിക്കേണ്ടപ്പോൾ പ്രവർത്തിക്കാതെയും സമയമാകുമ്പോൾ വരയും കുറിയും തിലകവുമായി പ്രത്യക്ഷപ്പെട്ടു സഹതാപത്തോണിയിൽ കയറി തിരഞ്ഞെടുപ്പ് പുഴകൾ കടക്കാമെന്നു സ്വപ്നം കാണുന്ന കോൺഗ്രസ് നേതൃത്വത്തോട് അതല്ല ഇന്നത്തെ ഇന്ത്യൻ യാഥാർഥ്യം, എളുപ്പ വഴിയിൽ ക്രിയ ചെയ്യാൻ നിന്നാൽ മറ്റു ബദലുകൾ ഉയർന്നുവരും, അതുകൊണ്ടു കോൺഗ്രസ് മൂല്യങ്ങളിലാണ് വിശ്വാസമെങ്കിൽ രാഷ്ട്രീയം പറയാനും പ്രവർത്തിക്കാനും തയ്യാറാകണം എന്ന് നേതൃത്വത്തിന് മനസിലാകുന്ന വിധത്തിൽ, ഭാഷയിൽ ഓർമ്മിപ്പിക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസ് മൂല്യങ്ങളിൽ വിശ്വസിക്കുന്ന മനുഷ്യർക്കുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

കപിൽ സിബൽ പാർട്ടി വിട്ടതിനോടുള്ള കെ സി വേണുഗോപാലിന്റെ, എന്നുവച്ചാൽ കോൺഗ്രസിന്റെ, പ്രതികരണം നോക്കുകയായിരുന്നു.

ഒന്ന്: ഇതൊരു വലിയ പാർട്ടിയാണ്, ആളുകൾ വരും പോകും.
രണ്ട്: കോൺഗ്രസ് മൂല്യങ്ങളിൽ ഇപ്പോഴും താൻ അടിയുറച്ചു വിശ്വസിക്കുന്നു എന്ന് സിബൽ രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
***
വേണുഗോപാൽ പറഞ്ഞതൊക്കെ ശരിയാണ്. എല്ലാ പാർട്ടിയിലും ആളുകൾ വരാറുണ്ട്, പോകാറുണ്ട്. കോൺഗ്രസ് മൂല്യങ്ങളിൽ സിബലിന് വിശ്വാസമുണ്ട്.
പക്ഷെ എന്താണ് ശരിക്കും പറഞ്ഞത്?
എല്ലാ പാർട്ടിയിലും ആളുകൾ വരാറും പോകാറുമുണ്ട്. പക്ഷെ കോൺഗ്രസ് പാർട്ടിയിൽ കുറച്ചുകാലമായി അങ്ങിനെയല്ല. അവിടെ കൊള്ളാവുന്ന ആളുകളെ പുകച്ചു പുറത്തു ചാടിച്ചു ബി ജെ പിയിൽ എത്തിക്കുകയാണ്.
ഒരു വർഷം മുൻപ് ഈ സമയം കോൺഗ്രസിന്റെ പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ് ഇപ്പോൾ ബി ജെ പി പാളയത്തിലാണ്. എന്തിനായിരുന്നു അദ്ദേഹത്തെ അപമാനിച്ചു പുറത്തെത്തിച്ചത്? വാലും തലയും തിരിയാത്ത ആളുകളുടെ കൈയിൽ ആ അതിർത്തി സംസ്‌ഥാനം എത്തിച്ചു കൊടുത്തത്? പണ്ട് ഒരാളെ ഇടിച്ചുകൊന്നതിനു ഇപ്പോൾ ജയിലിൽ കിടക്കുന്ന ബി ജെ പി ക്കാരൻ സിദ്ദുവിനെ സംസ്‌ഥാന പ്രസിഡന്റാക്കിയത് എന്തിനായിരുന്നു?
ബി ജെ പി യെ പ്രതിരോധിക്കാൻ ചില ഏകാങ്ക നാടകങ്ങളും നെറ്റിയിലെ കുറിയും മതിയെന്ന പ്രിയങ്ക ഗാന്ധിയുടെ എളുപ്പവഴി രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ പഞ്ചാബ്.
അസമിലെ മുഖ്യന്ത്രി ഹിമാന്ത ശർമയെപ്പറ്റി ഞാൻ എഴുതിയിട്ടുണ്ട്. അമിത് ഷായുടെ പിൻഗാമി എന്ന് പലരും കരുതുന്ന ആ പഴയ കോൺഗ്രസുകാരൻ പറഞ്ഞത് “അസമിലെ പ്രധാനപ്പെട്ട ചില കാര്യം പറയാൻ ഞാൻ ചെന്നപ്പോൾ എന്നെ കേൾക്കുന്നതിലും പ്രധാനം രാഹുൽ ഗാന്ധിയ്ക്ക് അദ്ദേഹത്തിൻറെ പട്ടിയ്ക്കു ബിസ്കറ്റ് കൊടുക്കുകയായിരുന്നു” എന്ന്. ഇന്നിപ്പോൾ നോർത്ത് ഈസ്റ്റിൽ ബി ജെ പി പിടിമുറുക്കിക്കൊണ്ടിരിക്കുന്നു.
ട്വിറ്ററിൽ പടവെട്ടും കടലിൽകുളിയും പൊറോട്ടയും പരിപ്പുവടയുമായി ബി ജെ പി യെ നേരിടുന്ന രാഹുൽ ഗാന്ധിയുടെ എളുപ്പ വഴിയിൽ ക്രിയ ചെയ്യാനുള്ള ആക്രാന്തത്തിന്റെ ബാക്കിപത്രമാണ് അത്.
മമത ബാനർജി, ജഗൻ, ഹിമന്ത ശർമ്മ, പുതിയ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ…കോൺഗ്രസിൽ നിന്ന് പോയ ആളുകൾ രാഷ്ട്രീയത്തിൽ മെച്ചപ്പെടുകയും കോൺഗ്രസ് ഒന്നിനൊന്നു താഴേക്കുപോകുകയും ചെയ്യുന്നത് കോൺഗ്രസ് സംഘടനാ സെക്രട്ടറി കാണുന്നില്ല. അല്ലെങ്കിൽ കണ്ടതായി ഭാവിക്കുന്നില്ല.
കർണ്ണാടക, മധ്യപ്രദേശ് രാജസ്ഥാൻ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കണ്ട ഇന്ത്യയുടെ ഒരു പടം ഓർമ്മവരുന്നുണ്ട്. സംസ്‌ഥാനങ്ങളുടെ ചിത്രം പല നിറങ്ങളിൽ കൊടുത്തിട്ടു അടിക്കുറുപ്പാണ്‌: ചാണകം ചവിട്ടാതെ ഡല്ഹിയിലെത്താം.
ഇപ്പോൾ ആ ഓപ്‌ഷനില്ല.
കാരണം, എളുപ്പവഴിയിൽ ക്രിയ ചെയ്യാനിറങ്ങിയാൽ ആ ക്രിയയിലും കോൺഗ്രസിനേക്കാൾ മിടുക്കരായ ബി ജെ പി രണ്ടു സംസ്‌ഥാനങ്ങൾ കോൺഗ്രസിൽ നിന്നും വിലയ്ക്ക് വാങ്ങി.
“കോൺഗ്രസിൽ ആളുകൾ വരും, പോകും.”
കണ്ണടച്ചു ഇരുട്ടാക്കുക.
അതാണ് സുഖം.
അതാണ് എളുപ്പം.
***
സിബലിന്റെ അടുത്ത വാചകത്തിന്റെ ആഴം, അതിന്റെ പ്രത്യാഘാതം എത്രയുണ്ടെന്നു കോൺഗ്രസ് സംഘടനാ സെക്രട്ടറി ആലോചിക്കുന്നേയില്ല.
കോൺഗ്രസിന്റെ മൂല്യങ്ങളിൽ താൻ ഇപ്പോഴും വിശ്വസിക്കുന്നു എന്നാണ് സിബൽ പറഞ്ഞത്.
അതുകൊണ്ട്?
അതുകൊണ്ട് താൻ പാർട്ടി വിടുന്നു; ഇന്നത്തെ ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട കോൺഗ്രസ് മൂല്യമായ മതേതരത്തിൽ ഉറച്ചുനിൽക്കുന്ന മറ്റൊരു പാർട്ടിയിലുമായി ചേർന്ന് പ്രവർത്തിക്കുന്നു.
എന്നുവച്ചാൽ,
സംഘ പരിവാരം നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ഇന്ത്യയെ നിലനിർത്തുന്ന അടിസ്‌ഥാന ശിലകൾക്കു ക്ഷീണം വന്നുതുടങ്ങിയിരിക്കുന്നു. അതിനെ ചെറുക്കണമെങ്കിൽ കോൺഗ്രസ് മൂല്യങ്ങളാണ് വേണ്ടത്; പക്ഷെ ഈ കോൺഗ്രസ് പാർട്ടിയ്ക്ക് അത് ചെയ്യാനാവില്ല. ഈ പാർട്ടിയിൽ ഇനി പ്രതീക്ഷ വച്ചിട്ട് കാര്യമില്ല.
‘There is no alternative’ ‘മറ്റൊരു മതേതര ബദലില്ല’ എന്ന കോൺഗ്രസ് വാദത്തെ, അതിന്റെ പേരിൽ കോൺഗ്രസ് കാട്ടികൂട്ടുന്ന കോമാളിത്തരങ്ങളെ, ലളിതമായി തുറന്നുകാട്ടുകയാണ്, രണ്ടു ഡൈനോസറുകൾ മാത്രമുള്ള ജുറാസിക് പാർക്കാക്കി ഇന്ത്യയെ മാറ്റരുതെന്നു രാജ്യസഭയിൽ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കണ്ണിൽ നോക്കി പറഞ്ഞ സിബൽ.
രാഷ്ട്ര സംവിധാനത്തിന്റെ എല്ലാ അടിസ്‌ഥാന ശിലകളും പരിവാരം ആക്രമിച്ചു ദുര്ബലമാക്കുകയും ഇതിനു മുന്പില്ലാത്തവിധം ഒരു വിഭാഗം ജനങ്ങളെ ഭീകരമാം വിധം അരികുവൽക്കരിക്കുകയും ചെയ്യുമ്പോൾ അതിനെ എതിരിടാൻ മറ്റൊരു ബദലുണ്ടെന്നു പറയുകയാണ് സിബൽ ചെയ്യ്തത്.
പക്ഷെ കോൺഗ്രസ് സെക്രട്ടറിയ്ക്കു അതുപക്ഷേ അഭിമാനപൂർവ്വം പ്രദർശിപ്പിക്കാനുള്ള സർട്ടിഫിക്കറ്റാണ്! മുഖത്തുനോക്കി ആട്ടിയാലും അത് ആരും കാണാതെ തുടച്ചുകളഞ്ഞു അയാൾ സർട്ടിഫിക്കറ്റുമായി പ്രത്യക്ഷപ്പെടും.
അയാൾ അതെ ചെയ്യൂ.
അത് മതി.
അതാണ് എളുപ്പം
“ജ്യാമിതിയിലേക്കു രാജപാതകളില്ല പ്രഭോ” എന്ന് ടോളമി ചക്രവർത്തിയോട് പറഞ്ഞ യൂക്ലിഡിനെ ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള വേണുഗോപാലിന് അറിയാതെയല്ല. പക്ഷെ അവസാനത്തെ കഴുക്കോലും ആരെങ്കിലും ഊരിയെടുക്കുന്നതുവരെ അയാളായി അത് കോൺഗ്രസ് ചക്രവർത്തിയോട് പറയില്ല.
അയാൾക്ക്‌ അതിനപ്പുറം ആവശ്യമില്ല. ബി ജെ പി യിലേക്ക് പോകേണ്ടിവന്നാൽ പോകും എന്ന് പറഞ്ഞ കോൺഗ്രസിന്റെ കേരളത്തിലെ അധ്യക്ഷനും അതിന്റെ ആവശ്യമില്ല.
പക്ഷെ,
രാഷ്ട്രീയം പറയേണ്ടപ്പോൾ പറയാതെയും പ്രവർത്തിക്കേണ്ടപ്പോൾ പ്രവർത്തിക്കാതെയും സമയമാകുമ്പോൾ വരയും കുറിയും തിലകവുമായി പ്രത്യക്ഷപ്പെട്ടു സഹതാപത്തോണിയിൽ കയറി തെരഞ്ഞെടുപ്പ് പുഴകൾ കടക്കാമെന്നു സ്വപ്നം കാണുന്ന കോൺഗ്രസ് നേതൃത്വത്തോട് അതല്ല ഇന്നത്തെ ഇന്ത്യൻ യാഥാർഥ്യം, എളുപ്പ വഴിയിൽ ക്രിയ ചെയ്യാൻ നിന്നാൽ മറ്റു ബദലുകൾ ഉയർന്നുവരും, അതുകൊണ്ടു കോൺഗ്രസ് മൂല്യങ്ങളിലാണ് വിശ്വാസമെങ്കിൽ രാഷ്ട്രീയം പറയാനും പ്രവർത്തിക്കാനും തയ്യാറാകണം എന്ന് നേതൃത്വത്തിന് മനസിലാകുന്ന വിധത്തിൽ, ഭാഷയിൽ ഓർമ്മിപ്പിക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസ് മൂല്യങ്ങളിൽ വിശ്വസിക്കുന്ന മനുഷ്യർക്കുണ്ട്.

കപിൽ സിബൽ ഇപ്പോഴും കോൺഗ്രസ് മൂല്യങ്ങളിൽ വിശ്വസിക്കുന്ന മനുഷ്യനാണ്.

---- facebook comment plugin here -----

Latest