mega thiruvathira
'ഇങ്ങനെയൊരു കപട ജന്മങ്ങള്‍ ഈ ലോകത്ത് വേറെയില്ല'; മെഗാ തിരുവാതിരയില്‍ സി പി എമ്മിനെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം
ധീരജ് കൊല്ലപ്പെട്ട ദിവസം അതിനെ അപലപിക്കാതെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി ടി ബല്‍റാം ചിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിനെതിരെ സി പി ഐ എം സൈബര്‍ വിഭാഗം വലിയ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു
പാലക്കാട് | കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സി പി എം ജില്ലാ കമ്മിറ്റി നടത്തിയ 502 പേര്‍ ഉള്‍പ്പെട്ട മെഗാ തിരുവാതിര വിവാദമാകുന്നതിനിടെ, എസ് എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിനിടെ ഇത് നടത്തിയതും ആയുധമാക്കി പ്രതിപക്ഷം. പാര്‍ട്ടിയും പ്രവര്‍ത്തകരും ധീരജിന്റെ രക്തസാക്ഷിത്വത്തില്‍ ദുഃഖാചരണം നടത്തുമ്പോള്‍ ഇങ്ങനെയൊരു ആഘോഷ പരിപാടി നടത്തിയതും വിവാദത്തിന് ചൂട് പകരുന്നു. ധീരജ് കൊല്ലപ്പെട്ട ദിവസം അതിനെ അപലപിക്കാതെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി ടി ബല്‍റാം ചിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിനെതിരെ സി പി ഐ എം സൈബര്‍ വിഭാഗം വലിയ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ തിരുവാതിരെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ് വി ടി ബല്‍റാം. ഒരു ഭാഗത്ത് സി പി എമ്മിലെ സൈബര്‍ മഹിളകളുടെ ഏങ്ങിക്കരച്ചിലുകള്‍, വൈകാരിക മെലോഡ്രാമകള്‍, തെറിവിളികള്‍, പ്രതിരോധമല്ല പ്രതികരണമാണ് വേണ്ടത് എന്നൊക്കെപ്പറഞ്ഞുള്ള കലാപാഹ്വാനങ്ങള്‍. മറുഭാഗത്ത് സി പി എമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. കൂടെ കയ്യടിച്ചാസ്വദിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ള ഉയര്‍ന്ന നേതാക്കള്‍. ഇങ്ങനെയൊരു കപട ജന്മങ്ങള്‍ ഈ ലോകത്ത് വേറെയില്ല എന്നായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.
ആള്‍ക്കൂട്ട നിയന്ത്രണം നിലനില്‍ക്കെ സി പി എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരയാണ് വിവാദത്തിലായത്. അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത തിരുവാതിര പാറശ്ശാലയിലാണ് അരങ്ങേറിയത്. 500ല്‍ അധികം പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. പൊതുപരിപാടിയില്‍ 150 പേരെ പങ്കെടുക്കാവു എന്ന നിയന്ത്രണം നിലനില്‍ക്കെയാണ് ഇത്രയധികം പേര്‍ പങ്കെടുത്ത തിരുവാതിരക്കളി അരങ്ങേറിയത്.
കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹമരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണം, പൊതുയോഗങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിറകെയാണ് സി പി എം തന്നെ സമൂഹതിരുവാതിര സംഘടിപ്പിച്ചിരിക്കുന്നത്. പാറശ്ശാല ഏരിയ കമ്മിറ്റിയിലെ 502 സ്ത്രീകള്‍ ആണ് സമൂഹതിരുവാതിരയില്‍ പങ്കെടുത്തത്. കാഴ്ചക്കാരായും നിരവധി പേര്‍ എത്തിയിരുന്നു. സി പി എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും കാഴ്ചക്കാരായി വേദിയില്‍ ഉണ്ടായിരുന്നു.