Connect with us

cpim party confrence

'ജില്ലയിലെ പാര്‍ട്ടിയില്‍ കുലംകുത്തികള്‍ ഉണ്ട്'; വീണാ ജോര്‍ജ്ജിന് നേതൃത്വത്തിന്റെ പ്രതിരോധം

വീണാ ജോര്‍ജ്ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം പത്തനംതിട്ട ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു

Published

|

Last Updated

പത്തനംതിട്ട | ജില്ലയിലെ പാര്‍ട്ടിക്കുള്ളില്‍ കുലംകുത്തികള്‍ ഉണ്ടെന്ന് സി പി എം ജില്ലാ സെക്രട്ടറി. ഇവര്‍ അടുത്ത സമ്മേളനം കാണില്ലെന്നും പത്തനംതിട്ട ഏരിയാ സമ്മേളനത്തില്‍ മറുപടി പറയവെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. ഇവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാമെന്നും ഉദയഭാനു വ്യക്തമാക്കി.

2016 ല്‍ തന്നെ മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ വ്യക്തിഹത്യ ആരംഭിച്ചിട്ടുണ്ട്. പാര്‍ലമന്റെറി മോഹമുള്ളവര്‍ 2016 ലും 2021 ലും തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ജനപ്രതിനിധി ആയ ശേഷം പാര്‍ട്ടി അംഗമായ ആളാണ് വീണാ ജോര്‍ജ്ജ്. അവര്‍ പാര്‍ട്ടി ചട്ടക്കൂടിലേക്ക് എത്താന്‍ സമയമെടുക്കും. പാര്‍ട്ടി വിശ്യാസികള്‍ക്ക് എതിരല്ലെന്നും ഉദയഭാനു അഭിപ്രായപ്പെട്ടു.

വീണാ ജോര്‍ജ്ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം പത്തനംതിട്ട ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടാല്‍ എടുക്കാറില്ലെന്നും വിമര്‍ശനം ഉണ്ടായിരുന്നു. ഇതിന് മറുപടി പറയവെയാണ് പാര്‍ട്ടിയില്‍ കുലംകുത്തികള്‍ ഉണ്ടെന്ന് ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടത്. വീണാ ജോര്‍ജ്ജ് അംഗമായ ഏരിയാ കമ്മിറ്റിയാണ് പത്തനംതിട്ട.