pc george hate speech
'ഇത് കേരളമാണ്, ഭരിക്കുന്നത് എല്‍ ഡി എഫാണ്'; പി സി ജോര്‍ജ്, പോപുലർ ഫ്രണ്ട് വിഷയങ്ങളിൽ പിണറായി
'എന്തും വിളിച്ചുപറയാവുന്ന നാടല്ല നമ്മുടേത്.'
കൊച്ചി | മതവിദ്വേഷ പ്രസംഗത്തില്‍ ജാമ്യം റദ്ദാക്കപ്പെട്ട് പി സി ജോര്‍ജ് അറസ്റ്റിലായതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേരളമാണെന്നും ഭരിക്കുന്നത് എല്‍ ഡി എഫാണെന്നും അദ്ദേഹം കൊച്ചിയില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു.
എന്തും വിളിച്ചുപറയാവുന്ന നാടല്ല നമ്മുടേത്. മതനിരപേക്ഷതയുടെ സംസ്‌കാരമാണ് നമ്മുടേത്. മതനിരപേക്ഷതക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല എന്ന ദൃഢനിശ്ചയമാണ് എല്‍ ഡി എഫിന്. കടുത്ത മതസ്പര്‍ധയും വിദ്വേഷവുമുണ്ടാക്കുന്ന പ്രസംഗങ്ങളെയും ഭാഷണങ്ങളെയും എതിര്‍ക്കും. ചിലരോട് വേദമോതിയിട്ട് കാര്യമില്ലെന്നത് അന്വര്‍ഥമാക്കുന്നതാണ് പി സി ജോര്‍ജിന്റെ കേസും അദ്ദേഹത്തിൻ്റെ പ്രതികരണവുമെന്നും പിണറായി പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി നയിക്കുന്ന സര്‍ക്കാറിന്റെ സമീപനമാണ് കടുത്ത നടപടികള്‍ക്ക് കാരണം. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പത്ത് വയസ്സുകാരന്റെ പ്രകോപന മുദ്രാവാക്യത്തെയും മുഖ്യമന്ത്രി അപലപിച്ചു. ഈ സംഭവത്തിലും പോലീസ് കേസെടുത്ത് കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയത ഏത് എന്നത് നമ്മുടെ മുന്നില്‍ പ്രശ്‌നമല്ല. ഭൂരിപക്ഷ വര്‍ഗീയതായാലും ന്യൂനപക്ഷ വര്‍ഗീയതായായാലും കണക്കാണെന്നും അദ്ദേഹം പറഞ്ഞു.