Connect with us

Kerala

'കോണ്‍ഗ്രസിനോട് ഐക്യപ്പെടുന്നവര്‍ രാഷ്ട്രീയമായി അനാഥരാകില്ല'; ബിജെപിയിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് സന്ദീപ് വാര്യര്‍

ബിജെപി പാളയത്തില്‍ നിന്നും നേതാക്കളെ പാളയത്തിലെത്തിച്ച് കോണ്‍ഗ്രസില്‍ അടിത്തറ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിവേണം സന്ദീപിന്റെ നീക്കത്തെ വിലയിരുത്താന്‍

Published

|

Last Updated

കോഴിക്കോട്  | ബിജെപിയിലെ അസംതൃപ്തരെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാന്‍ ശ്രമവുമായി അടുത്തിടെ കോണ്‍ഗ്രസ് പാളയത്തിലെത്തിയ സന്ദീപ് വാര്യര്‍. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാന്‍ സന്നദ്ധതയുള്ളവര്‍ രാഷ്ട്രീയമായി അനാഥമാവില്ലെന്നു സന്ദീപ് വാര്യര്‍ പറയുന്നു.

വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ്, മതനിരപേക്ഷതയുടെ ഭാഗമാവാനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാനും സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല- സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബിജെപി പാളയത്തില്‍ നിന്നും നേതാക്കളെ പാളയത്തിലെത്തിച്ച് കോണ്‍ഗ്രസില്‍ തന്റെ അടിത്തറ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിവേണം സന്ദീപിന്റെ നീക്കത്തെ വിലയിരുത്താന്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയിലും പ്രാദേശിക നേതാക്കള്‍ക്കിടയിലും വളര്‍ന്ന് വരുന്ന അതൃപ്തി രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് സന്ദീപ്.

ബിജെപിയില്‍ നിന്ന് രാജിവെച്ച ബിജെപി മുന്‍ വയനാട് ജില്ലാ പ്രസിഡന്റ് കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ കെ പി മധുവുമായി ബന്ധപ്പെട്ടു. ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കെപി മധുവും സ്ഥിരീകരിച്ചിട്ടുണ്ട്. സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നും തീരുമാനം അലോചിച്ച് അറിയിക്കാമെന്ന് മറുപടി നല്‍കിയതായി കെപി മധു മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം എല്‍ഡിഎഫും യുഡിഎഫും കെപി മധുവിനെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. . ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് ആരോപിച്ച് കെ പി മധു ഇന്നലെയാണ് പാര്‍ട്ടി വിട്ടത്.

 

Latest