Connect with us

Uae

ദുബൈയില്‍ 'ട്രാക്‌ലെസ്' ട്രാം പദ്ധതി വരുന്നു

കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ 16 ബില്യണ്‍ ദിര്‍ഹം പദ്ധതി.

Published

|

Last Updated

ദുബൈ|എട്ട് സ്ഥലങ്ങളില്‍ ‘ട്രാക്‌ലെസ്’ ട്രാം പദ്ധതി നടപ്പാക്കുന്നത് പഠിക്കാന്‍ ദുബൈ കിരീടാവകാശിയും യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് (ആര്‍ ടി എ) നിര്‍ദേശം നല്‍കി. ഇത് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സമര്‍പ്പിത പാതകളില്‍ കാമറ ഗൈഡഡ് പെയിന്റ്ലൈനുകള്‍ ഉപയോഗിച്ച് വെര്‍ച്വല്‍ ട്രാക്കുകളില്‍ പ്രവര്‍ത്തിക്കും.

കുറഞ്ഞ ചെലവിലും പരമ്പരാഗത ട്രാമുകളെ അപേക്ഷിച്ച് വേഗത്തിലും നിര്‍മിക്കാനാകും. ഓരോ ട്രാമിനും 300 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ടാകും. പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്ററും പ്രവര്‍ത്തന വേഗം 25 മുതല്‍ 60 കിലോമീറ്റര്‍ വരെയുമാകണം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ട്രാമിന് സാധിക്കും. ദുബൈ ട്രാമിന്റെ പത്താം വാര്‍ഷികത്തിലാണ് പ്രഖ്യാപനം.

2024-2027 ലേക്ക് ഗതാഗത നവീകരണത്തിന് ആര്‍ ടി എക്ക് 16 ബില്ല്യണ്‍ ദിര്‍ഹം ലഭിക്കും. മെയിന്‍ റോഡ്‌സ് ഡെവലപ്‌മെന്റ്പ്ലാന്‍ 7 പ്രകാരമാണിത്. പൊതു ഗതാഗതത്തിലും പങ്കാളിത്ത ഗതാഗതത്തിലും പുരോഗതിക്ക് പുറമേ 22 പ്രധാന പദ്ധതികളും ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്ക് സേവന നിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനാണ് ഈ സംരംഭങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ റോഡ് പാതകള്‍, ട്രാമുകള്‍, സ്വയം ഓടുന്ന ബസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ദുബൈ ഗതാഗത പദ്ധതിയില്‍ നിര്‍മിത ബുദ്ധി ഉപയോഗം വ്യാപിപ്പിക്കും. ഇതില്‍ സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഒരു സ്വയം നിയന്ത്രിത ബസ് ഉള്‍പ്പെടുന്നു. ബസില്‍ 10-20 പേര്‍ക്ക് യാത്ര ചെയ്യാനാകും. മണിക്കൂറില്‍ 40 കി. മീ വേഗത്തില്‍ ഓടും. ആദ്യ, അവസാന മൈല്‍ ഗതാഗതത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പ്രധാന ട്രാന്‍സിറ്റ് ഹബുകളെ അന്തിമ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കും.

2025-ലും 2026-ലും സമര്‍പ്പിത ബസ്, ടാക്സി പാതകളുടെ വിപുലീകരണമാണ് മറ്റൊന്ന്. ഈ വിപുലീകരണം 13 കിലോമീറ്റര്‍ വരുന്ന ആറ് റൂട്ടുകള്‍ കൂട്ടിച്ചേര്‍ക്കും. ഇത് സമര്‍പ്പിത പാതകളുടെ ആകെ നീളം 20 കിലോമീറ്ററായി ഉയര്‍ത്തും. ഈ പാതകള്‍ പത്ത് ശതമാനം യാത്രക്കാരെ വര്‍ധിപ്പിക്കുകയും ബസ് വരവ് നിരക്ക് 42 ശതമാനം വര്‍ധിപ്പിക്കുകയും ബസ് യാത്രാ സമയം 41 ശതമാനം കുറക്കുകയും ചെയ്യും.

പത്ത് വര്‍ഷത്തിനുള്ളില്‍ 230 കോടി ദിര്‍ഹം വരുമാനം പ്രതീക്ഷിക്കുന്ന സാമ്പത്തിക നേട്ടങ്ങളോടെ, ദുബൈ സെല്‍ഫ്-ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ട് സ്ട്രാറ്റജി 2030-നെ പിന്തുണക്കുന്നതിനാണ് പാതകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം, അബൂദബിയില്‍, ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാന്‍സിറ്റ് (എ ആര്‍ ടി) വിപുലമാകുന്നുണ്ട്. ബസും ട്രാമും സംയോജിപ്പിച്ച് നഗരത്തിലെ തെരുവുകളില്‍ എത്തി.

റെയില്‍ സംവിധാനമില്ലാതെയാണ് ഈ വാഹനം പ്രവര്‍ത്തിക്കുന്നത്. നൂതനമായ ഇലക്ട്രിക് വാഹനത്തിന് 200 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും, ഇത് നഗരത്തിലെ സുസ്ഥിര ചലനാത്മകത വര്‍ധിപ്പിക്കുന്നു. റീം ഐലന്‍ഡിനെ മറീന മാളുമായി ബന്ധിപ്പിക്കുന്ന ട്രാക്കില്ലാത്ത ട്രാം സര്‍വീസ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. തലസ്ഥാനത്ത് 14 നിയുക്ത സ്റ്റോപ്പുകള്‍ ഉള്‍ക്കൊള്ളുന്നു.

 

 

Latest