Connect with us

Web Special

'നിക്ഷിപ്ത താത്പര്യക്കാര്‍'; ഡല്‍ഹി കലാപത്തിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കിയ എന്‍ ജി ഒകളെ കുറിച്ച് കേന്ദ്രം

കൊല്ലപ്പെട്ടവരില്‍ അധികവും മുസ്ലിംകള്‍ ആയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട സര്‍ക്കാറിതര സംഘടനകളുടെ (എന്‍ ജി ഒ) അന്വേഷണ റിപ്പോര്‍ട്ടുകളെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. നീതി നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരാണ് അവരെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചു. കലാപം സംബന്ധിച്ച വിവിധ റിപ്പോര്‍ട്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍മേശ് ശര്‍മ എന്നയാൾ സമർപ്പിച്ച പൊതുതാത്പര്യ ഹരജിയെ അനുകൂലിച്ച് സെപ്തംബര്‍ 19ന് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിലാണ് ഇക്കാര്യങ്ങളുള്ളത്. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് ഈ കേസ് ചൊവ്വാഴ്ച ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍ നേതൃത്വം നല്‍കിയ ബെഞ്ചിലേക്ക് കൈമാറിയതോടെ വീണ്ടും ചർച്ചയായി.

യഥാര്‍ഥ പ്രതിയെ ഇരയാക്കുന്നു

ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍, ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, സിറ്റിസണ്‍ ആന്‍ഡ് ലോയേഴ്‌സ് ഇനീഷ്യേറ്റീവ്, കോണ്‍സ്റ്റിറ്റ്യൂഷനല്‍ കണ്ടക്ട് ഗ്രൂപ് എന്നിവയുടെ റിപ്പോര്‍ട്ടുകളെയാണ് ഹരജിക്കാരന്‍ എതിര്‍ത്തത്. കലാപം സംബന്ധിച്ച് ഏതെങ്കിലും സത്യാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ നിന്ന് സ്വകാര്യ- ബാഹ്യ ജുഡീഷ്യല്‍ ട്രിബ്യൂണലുകളെ വിലക്കണമെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്. വ്യാജവും തെറ്റായതും അര്‍ധസത്യവുമായ കാര്യങ്ങളാണ് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ഈ സ്വകാര്യ, ബാഹ്യ ജുഡീഷ്യല്‍ കമ്മീഷനുകള്‍ തെളിവുകള്‍ ശേഖരിക്കുന്നതിലേക്കും റെക്കോര്‍ഡ് ചെയ്യുന്നതിലേക്കും കടന്നിരിക്കുകയാണ്. നിയമപരമായ അന്വേഷണമെന്ന പേരില്‍ പൂര്‍ണമായും പക്ഷപാത റിപ്പോര്‍ട്ടുകളാണ് ഇവര്‍ തയ്യാറാക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

യഥാര്‍ഥ പ്രതിയെ ഇരയായും യഥാര്‍ഥ ഇരയെ പ്രതിയായും ചിത്രീകരിക്കുകയാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്നും കേന്ദ്രം പറയുന്നു. അന്താരാഷ്ട്ര എന്‍ ജി ഒകളായ ആംനസ്റ്റിയുടെയും ഗ്രീന്‍പീസിന്റെയും റിപ്പോര്‍ട്ടുകളെ കേന്ദ്രം പ്രത്യേകം എതിര്‍ത്തു. ഇത്തരം സംഘടനകളുടെ ഇടപെടല്‍ ശാഖോപശാഖകളായി പടരുകയാണ്. ഇവ ആഭ്യന്തര കാര്യങ്ങളിലും ക്രിമിനല്‍ നീതിന്യായ സംവിധാനത്തിലും ഇടപെടുന്നത് ഉത്തരവിലൂടെ വിലക്കണം. പ്രത്യേക സമുദായത്തിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടാൻ നിശ്ചിതരീതിയിലുള്ള ആഖ്യാനമാണ് അധിക സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കുള്ളതെന്നും കേന്ദ്രം കുറ്റപ്പെടുത്തി.

പോലീസ് കാഴ്ചക്കാരായി

പൗരത്വ ഭേദഗതി നിയമത്തിനെതിരായി അലയടിച്ച ജനകീയ പ്രക്ഷോഭ വേളയിലാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപമുണ്ടായത്. ഫെബ്രുവരി 20നായിരുന്നു ഇത്. 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ അധികവും മുസ്ലിംകള്‍ ആയിരുന്നു. സംഘര്‍ഷ സ്ഥലത്തുണ്ടായിട്ടും പോലീസ് ഇടപെട്ടില്ലെന്ന് 2020 ആഗസ്റ്റില്‍ പുറത്തുവന്ന ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൗരത്വ ഭേദഗതി വിരുദ്ധ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ മാത്രമാണ് പോലീസ് ഇടപെട്ടത്. ഇരകളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഘര്‍ഷത്തിലെ ഇരകള്‍ക്ക് 2020 മാര്‍ച്ചില്‍ ഗ്രീന്‍പീസ് സംഘടന ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. ചര്‍ച്ചയിലൂടെയും അഹിംസയിലൂടെയും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആഹ്വാനം ചെയ്തു. എല്ലാവര്‍ക്കും തുല്യാവകാശം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടന, നാനാത്വം ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. സമാധാനപരമായ പ്രതിഷേധത്തിലൂടെ അഭിപ്രായ സ്വാതന്ത്ര്യവും മതം ആചരിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന നല്‍കുന്നു. ഈ മൂല്യങ്ങളെയും നിയമവാഴ്ചയെയും ഈ ഘട്ടത്തില്‍ മാനിക്കാന്‍ തങ്ങള്‍ പറയുകയാണെന്നും ഗ്രീന്‍പീസിന്റെ പ്രസ്താവനയിലുണ്ടായിരുന്നു.

Latest