Kerala
'വിമുക്തി' നോക്കുകുത്തി; സംസ്ഥാനത്ത് മദ്യ, മയക്കു മരുന്ന് വില്‍പ്പന സജീവമാകുന്നതായി എക്സൈസ് വകുപ്പും
മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുവാന്‍ ലക്ഷ്യമിട്ടുമാണ് വിമുക്തി എന്ന ബോധവത്ക്കരണ മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുളളത്.

പത്തനംതിട്ട | മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുവാന്‍ ലക്ഷ്യമിട്ടും എല്‍ ഡി എഫ് സര്‍ക്കാര്‍ രൂപം നല്‍കിയ വിമുക്തി എന്ന ബോധവത്ക്കരണ മിഷന്‍ നോക്കുകുത്തി. ഇത് വ്യക്തമാക്കുന്നതാണ് സംസ്ഥാനത്ത് സര്‍ക്കാര്‍, അംഗീകൃത സംവിധാനങ്ങള്‍ക്ക് പുറത്ത് മദ്യ, മയക്കു മരുന്ന് വില്‍പ്പന സജീവമാകുന്നതായുള്ള എക്സൈസ് വകുപ്പിന്റെ കണക്കുകള്‍.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ 2024 ഡിസംബര്‍ 31 വരെ അബ്കാരി കേസുകളിലായി 1,89,667.55 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 78,534.05 ലിറ്റര്‍ സ്പിരിറ്റും 22,932.87 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തതായാണ് എക്സൈസ് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞത്. ഇതിനോടൊപ്പം 12,12,297.60 ലിറ്റര്‍ വാഷും 10,796.68 ലിറ്റര്‍ അരിഷ്ടവും 9,211.33 ലിറ്റര്‍ ബിയറും 64,165 ലിറ്റര്‍ കള്ളും 58,940.76 ലിറ്റര്‍ അന്യ സംസ്ഥാന മദ്യവും 11,215.95 ലിറ്റര്‍ അനധികൃത മദ്യവും 15,505.63 ലിറ്റര്‍ വൈനും അനധികൃത വില്‍പ്പനക്കാരില്‍ നിന്നും പിടിച്ചെടുത്തു. ഇത് കൂടാതെ സംസ്ഥാനത്ത് കണ്ടെടുത്ത എന്‍ ഡി പി എസ് കേസുകളില്‍ 13,656.64 കിലോ ഗ്രാം കഞ്ചാവ്, 24,537.564 ഗ്രാം എം ഡി എം എ, 8,367 കഞ്ചാവ് ചെടികള്‍, 47,987 ഗ്രാം എന്‍ എസ് ഡി, 58,530.172 ഗ്രാം ഹാഷിഷ് ഓയില്‍, 692.090 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 2,108.069 ഗ്രാം ഹെറോയിന്‍, 3,086.97 ഗ്രാം നാര്‍ക്കോട്ടിക് ഗുളികകള്‍ എന്നിവയും വിവിധ കേസുകളിലായി പിടിച്ചെടുത്തവയില്‍പ്പെടുന്നു.
2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് എക്സൈസ് വകുപ്പ് 69,236 അ്കാരി കേസുകളും 24,670 എന്‍ ഡി പി എസ് കേസുകളും 2,89,219 കോപ്ട കേസുകളും രജിസ്റ്റര്‍ ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ അബ്കാരി കേസുകളില്‍ 56,204 പേരെയും എന്‍ ഡി പി എസ് കേസുകളില്‍ 24,124 പേരെയും ഈ കാലയളവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ നേരിട്ട് നടത്തുന്ന വിദേശ മദ്യ വില്‍പ്പനശാലകള്‍, അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവയക്ക് പുറത്ത് നടക്കുന്ന വ്യാപാര ശൃംഖലയില്‍ നിന്നുമാണ് കുറഞ്ഞ കാലയളവില്‍ ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നതും മദ്യ, മയക്കുമരുന്ന് വില്‍പ്പനയുടെ വ്യാപനത്തിന്റെ തോത് വ്യക്തമാക്കുന്നു. പിടിച്ചെടുക്കുന്ന വ്യാജ മദ്യ, മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തനാകാത്തതും എക്സൈസ് വകുപ്പ് നേരിടുന്ന പ്രതിസന്ധി സൂചിപ്പിക്കുന്നു. ഉറവിടം കണ്ടെത്താന്‍ അബ്കാരി, എന്‍ ഡി പി എസ്, കോപ്ട കേസുകളിലെ ശാസ്ത്രീയമായ അന്വേഷണം സുഗമമാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ നാല് ചോദ്യം ചെയ്യല്‍ മുറികള്‍ സംസ്ഥാനത്ത് നിലവിലുണ്ട്.
വിമുക്തി
മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുവാന്‍ ലക്ഷ്യമിട്ടുമാണ് വിമുക്തി എന്ന ബോധവത്ക്കരണ മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുളളത്. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ടുവരലും നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യലുമാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ പദ്ധിക്കായി അനുവദിക്കുന്ന തുകയുടെ 85 ശതമാനവും വിമുക്തി മിഷന്റെ ഭാഗമായി നിയമിച്ചിട്ടുള്ള താത്ക്കാലിക, കരാര്‍ ജീവനക്കാരുടെ ശമ്പളത്തിനായാണ് ഉപയോഗിക്കുന്നത്. വിമുക്തി പദ്ധതികള്‍ക്കായി നിലവില്‍ 2023-24 സാമ്പത്തിക വര്‍ഷം സംസ്ഥാന എക്സൈസ് വകുപ്പ് 9.43 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ 83.15 ശതമാനം പദ്ധതി തുകയും ചെലവഴിച്ചു. അതായത് 7.84 കോടി രൂപ ചെലവഴിച്ചു. 2024-25 സാമ്പത്തിക വര്‍ഷവും 9.18 കോടി രൂപ വിമുക്തി പദ്ധതിയുടെ പേരില്‍ വകയിരുത്തിയിട്ടണ്ട്. ഇതില്‍ എട്ട് കോടി രൂപയില്‍ അധികവും ഡി അഡിക്ഷന്‍ സെന്ററുകള്‍, 14 ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവയുടെ താത്ക്കാലിക, കരാര്‍ ജീവനക്കാരുടെ വേതനത്തിനായി വകയിരുത്തിയിട്ടുള്ളതാണ്. എന്നാല്‍, പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരുന്ന സ്‌കൂളുകളിലെ ആന്റി നാര്‍ക്കോട്ടിക് ക്ലബുകള്‍ ശക്തിപ്പെടുത്താന്‍ 25 ലക്ഷവും ഉണര്‍വ് പദ്ധതി നടപ്പാക്കാന്‍ 23.54 ലക്ഷവും ആദിവാസി , തീരപ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, എന്‍ എസ് എസ്, എസ് പി സി, എന്‍ സി സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ആന്റി നാര്‍ക്കോട്ടിക് ക്ലബുകള്‍, നേര്‍ക്കൂട്ടം, റസിഡന്റ് അസോസിയേഷനുകള്‍, അതിഥി തൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് 30 ലക്ഷവും, അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍, കെ എസ് ആര്‍ ടി സി, റെയില്‍വേ, സാമൂഹിക മാധ്യമ പ്രചാരണത്തിന് 25 ലക്ഷവുമാണ് 2024-25 സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ളത്.