Connect with us

From the print

'ഡീസല്‍ ബള്‍ക്ക് പര്‍ച്ചേസ് നിരക്ക് അറിയണം'; കെ എസ് ആര്‍ ടി സിയുടെ ആവശ്യം അതിരുകടന്നതെന്ന് സുപ്രീം കോടതി

ഹരജി ഡിവിഷന്‍ ബഞ്ച് തള്ളി.

Published

|

Last Updated

ന്യൂഡല്‍ഹി | ബള്‍ക്ക് പര്‍ച്ചേസര്‍മാരില്‍ നിന്ന് ഡീസലിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്ത് കെ എസ് ആര്‍ ടി സി നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജി തള്ളിയത്.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ ബള്‍ക്ക് പര്‍ച്ചേസര്‍മാര്‍ക്കുള്ള ഡീസല്‍ നിരക്ക് നിശ്ചയിക്കുന്ന രീതി അറിയണമെന്ന കെ എസ് ആര്‍ ടി സിയുടെ ആവശ്യം അതിരുകടന്നതാണെന്ന് ബഞ്ച് നിരീക്ഷിച്ചു. പ്രതിദിനം നാല് ലക്ഷത്തിലധികം ലിറ്റര്‍ ഡീസലാണ് ആവശ്യമായി വരുന്നതെന്ന് കെ എസ് ആര്‍ ടി സി ചൂണ്ടിക്കാട്ടി.

എന്നാല്‍, ബള്‍ക്ക് പര്‍ച്ചേസര്‍ എന്ന നിലയില്‍ വിപണി വിലയെക്കാള്‍ ലിറ്ററിന് 20ഓളം രൂപയാണ് പൊതുമേഖലാ കമ്പനികള്‍ അധികമായി ഈടാക്കാന്‍ തീരുമാനിച്ചത്. 2015ല്‍ കെ എസ് ആര്‍ ടി സിയും പൊതുമേഖലാ എണ്ണക്കമ്പനികളും എണ്ണവില കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാര്‍ നിലനില്‍ക്കെയാണ് ഏകപക്ഷീയമായി വില സംബന്ധിച്ച നയം മാറ്റിയത്. ഇതിനെതിരെ ആര്‍ബിട്രേഷന്‍ പോലുള്ള നടപടികളിലേക്ക് കടക്കാന്‍ കഴിയുന്നില്ലെന്നും കെ എസ് ആര്‍ ടി സി ചൂണ്ടിക്കാട്ടി.

എന്നാല്‍, പൊതുമേഖലാ എണ്ണക്കമ്പനികളുടെ നിരക്ക് അധികമാണെങ്കില്‍, കോര്‍പറേഷന്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കുകയല്ലേ നല്ലതെന്ന് സുപ്രീം കോടതി ചോദിച്ചു. കെ എസ് ആര്‍ ടി സിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഡീസല്‍ വില നിര്‍ണയത്തില്‍ ഹൈക്കോടതിക്ക് ഒരു കാര്യവുമില്ലെന്ന് കോടതി പറഞ്ഞു.

 

Latest