Kerala
'വഖഫ് കിരാതം, പൂട്ടിക്കെട്ടും'; വിവാദ പ്രസ്താവനയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
വഖ്ഫ് ബില്ല് പാസ്സാക്കിയിരിക്കുമെന്നും അതിന് 58 അല്ല അതില്‍ കൂടുതല്‍ നെഞ്ചളവ് പ്രധാനമന്ത്രിക്കുണ്ടെന്നും സുരേഷ് ഗോപി.
കല്‍പ്പറ്റ | വഖ്ഫ് വിഷയത്തിൽ വിവാദ പ്രസ്താനയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇംഗ്ലീഷിൽ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതമാണ് വഖഫ് നിയമമാണെന്നും അത് പൂട്ടിക്കെട്ടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.
‘കിരാതമാണ്, അത് പൂട്ടിക്കെട്ടും. അമിത് ഷായുടെ ഓഫീസില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ കിട്ടിയിട്ടുണ്ട്. അത് മണ്ഡലത്തിലെ നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അത് പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തെ സംരക്ഷിക്കലല്ല മോദിയുടെ നയം. മണിപ്പൂര്‍ പൊക്കി നടന്നവരെ ഇപ്പോള്‍ കാണാനില്ല, അവര്‍ക്ക് അത് വേണ്ട, മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്’ – സുരേഷ് ഗോപി പറഞ്ഞു.
വഖ്ഫ് ബില്ല് പാസ്സാക്കിയിരിക്കുമെന്നും സുരേഷ് ഗോപി ആവർത്തിച്ചു. അതിന് 58 അല്ല അതില്‍ കൂടുതല്‍ നെഞ്ചളവ് പ്രധാനമന്ത്രിക്കുണ്ട്. ആ കിരാതം അവസാനിപ്പിച്ചിരിക്കും എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്തിരിക്കും. ഒടുങ്ങിവീഴുന്നത് നമുക്ക് കണ്ണുകൊണ്ട് കാണാം. തൃശൂരിലേത് പോലെ പ്രജകള്‍ വയനാട്ടിലും ബി ജെ പിക്കൊപ്പം നില്‍ക്കണം. പൗരത്വ നിയമ ഭേദഗതി ബില്ല് വന്നപ്പോള്‍ കേരളത്തിലെ ചില വിഭാഗക്കാര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പലതും വിളിച്ചുപറഞ്ഞു. എന്നിട്ട് ഒന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം മേഖലകളില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ സ്ത്രീകളുടെ വിഷയത്തില്‍ ഇടപെട്ട് പല തവണ പോലീസ് സ്റ്റേഷനുകളില്‍ താന്‍ കയറിയിറങ്ങിയിരുന്നു. എന്നാല്‍ വനിതാ എസ് പി ആയിട്ട് കൂടി സ്ത്രീകളുടെ വിഷയത്തില്‍ കേസെടുക്കാന്‍ തയ്യാറായില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു.