Connect with us

National

'നമ്മൾ ജീവിക്കുന്നത് പാശ്ചാത്യ രാജ്യത്തല്ല'; ലിവിൻ ടു ഗതർ ബന്ധത്തെ വിമർശിച്ച് അലഹബാദ് ഹൈക്കോടതി

ഇന്ത്യക്കാര്‍ സംസ്‌കാരത്തിലും പാരമ്പര്യത്തിലും വിശ്വസിക്കുന്നവരാണെന്നും ഹൈക്കോടതി

Published

|

Last Updated

അലഹബാദ് | ലിവിന്‍ ടു ഗദര്‍ വ്യാപകമായ പാശ്ചാത്യന്‍ രാജ്യങ്ങളിലല്ല നമ്മള്‍ താമസിക്കുന്നതെന്ന് അലഹബാദ് ഹൈക്കോടതി. ഇന്ത്യക്കാര്‍ സംസ്‌കാരത്തിലും പാരമ്പര്യത്തിലും വിശ്വസിക്കുന്നവരാണെന്നും ഹൈക്കോടതി പറഞ്ഞു. 29 വയസ്സ് പ്രായമുള്ള തന്റെ പങ്കാളിയെ വീട്ടുകാര്‍ ബലമായി വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് കാണിച്ച് 32 വയസ്സുള്ള യുവാവ് നല്‍കിയ ഹേബിയസ് കോപ്പസ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഷമീം അഹമ്മദ് ഇങ്ങനെ നിരീക്ഷിച്ചത്.

ഹര്‍ജിക്കാരന്റെ വാദങ്ങൾ ബോധ്യപ്പെടാത്തതിനെ തുടർന്ന് കോടതി ലിവിന്‍ റിലേഷന്‍ഷിപ്പ് ഇന്ത്യയില്‍ സാധാരണമല്ലെന്ന് നിരീക്ഷിച്ചു. സമൂഹത്തിലെ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഇത്തരം ഹര്‍ജികളില്‍ കോടതി ഒരുതരത്തിലുള്ള ന്യായീകരണവും കാണുന്നില്ല. ഇത്തരം കേസുകളില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹം ചെയ്യുന്നതിന് പോലും ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് ചൂണ്ടിക്കാട്ടി.

ഹേബിയസ് കോപ്പസ് ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാരന് 25000 രൂപ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ 2011 മുതല്‍ പെണ്‍കുട്ടിയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഹര്‍ജിക്കാരനായ ആഷിഷ് കുമാര്‍ പറഞ്ഞു. ഇവര്‍ക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാൽ, വീട്ടുകാര്‍ പെണ്‍കുട്ടിയെ വീട്ടില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും കുമാറിനെ കാണാൻ അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തടവിലാക്കപ്പെട്ട പെണ്‍കുട്ടിയുടെ കത്തും ഫോട്ടോകളും കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും സമൂഹത്തില്‍ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പേര് കളങ്കപ്പെടുത്താനാണ് ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്ക്യൂഷന്റെ വാദം ശരിയാണെന്ന് വിലയിരുത്തിയ കോടതി ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച ഫോട്ടോകളും കത്തും വ്യാജമാണെന്ന് കരുതുന്നതായും വ്യക്തമാക്കി. കഴിഞ്ഞ 13 വര്‍ഷമായി പ്രണയത്തിലായിട്ടും എന്ത് കൊണ്ടാണ് വിവാഹം കഴിക്കാതിരുന്നതെന്നും കോടതി ചോദിച്ചു. കുമാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തന്ത്രപരമായി സൃഷ്ടിച്ചതാണെന്നും കോടതി കണ്ടെത്തി.

അഡ്വ : രാജീവ് ഡബ്ബി ഹര്‍ജിക്കാരന് വേണ്ടി ഹാജരായി. പ്രോസിക്ക്യൂഷന് വേണ്ടി അഡ്വ : അശോക് കുമാറും ഹാജരായി.