Connect with us

National

'നിങ്ങളുടെ സിംഹക്കുട്ടിയെ ഞങ്ങള്‍ കൊന്നു'; പഞ്ചാബില്‍ കബഡി താരത്തെ വെട്ടിക്കൊന്ന് പ്രതികളുടെ ആക്രോശം

സംഭവത്തില്‍ ആറ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Published

|

Last Updated

കപൂര്‍ത്തല| പഞ്ചാബില്‍ കബഡി താരത്തെ വെട്ടിക്കൊന്ന് മൃതദേഹം വീടിനു മുന്നില്‍ തള്ളി. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് കബഡി താരത്തെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കൊലപാതകത്തിനുശേഷം ‘നിങ്ങളുടെ സിംഹക്കുട്ടിയെ ഞങ്ങള്‍ കൊന്നു’ എന്ന് പ്രതികള്‍ മാതാപിതാക്കളോട് ആക്രോശിച്ചതായും പോലീസ് പറഞ്ഞു. പഞ്ചാബിലെ കപൂര്‍ത്തല ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.

ഹര്‍ദീപ് സിംഗ് (22)എന്ന യുവ കബഡി താരമാണ് കൊല്ലപ്പെട്ടത്. പ്രദേശവാസിയായ പ്രതി ഹര്‍പ്രീത് സിംഗുമായി ദീര്‍ഘനാളായി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ മകനെതിരെ കേസുണ്ടായിരുന്നെന്നും ഹര്‍ദീപിന്റെ പിതാവ് ഗുര്‍നാം സിംഗ് പരാതിയില്‍ പറയുന്നു. പോലീസിനെ പേടിച്ച് മകന്‍ വീട്ടില്‍ താമസിച്ചിരുന്നില്ല.

ബേങ്ക് പാസ്ബുക്ക് എടുക്കാനായി ചൊവ്വാഴ്ച വൈകിട്ട് ഹര്‍ദീപ് വീട്ടില്‍ എത്തിയിരുന്നു. ബുധനാഴ്ച്ച രാത്രി ആറ് പേരടങ്ങുന്ന സംഘം വീട്ടിലെത്തി വാതിലില്‍ മുട്ടുകയും നിങ്ങളുടെ സിംഹക്കുട്ടിയെ ഞങ്ങള്‍ കൊലപ്പെടുത്തിയെന്ന് ആക്രോശിച്ചുവെന്നും മരിച്ചയാളുടെ പിതാവ് പരാതിയില്‍ പറഞ്ഞു.

വാതില്‍ തുറന്നപ്പോള്‍ ഗുരുതരമായി പരിക്കേറ്റ മകനെയാണ് കണ്ടത്. സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പിതാവ് വ്യക്തമാക്കി. സംഭവത്തില്‍ ആറ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും കപൂര്‍ത്തല സീനിയര്‍ പോലീസ് സൂപ്രണ്ട് രാജ്പാല്‍ സിംഗ് സന്ധു പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

Latest