Connect with us

k rail

'ഇതൊക്കെ കേൾക്കുമ്പോൾ എനിക്കും നന്ദിഗ്രാം ഓർമ വരും'

പോലീസ് കാവലിൽ നടത്തുന്ന 'വികസനപ്രവർത്തന'ത്തിന്റെ അപഹാസ്യത സർക്കാറും പാർട്ടിയും മനസ്സിലാക്കണം.

Published

|

Last Updated

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കും നന്ദിഗ്രാം ഓർമ വരുന്നുണ്ടെന്ന് മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചു. ദേശീയപാതാ വികസനത്തിന് ഭംഗിയായി സ്‌ഥലമെടുപ്പ് പൂർത്തിയാക്കിയ സർക്കാറിന് പോലീസിനെ കൂട്ടിമാത്രമേ ഒരു സർവേ നടത്താൻ സാധിക്കൂ എന്നത് കേമപ്പെട്ട കാര്യമല്ല. സ്‌ഥലം വിട്ടുകൊടുത്തവർ ഒരുവേള നഷ്ടപരിഹാരത്തിൽ തൃപ്തരായാൽ പോലും ഇപ്പോൾ പോലീസ് ബലപ്രയോഗത്തിന്റെ ദൃശ്യങ്ങളും വാർത്തകളും കാണുന്നവരുടെ ഉള്ളിൽ അവയൊക്കെ എന്നെന്നേക്കും പതിഞ്ഞുകിടക്കും. അതിന്റെ പ്രത്യാഘാതം അത്ര ലഘുവാകണമെന്നില്ല. അതുകൊണ്ടു സർക്കാറിനും പാർട്ടിയ്ക്കും സിൽവർ ലൈൻ പദ്ധതിയെപ്പറ്റി അത്ര ബോധ്യമുണ്ടെങ്കിൽ അത് ആളുകളെ പറഞ്ഞു മനസ്സിലാക്കണം. പോലീസിന്റെ കാവലിൽ നടത്തുന്ന ‘വികസനപ്രവർത്തന’ത്തിന്റെ അപഹാസ്യത സർക്കാറും പാർട്ടിയും മനസ്സിലാക്കണം. സ്‌ഥലവും വീടും പോകുന്നവർക്ക് ന്യായമായ, അവർക്കുകൂടി ബോധ്യപ്പെടുന്ന നഷ്ടപരിഹാരവും സഹായങ്ങളും ലഭിക്കുമെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. ചെയ്യാൻ പ്ലാനിടുന്ന കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുക അസാധ്യമായ കാര്യമല്ലല്ലൊയെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

സിൽവർലൈൻ പോലെയൊരു ബ്രഹദ് പദ്ധതിയെപ്പറ്റി ആളുകൾക്ക് 360 ഡിഗ്രിയിലും അഭിപ്രായങ്ങളുണ്ടാകും. വേണം/വേണ്ട എന്ന് നിലപാടുള്ളവരെപ്പോലെത്തന്നെ വേണ്ടണം എന്ന നിലപാടും ആളുകൾക്ക് കാണും. പറയുന്നതിൽ യുക്തിയുണ്ടോ എന്നതല്ലാതെ പറയുന്നു എന്നതിന്റെ പേരിൽ ആളുകളെ ലേബൽ ചെയ്യുന്നത് അഭംഗിയാണ് എന്നാണു എന്റെ നിലപാട്.

കാസർഗോഡ് നിന്ന് തിരുവന്തപുരത്തേക്കു സ്പീഡ് ബോട്ട് ഓടിച്ചാൽ പോരെ എന്ന യുക്തിരാഹിത്യം കൊണ്ടാണ് കാരശ്ശേരി മാഷ് എതിർക്കപ്പെടുന്നത്, അല്ലാതെ പറയുന്നത് മാഷ് ആണ് എന്നതുകൊണ്ടല്ല. പദ്ധതിയെപ്പറ്റി നടന്ന ചർച്ചകൾ പലതും ഏകപക്ഷീയമാണെന്നും, സബ്സ്റ്റാന്റീവ് ആയി നടക്കേണ്ട ചർച്ചയെ മാഷെപ്പോലുള്ളവർ വഴിതെറ്റിക്കുകയാണെന്നും പദ്ധതിയുടെ ശരിയായ വെല്ലുവിളികൾ ചർച്ച ചെയ്യപ്പെടാതെ പോവുകയോ ഇത്തരം പുകമറയ്ക്കുള്ളിൽ മറയാൻ സഹായിക്കുകയാണെന്നും ആണെന്നും എനിക്കഭിപ്രായമുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷം പോലും ഇതിന്റെ ദീർഘകാല-ഹൃസ്വകാല സാമ്പത്തിക ആഘാതത്തെപ്പറ്റി നാട്ടുകാരോട് പറയാത്തതിനെ പലപ്പോഴും വിമർശിച്ചിട്ടുള്ളത്. അത് പറയാനുള്ള ഉത്തരവാദിത്തം അവർക്കുണ്ടെന്നു ഓർമ്മിപ്പിക്കാറുള്ളത്.
***
പദ്ധതിയുടെ ഇക്കണോമിക് വയബിലിറ്റിയെപ്പറ്റി പണ്ടൊരു ചർച്ചയുടെ അടിയിൽ ഞാൻ ഇട്ട പകുതി സർക്കാസ്റ്റിക്കായ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് പറക്കുന്നത് പലരും എനിക്ക് പിടിച്ചയച്ചുതന്നിട്ടുണ്ട്.
അഭിപ്രായങ്ങൾ ഇൻഫർമേഷന്റെ അടിസ്‌ഥാനത്തിലാണെന്നും, ഇൻഫർമേഷൻ മാറുന്നതനുസരിച്ച് അഭിപ്രായം മാറുമെന്നും പണ്ട് ബയോയിൽ എഴുതിവച്ചിട്ടുണ്ടായിരുന്നു. ദൈവം സഹായിച്ചു പദ്ധതിയെപ്പറ്റിയുള്ള അഭിപ്രായം മാറാനുള്ള ഇൻഫർമേഷൻ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ടു അത് മാറിയിട്ടില്ല.
പിണറായി വിജയനാണ് പദ്ധതിയുടെ അമരത്തുള്ളത് എന്നതുകൊണ്ട് അഭിപ്രായം മാറുകയോ മാറാതിരിക്കുകയോ ഇല്ല. അയാളിടുന്ന ഉടുപ്പോ തേടുന്ന ചികില്സയോ സഞ്ചരിക്കുന്ന വാഹനമോ താമസിക്കുന്ന വീടോ കാണുമ്പൊൾ എനിക്ക് കുരുപൊട്ടാറില്ല. അതൊന്നും എന്റെ വിഷയമല്ല.
എഴുതുന്നത് എന്താണെന്നു മനസിലാക്കാതെ ഏതെങ്കിലും അറ്റമോ മുറിയോ വച്ച് മണൽ-കയർപിരിയുമായി ഇറങ്ങുന്നവർക്കു അതാകാം; കൂടെ ചേർന്ന് പിരിക്കാൻ സമയക്കുറവുണ്ടെന്നു അറിയിക്കുന്നു.
***
ഇനിയാണ് പ്രധാന കാര്യം.
പദ്ധതിയെ എതിർക്കുന്നവർ പലരും നന്ദിഗ്രാം അനുഭവം സി പി എം ഓർക്കുന്നത് നന്നായിരിക്കും എന്ന് പറയുന്നതും, അത് ഓർമ്മിപ്പിക്കണ്ട എന്ന് പദ്ധതി അനുകൂലികൾ പറയുന്നതും കാണുന്നുണ്ട്.
ക്ഷമിക്കണം, എനിക്ക് നന്ദിഗ്രാം ഓർമ്മ വരുന്നുണ്ട്.
നന്ദിഗ്രാമിലേക്കു നയിച്ച കാര്യങ്ങളിൽ സി പി എമ്മിന്റെ തിയറി ശരിയായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കാർഷികമേഖലയിൽ മാത്രം ശ്രദ്ധയൂന്നിയാൽ ആളുകളുടെ ജീവിതം മെച്ചപ്പെടുകയില്ലെന്നും തൊഴിൽ ഉത്പാദിപ്പിക്കാൻ വ്യാവസായിക മുന്നേറ്റം ആവശ്യമാണെന്നും പാർട്ടി കണക്കാക്കി. ലോകത്തെങ്ങുമുള്ള അനുഭവം വച്ച് അത് ശരിയുമാണ്.
പക്ഷെ അതിനായെടുത്ത നടപടികളിൽ ജനങ്ങൾക്ക് എതിർപ്പുണ്ടായിരുന്നു. അത് അവരെ പറഞ്ഞു മനസിലാക്കാൻ പാർട്ടി തയ്യാറായില്ല. മാത്രമല്ല പാർട്ടിയുടെ ഇടത്തട്ടു ഏകദേശം പൂർണ്ണമായിത്തന്നെ ലക്ഷ്മൺ സേത്തുമാരെപ്പോലെയുള്ള പാർട്ടി ബ്യുറോക്രാറ്റുകളുടെ കൈകളിലായിരുന്നു. ജനങ്ങളാണ് അധികാരം നൽകിയത് എന്ന വിനയത്തിനു പകരം അധികാരം നൽകിയ ഹുങ്ക് വച്ച് അതെ ജനങ്ങളോട് സംസാരിച്ചപ്പോൾ ആ ചിത്രം പൂർണ്ണമായി. അതിനിടയിൽ മുതലെടുക്കാൻ പ്രതിപക്ഷം കൂടി ആയപ്പോൾ മൊത്തം കാര്യങ്ങൾ കൈവിട്ടുപോയി. ഏതു വ്യാവസായിക മുന്നേറ്റം സി പി എം ഉന്നം വച്ചുവോ അത് നടപ്പാക്കാൻ പാർട്ടി ഉണ്ടായില്ലെന്ന് മാത്രമല്ല, അന്നുവരെ ചെയ്ത ചെറിയ പാപങ്ങൾക്കുപോലും പ്രായശ്ചിത്തം ചെയ്യേണ്ടിവന്നു.
പശ്ചിമ ബംഗ്ളാവിൽനിന്നു സി പി എം അപ്രത്യക്ഷമായപ്പോൾ അവിടുള്ള പാർട്ടിക്കാർക്ക് മാത്രമല്ല നഷ്ടം എന്നാണ് എന്റെ വിശ്വാസം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷ ചിന്തയുടെ ശബ്ദം നേർത്തുപോകാൻ അത് കാരണമായി. ഇന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയതുപോലെ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്‌ഥാന ശിലകൾ ദുര്ബലപ്പെടുത്തിയതിനുശേഷം മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള ഊർജിത ശ്രമത്തിലാണ് ഇപ്പോൾ സംഘ് പരിവാർ. അതിനെതിരെ പാർലമെന്റിനകത്തും പുറത്തും ഉയർന്നുകേൾക്കേണ്ട ശബ്ദമാണ് ഇല്ലാതായത്. അതാണ് ബംഗാളിലെ തോൽവിയുടെ ഏറ്റവും വലിയ ആഘാതം, നഷ്ടം.
***
ഇപ്പോൾ പോലീസിന്റെ കാവലിൽ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു മാറ്റിയും ആളുകളുടെമേൽ ബലപ്രയോഗം നടത്തിയും സാമൂഹ്യാഘാത പഠനത്തിനുള്ള കുറ്റികൾ നടുന്നത് കാണുന്നു.
സിൽവർ ലൈനിനുവേണ്ടി സ്‌ഥലമെടുക്കുമ്പോൾ നഷ്ടപരിഹാരമായി കൊടുക്കാം എന്ന് സർക്കാർ പറഞ്ഞത് വളരെ നല്ല പാക്കേജാണ്‌ എന്നാണ് ഈ മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ളവർ പറയുന്നത്. ഒരു വേള നാഷണൽ ഹൈവേയ്ക്കുവേണ്ടി സ്‌ഥലം ഏറ്റെടുത്തപ്പോൾ കൊടുത്തത്തതിനോട് കിടപിടിക്കുന്ന പാക്കേജ്.
നാഷണൽ ഹൈവേയുടെ കാര്യത്തിൽ പ്രതിഷേധത്തിന് ഒരു കാരണം അധികമുണ്ടായിരുന്നു. നേരത്തെ മുപ്പതുമീറ്റർ വീതിയിൽ സ്‌ഥലം വിട്ടുകൊടുത്ത പലർക്കും വീതി നാല്പത്തഞ്ചു മീറ്ററാക്കിയപ്പോൾ ഒരിക്കൽക്കൂടി അതെ പ്രോസസ്സിൽകൂടി കടന്നുപോകേണ്ടി വന്നു. എന്നിട്ടും സ്‌ഥലമെടുപ്പ് പൂർത്തിയായി റോഡ് നിർമ്മാണത്തിന് കരാർ കൊടുത്തപ്പഴേ നാട്ടുകാർ അതറിഞ്ഞുള്ളൂ.
അത്ര ഭംഗിയായി സ്‌ഥലമെടുപ്പ് പൂർത്തിയാക്കിയ സർക്കാരിന് പോലീസിനെ കൂട്ടിമാത്രമേ ഒരു സർവേ നടത്താൻ സാധിക്കൂ എന്നത് കേമപ്പെട്ട കാര്യമല്ല. സ്‌ഥലം വിട്ടുകൊടുത്തവർ ഒരുവേള നഷ്ടപരിഹാരത്തിൽ തൃപ്തരായാൽ പോലും ഇപ്പോൾ പോലീസ് ബലപ്രയോഗത്തിന്റെ ദൃശ്യങ്ങളും വാർത്തകളും കാണുന്നവരുടെ ഉള്ളിൽ അവയൊക്കെ എന്നെന്നേക്കും പതിഞ്ഞുകിടക്കും. അതിന്റെ പ്രത്യാഘാതം അത്ര ലഘുവാകണമെന്നില്ല.
അധികാരത്തിന്റെ അഹങ്കാരത്തിൽ പെരുമാറരുതെന്നു പാർട്ടിക്കാരെ സ്‌ഥിരം ഉപദേശിക്കുന്ന സി പി എം സംസ്‌ഥാന സെക്രട്ടറിയുടെ വാക്കുകളിൽപ്പോലും ഈ വിഷയത്തിൽ സാധാരണ കാണുന്ന മൃദുത്വം കണ്ടില്ല. പ്രതിഷേധമൊക്കെ നടക്കും; പദ്ധതി ഞങ്ങൾ നടപ്പാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. സി പി എം സംസ്‌ഥാന നേതൃത്വവുമായി ബന്ധമുണ്ടെന്ന് എനിക്കറിയാവുന്ന ഒരാൾ ഇക്കാര്യം–ആളുകളുടെ ബോധ്യപ്പെടുത്തുന്ന ഒരു ക്യാംപെയിനിന്റെ കാര്യം–ഒരു മുതിർന്ന നേതാവിനോട് പറഞ്ഞു എന്ന് എന്നും അദ്ദേഹവും അതിന്റെ ആവശ്യമൊന്നുമില്ലെന്നും പദ്ധതി നടപ്പാക്കുമെന്നും പറഞ്ഞു എന്നും പറഞ്ഞു.
ഇതൊക്കെ കേൾക്കുമ്പോൾ എനിക്കും നന്ദിഗ്രാം ഓർമ്മവരും.
അതുകൊണ്ടു സർക്കാരിനും പാർട്ടിയ്ക്കും സിൽവർ ലൈൻ പദ്ധതിയെപ്പറ്റി അത്ര ബോധ്യമുണ്ടെങ്കിൽ അത് ആളുകളെ പറഞ്ഞു മനസിലാക്കണം. പോലീസിന്റെ കാവലിൽ നടത്തുന്ന ‘വികസനപ്രവർത്തന’ത്തിന്റെ അപഹാസ്യത സർക്കാരും പാർട്ടിയും മനസിലാക്കണം. സ്‌ഥലവും വീടും പോകുന്നവർക്ക് ന്യായമായ, അവർക്കുകൂടി ബോധ്യപ്പെടുന്ന നഷ്ട്ടപരിഹാരവും സഹായങ്ങളും ലഭിക്കുമെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. ചെയ്യാൻ പ്ലാനിടുന്ന കാര്യങ്ങൾ പറഞ്ഞുബോധ്യപ്പെടുത്തുക അസാധ്യമായ കാര്യമല്ലല്ലോ.
പദ്ധതിയുടെ സാമ്പത്തിക-പാരിസ്‌ഥിതിക-സാമൂഹ്യ വെല്ലുവിളികൾ ചർച്ചയിൽനിന്നു മാറ്റിനിർത്തിയാണ് ഞാനിതു പറയുന്നത്. അക്കാര്യങ്ങളെപ്പറ്റി എനിക്ക് വേറെ ആശങ്കളുണ്ട്. അപ്പോഴും പദ്ധതി ഇപ്പോൾ ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളി സി പി എമ്മും സർക്കാരും കാണാതെ പോകുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്. പദ്ധതിയെപ്പറ്റി പാർട്ടിയ്ക്കും സർക്കാരിനുമുള്ള ബോധ്യം അതിനെ എതിർക്കുന്നവരുടെകൂടെ ബോധ്യമാക്കിയെടുക്കുക എന്നതാണ് ആ വെല്ലുവിളി.
ഇതൊക്കെ ചിലപ്പോൾ ചെലവും സമയവും കൂടുതലെടുക്കുന്ന കാര്യങ്ങളായിരിക്കും.
ജനാധിപത്യം ചെലവുള്ള ഒരു പരിപാടിയാണ്; സാവധാനത്തിലാണ് അത് ചലിക്കുന്നതും.
അതിന്റെയൊന്നും ആവശ്യമില്ല എന്ന് ബംഗാളിലെ പാർട്ടിയ്ക്ക് തോന്നിയതുകൊണ്ടുകൂടിയാണ് ഇന്നിപ്പോൾ ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ ഉയർന്നുനിൽക്കേണ്ട ഏകസ്വരം, ഇടതുപക്ഷസ്വരം, ഇത്രയും ദുർബലമായിരിക്കുന്നത്.
അതിന്റെ തനിയാവർത്തനത്തിന്റെ ഫലം താങ്ങാൻ മാത്രം ശക്തമല്ല ഇപ്പോൾ നമ്മുടെ രാജ്യത്തിന്റെ മതേതരത്വ-ജനാധിപത്യ അടിത്തറ.
അക്കാര്യം കൂടെ ഓർക്കുന്നത് നന്നായിരിക്കും.

Latest