Connect with us

Editors Pick

'എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവൾക്ക് ആരുണ്ടാകും?'; അറംപറ്റിയോ ആ വാക്കുകൾ...

ചൂരൽ മല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും അടക്കം ഉറ്റവരെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജൻസണും മരിച്ചു

Published

|

Last Updated

കോഴിക്കോട് | ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളും അനിയത്തിയും അടക്കം കുടുംബത്തിലെ എല്ലാവരെയും നഷ്ടമായി തനിച്ചായ ശ്രുതിക്ക് ഏക ആശ്വാസം അവനായിരുന്നു. പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജൻസൺ. മഹാദുരന്തം അവളെ തനിച്ചാക്കിയപ്പോൾ ജൻസൺ ചേർത്തുപിടിച്ചു. ‘മരണം വരെ ഞാനുണ്ട് കൂടെ’യെന്ന് പറഞ്ഞ് നെഞ്ചോടണച്ചു. അവൾക്ക് ഒരു വീട് നിർമിച്ചുനൽകുന്നതാണ് തന്റെ സ്വപ്നമെന്ന് എല്ലാവരോടും പറഞ്ഞു. ഒടുവിൽ ആഴ്ചകൾക്കിപ്പുറം ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ ജൻസണെയും മരണമെടുത്തു. എല്ലാം നഷ്ടപ്പെട്ടതിന്റെ വേദന മാറും മുമ്പ് ശ്രുതി വീണ്ടും തനിച്ചായി. പൂർണമായും അനാഥയായി.

പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ സ്വപ്ന സാഫല്യത്തിലേക്ക് കാലെടുത്ത് വെക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു ശ്രുതിയുടെ തലക്കുമേൽ ഇടിത്തീയായി ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. ദുരന്തത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കൂലിപ്പണിക്കാരാനായ അച്ചൻ ഉള്ള സമ്പാദ്യം സ്വരുക്കൂട്ടി നിർമിച്ച കൊച്ചുവീടിന്റെ പാലുകാച്ചൽ നടന്നത്. അന്ന് ശ്രുതിയുടെയും ജൻണന്റെയും വിവാഹനിശ്ചയവും നടന്നു. വിവാഹത്തിനായി 15 പവൻ സ്വർണവും നാലര ലക്ഷം രൂപയും ഒരുക്കിവെച്ച് ശുഭമുഹൂർത്തത്തിനായി കാത്തിരിക്കുകയായിരുന്നു ആ കുടുംബം. ഒടുവിൽ ദുരന്തം തനിച്ചാക്കിയപ്പോൾ ശ്രുതിയുടെ കണ്ണീരൊപ്പി കൂടെ നിന്നത് ജൻസണായിരുന്നു.

അന്ന് ശ്രുതിയെ കുറിച്ചുള്ള സ്റ്റോറിയിൽ ജൻസൺ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ ആരുടെയും ഹൃദയം പിളർത്തും. ‘ജീവിക്കുന്നിടത്തോളം കാലം ഞാൻ ഇവൾക്കു വേണ്ടി ജീവിക്കും. ഇനി ഇപ്പോൾ എന്റെ കാര്യവും പറയാൻ പറ്റില്ലല്ലോ. ഇനി ഇപ്പൊ എനിക്കെന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ അവൾക്ക് കയറിക്കിടക്കാൻ ഒരു വീട് വേണം എന്തായാലും. പിന്നെ ഇവൾക്ക് കാലാകാലവും ജീവിക്കാൻ ഒരു ജോലി. അത് രണ്ടുമാണ് ഇപ്പോൾ മെയിനായിട്ട് നോക്കുന്നത്…’ – പറഞ്ഞുനിർത്തുമ്പോൾ ജൻസന്റെ മുഖത്ത് പ്രതീക്ഷയുടെ നനവുണ്ടായിരുന്നു. പക്ഷേ… ആ വാക്കുകൾ അറം പറ്റിയോ?

ദുരന്തം നടക്കുമ്പോൾ ജോലി ചെയ്യുന്ന കോഴിക്കോട്ടായിരുന്നു ശ്രുതി. ഹോസ്റ്റലിൽ കിടന്നുറങ്ങുന്നതിനിടെയാണ് ദുരന്തം നടന്നതായുള്ള വാർത്ത അറിയുന്നത്. ഉടനെ മാതാപിതാക്കളുടെ ഫോണിലേക്ക് വിളിച്ചുനോക്കി. ഔട്ട് ഓഫ് റെയ്ഞ്ച്. വീണ്ടും വീണ്ടും വിളിച്ചു. ഒടുവിൽ സ്വിച്ച്ഡ് ഓഫ് എന്ന് കേട്ടതോടെ ശ്രുതിയുടെ ഉള്ളുനടുങ്ങി. പിറ്റേ ദിവസം രാവിലെ വയനാട്ടിലെത്തിയ ശ്രുതി ദുരിതാശ്വാസ ക്യാമ്പിൽ എല്ലായിടത്തും പരതി. അച്ചനേയും അമ്മയേയും കൊച്ചനുജത്തിയേയും മാത്രം കണ്ടില്ല. ഇതിനിടയിൽ അനുജത്തിയുടെ മൃതദേഹം ലഭിച്ചതോടെ ശ്രുതി ആ സത്യം ഉറപ്പിച്ചു. അവൾ തനിച്ചായിരിക്കുന്നു. ശ്രുതിയുടെ വീട് നിന്ന സ്ഥലത്ത് ഒരു കൂറ്റൻ പാറക്കല്ല് മാത്രമാണ് കണ്ടത്. ആ പാറക്കല്ലിനടിയിൽ അവളുടെ എല്ലാ സ്വപ്നങ്ങളും മണ്ണടിഞ്ഞിരുന്നു. ജൻസൺ മാത്രമായിരന്നു പിന്നെ അവളുടെ ലോകം.

ഇന്നലെ ഉച്ചക്ക് ശേഷം കൽപ്പറ്റ വെള്ളാരംകുന്നിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കൽപ്പറ്റ മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജൻസന്റെ മരണം. ജൻസണും ശ്രുതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച ഒമ്നി വാൻ ബസിന്റെ പിറകിൽ ഇടിച്ചായിരുന്നു അപകടം.

കോഴിക്കോട് കൊടുവള്ളിയിൽ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെണ് അപകടമുണ്ടായത്. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ജൻസൺ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. അപകടത്തിൽ പരുക്കേറ്റ ശ്രുതി മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest