Connect with us

National

'എം ഡി കോഴ്സിൽ സുവർണ വിജയം നേടും'; കൊൽക്കത്തയിൽ കൊല്ലപ്പെട്ട ട്രെയ്നി ഡോക്ടറുടെ അവസാന ഡയറിക്കുറിപ്പ്

ഡോക്ടറുടെ പിതാവ് തന്നെയാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഡയറിയിലെ വിവരങ്ങൾ പങ്കുവെച്ചത്

Published

|

Last Updated

കൊൽക്കത്ത | ആർജി കാർ മെഡിക്കൽ കോളേജിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ ഡയറിക്കുറിപ്പ് പുറത്ത്. എംഡി കോഴ്‌സിൽ സ്വർണമെഡൽ ജേതാവാകണമെന്നാണ് ആഗ്രഹമെന്നാണ് അവൾ ഡയറിയിൽ അവസാനമായി കുറിച്ചത്. ഡോക്ടറുടെ പിതാവ് തന്നെയാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഡയറിയിലെ വിവരങ്ങൾ പങ്കുവെച്ചത്. ലക്ഷ്യങ്ങളോടും മെഡിക്കൽ പ്രൊഫഷനോടും ഉള്ള അവളുടെ അർപ്പണബോധം പ്രകടമാക്കുന്നതാണ് ഡയറിക്കുറിപ്പുകൾ.

ജീവിതത്തിൽ താനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മകൾ ഡയറിയിൽ കുറിച്ചുവെച്ചിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. മകൾ ദിവസവും ഡയറി എഴുതുമായിരുന്നു. മരിക്കുന്ന ദിവസം, അതായത് ആർജി കർ മെഡിക്കൽ കോളേജിൽ നൈറ്റ് ഷിഫ്റ്റിന് പോകുന്നതിന് മുമ്പും അവൾ ഡയറി എഴുതിയിട്ടുണ്ട്. തൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ദിവസവും 10-12 മണിക്കൂർ പഠിക്കുന്ന കഠിനാധ്വാനിയായിരുന്നു അവൾ – നിറകണ്ണുകളോടെ പിതാവ് പറഞ്ഞു.

എല്ലാ പരീക്ഷകളിലും ഒന്നാമനാകാൻ അവൾ ആഗ്രഹിച്ചിരുന്നു. അവളുടെ ജീവിതത്തിൽ എന്ത് നേടാനാണ് ആഗ്രഹിക്കുന്നതെന്നാണ് അവൾ അവസാനമായി ഡയറിയിൽ കുറിച്ചത്. എംഡി കോഴ്‌സിൽ സ്വർണമെഡൽ ജേതാവാകണമെന്നായിരുന്നു അവളുടെ ആഗ്രഹം. ഇനി നമുക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം – അദ്ദേഹം പറഞ്ഞു.

അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായാണ് ട്രെയിനി ഡോക്ടർ കൊല്ലപ്പട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാണ്. ട്രെയിനി ഡോക്ടറുടെ സ്വകാര്യ ഭാഗത്ത് നിന്ന് 151 മില്ലിഗ്രാം ബീജം കണ്ടെത്തിയതായി ഓൾ ഇന്ത്യ ഗവൺമെൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ അഡീഷണൽ സെക്രട്ടറി ഡോ. സുവർണ ഗോസ്വാമി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് വ്യക്തമാക്കി. ഇത്രയും അളവിൽ ബീജം ഒരു വ്യക്തിക്ക് ഉണ്ടാകില്ല. ഇര കൂട്ടബലാത്സംഗത്തിന് ഇരയായി എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാർ സമരത്തിലാണ്.

Latest