National
'തെറ്റ് പറ്റി, ക്ഷമിക്കണം; വർഗീയ ലക്ഷ്യം ഉണ്ടായിരുന്നില്ല'; കുട്ടിയെ തല്ലിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക
താൻ വികലാംഗയാണെന്നും തനിക്ക് എഴുന്നേൽക്കാൻ കഴിയാത്തതിനാലാണ് രണ്ട് തവണ അടിക്കാൻ കുട്ടികളോട് പറഞ്ഞതെന്നും അധ്യാപികയുടെ വീഡിയോ സന്ദേശം
ന്യൂഡൽഹി | മുസ്ലിം സഹപാഠിയെ കരണത്തടിക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടതിന് പിന്നില് വര്ഗീയ ലക്ഷ്യമില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശിലെ അദ്ധ്യാപിക ത്രിപ്ത ത്യാഗി രംഗത്ത്. കൈകൾ കൂപ്പി ക്ഷമ ചോദിക്കുന്ന വീഡിയോ അവർ സാമൂഹിമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂളിലെ അധ്യാപികയും പ്രിൻസിപ്പലുമായ 60-കാരിയാണ് സംഭവത്തിൽ മാപ്പ് ചോദിച്ച് രംഗത്ത് വന്നത്. തനിക്ക് ഒരു തെറ്റ് പറ്റിയെന്നും പക്ഷേ ഹിന്ദു-മുസ്ലീം ലക്ഷ്യങ്ങളൊന്നും തന്റെ പ്രവൃത്തിയിൽ ഉണ്ടായിരുന്നില്ലെന്നും അധ്യാപിക പറഞ്ഞു. കുട്ടികൾ അവരുടെ ഗൃഹപാഠം ചെയ്തിരുന്നില്ലെന്നും അവർ പാഠങ്ങൾ മനഃപാഠമാക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതായിരുന്നു തന്റെ ഉദ്ദേശ്യമെന്നും അവർ വ്യക്തമാക്കി.
താൻ വികലാംഗയാണെന്ന് ത്രിപ്ത ത്യാഗി പറഞ്ഞു. തനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. അതിനാലാണ് രണ്ട് തവണ അടിക്കാൻ താൻ കുട്ടികളോട് പറഞ്ഞതെന്നും അധ്യാപിക വീഡിയോയിൽ പറയുന്നു.
കുട്ടിയുടെ കുടുംബം പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന്, ത്രിപ്ത ത്യാഗിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസ്. അതിനാൽ ഉടനടി അറസ്റ്റിന് സാധ്യതയില്ല.