National
'യു ആർ അണ്ടർ ഡിജിറ്റൽ അറസ്റ്റ്!'; ബാേംബെ ഐ ഐ ടി വിദ്യാർഥിയിൽ നിന്ന് 7.29 ലക്ഷം രൂപ തട്ടി
ടെലികോം റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെട്ട് ഡിജിറ്റൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയത്.
ന്യൂഡൽഹി | ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി ബോംബെ ഐ ഐ ടി വിദ്യാർഥിയിൽ നിന്ന് 7.29 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെട്ട് ഡിജിറ്റൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് 25കാരനായ വിദ്യാർഥിക്ക് ട്രായ് ഉദ്യോഗസ്ഥനെന്ന വ്യാജേന ആദ്യം കോൾ വന്നത്. വിദ്യാർഥിയുടെ മൊബൈൽ നമ്പർ നിയമവിരുദ്ധമായി ഉപയോഗിച്ചതായി 17 പരാതികൾ ഉണ്ടെന്നായിരുന്നു തട്ടിപ്പ് സംഘം അറിയിച്ചത്. നമ്പർ ഡീ ആക്ടിവേറ്റ് ചെയ്യാതിരിക്കണമെങ്കിൽ പോലീസിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഫോൺകോൾ സൈബർ ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്ന് അറിയിച്ചു.
പിന്നീട് വാട്സ് ആപ്പിൽ ഒരു വീഡിയോ കോളാണ് വിദ്യാർഥിക്ക് ലഭിച്ചത്. മറുവശത്ത് പോലീസ് വേഷധാരിയായ ഒരാളായിരുന്നു. അയാൾ വിദ്യാർഥിയിൽ നിന്ന് ആധാർ നമ്പർ വാങ്ങുകയും വിദ്യാർഥി കള്ളപ്പണക്കേസിൽ ഉൾപ്പെട്ടതായി അറിയിക്കുകയും ചെയ്തു. വിദ്യാർഥി ഡിജിറ്റൽ അറസ്റ്റിലാണെന്നും ആരെയും ബന്ധപ്പെട്ടരുതെന്നും തട്ടിപ്പ് സംഘം ധരിപ്പിച്ചു. തുടർന്ന് സംഘത്തിന് വിദ്യാർഥി 29,500 രൂപ യുപിഐ വഴി അയച്ചുനൽകി.
അടുത്ത ദിവസം കൂടുതൽ പണം ആവശ്യപ്പെട്ട് വീണ്ടും കോൾ വന്നു. ഇതോടെ ഭയപ്പെട്ട വിദ്യാർഥി തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സംഘത്തിന് കൈമാറി. ശേഷം അക്കൗണ്ടിൽ നിന്ന് ഏഴ് ലക്ഷം രൂപ സംഘം തട്ടിയെടുത്തു. തുടർന്ന് അറസ്റ്റ് നീക്കിയെന്നും വിദ്യാർഥിയെ അറിയിച്ചു.
ഡിജിറ്റൽ അറസ്റ്റ് സംബന്ധിച്ച വാർത്തകൾ വന്നതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി വിദ്യാർഥി മനസ്സിലാക്കിയത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
അടുത്ത കാലത്തായി രാജ്യത്ത് വർധിച്ചുവരുന്ന തട്ടിപ്പ് രീതിയാണ് ഡിജിറ്റൽ അറസ്റ്റ്. നിയമപാലക ഉദ്യോഗസ്ഥരായോ സർക്കാർ ഏജൻസികളിലെ ജീവനക്കാരായോ വേഷമിട്ട് തട്ടിപ്പ് സംഘം ഇരകളെ ഓഡിയോ/വീഡിയോ കോളുകളിലൂടെ ഭീഷണിപ്പെടുത്തുകയും പണം നൽകാൻ നിർബന്ധിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. ഡിജിറ്റൽ അറസ്റ്റ് എന്ന സമ്പ്രദായം തന്നെ രാജ്യത്ത് നിലനിൽക്കുന്നില്ലെന്നും ഒരാളെയും വീഡിയോ കോൾ വഴി അറസ്റ്റ് ചെയ്യാനാകില്ലെന്നും വ്യക്തമാക്കി പോലീസ് തട്ടിപ്പിന് എതിരെ വ്യാപകമായ ബോധവത്കരണം നടത്തിവരികയാണ്.