Connect with us

focus area

'നിങ്ങൾ പഠിപ്പിച്ചാൽ മതി'; ഫോക്കസ് ഏരിയാ വിഷയത്തിൽ അധ്യാപകർക്കെതിരെ മന്ത്രി

'അധ്യാപകരുടെ ജോലി പഠിപ്പിക്കലാണ്. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. അവർ ആ ചുമതല നിർവഹിച്ചാൽ മതി'

Published

|

Last Updated

തിരുവനന്തപുരം | ഫോക്കസ് ഏരിയാ വിഷയത്തിൽ എതിർക്കുന്ന അധ്യാപകർക്കെതിരെ പരോക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകരെ സർക്കാർ നിയമിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അധ്യാപകരുടെ ജോലി പഠിപ്പിക്കലാണ്. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. അവർ ആ ചുമതല നിർവഹിച്ചാൽ മതി. എല്ലാവരും ചേർന്നുകൊണ്ട് ഒരു ചുമതല നിർവഹിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ‌് പരീക്ഷാ ഇന്ന് ആരംഭിക്കാനിരിക്കെ ഒരുക്കങ്ങൾ പൂർത്തിയായതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിവിധ പാർട്ടുകളായുള്ള ചോദ്യ പേപ്പറിൽ തന്നെ എ, ബി എന്നിങ്ങിനെ ഉപവിഭാഗങ്ങൾ ഉണ്ട്. പാർട്ട് ഒന്നിൽ എ വിഭാഗം ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളും പാർട്ട് ബി ഫോകസ് ഏരിയക്ക് പുറത്തെ ചോദ്യങ്ങളുമാണ്.

എ പാർട്ടിൽ ആറ് ചോദ്യങ്ങളിൽ നാലെണ്ണത്തിനുള്ള ഉത്തരമെഴുതിയാൽ മതി. അങ്ങനെ ഇഷ്‌ടമുള്ളത് തിരെഞ്ഞെടുക്കാനുള്ള ചോയ്‌സുണ്ട്. എന്നാൽ ബി വിഭാഗം നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള നാല് ചോദ്യങ്ങൾക്ക് ചോയ്‌സ് ഒന്നും ഇല്ല. അതായത് ഒരു ചോദ്യത്തിന് ഉത്തരം തെറ്റിയാൽ അതിന്റെ മാർക്ക് പോകും.

പാർട്ട് രണ്ടിലെ നോൺ ഫോക്കസ് ഏരിയയിൽ മൂന്ന് ചോദ്യങ്ങളിൽ രണ്ടെണ്ണം എഴുതണം. പാർട്ട് രണ്ടിലെയും ഫോക്കസ് ഏരിയയിലെ ചോദ്യങ്ങൾക്കും ചോയ്‌സ് ഉണ്ട്.

കൂടുതൽ ചോയ്‌സ് നൽകേണ്ടിയിരുന്നത് നോൺ ഫോകസ് ഏരിയയിലായിരുന്നുവെന്നാണ് അധ്യാപകരടക്കം ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ഈ ഘടന വഴി എ ഗ്രേഡും എ പ്ലസ്സും നേടാൻ കുട്ടികൾ വല്ലാതെ ബുദ്ധിമുട്ടുമെന്നും ഇവർ പരാതി പറയുന്നു. ഫോക്കസ് ഏരിക്ക് പുറത്ത് കൂടുതൽ ഉത്തരങ്ങൾക്ക് ചോയ്‌സ് നൽകുന്നതിൽ ശാസ്ത്രീയ പ്രശ്‌നം ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം.