Kerala
മൂന്നാം സീറ്റ്: ചര്‍ച്ച തൃപ്തികരം; അന്തിമ തീരുമാനം 27നെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മൂന്നാം സീറ്റ് കാര്യത്തില്‍ ഉറപ്പു ലഭിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല
തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ച തൃപ്തികരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതേ സമയം മൂന്നാം സീറ്റ് കാര്യത്തില്‍ ഉറപ്പു ലഭിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. ഈ മാസം 27ന് പാണക്കാട് ചേരുന്ന ലീഗ് യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം പറയാമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോണ്‍ഗ്രസുമായി ലീഗ് നടത്തിയ നിര്‍ണായ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് കുഞ്ഞിലിക്കുട്ടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേ സമയം മൂന്നാം സീറ്റെന്ന ലീഗിന്റെ ആവശ്യം പരിഗണിക്കപ്പെടുന്നില്ലെന്നാണ് സൂചന. രാജ്യസഭാ സീറ്റ് മുന്നോട്ട് വെച്ച് ലീഗിനെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു നടന്ന ചര്‍ച്ചയിലും ഇതേ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്
മൂന്നാം സീറ്റെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ചര്‍ച്ചക്ക് മുന്‍പ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിലവില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇ ടി പറഞ്ഞു.
ലീഗിന്റെ ന്യായമായ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ചര്‍ച്ചയ്ക്ക് ശേഷം ബാക്കി പ്രതികരിക്കാമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി കൂട്ടിച്ചേര്‍ത്തു