From the print
29ാം രാവിൽ മസ്ജിദുൽ ഹറമിലെത്തിയത് 41 ലക്ഷം പേർ; ധന്യമായി ഖത്മുൽ ഖുർആൻ
വിദേശി ഉംറ തീർഥാടകർ കൂടി എത്തിച്ചേർന്നതോടെ മസ്ജിദുൽ ഹറമും പരിസരങ്ങളും നിറഞ്ഞു

മക്ക | റമസാൻ 29ാം രാവിൽ ഖുർആൻ പാരായണം ഒരാവർത്തി പൂർത്തിയാകുന്ന ‘ഖത്മുൽ ഖുർആൻ’ അനുഭവത്തിന് സാക്ഷിയാകാനെത്തിയ വിശ്വാസികളാൽ മക്കയിലെ മസ്ജിദുൽ ഹറം നിറഞ്ഞു കവിഞ്ഞു. 4,117,669 വിശ്വാസികളാണ് ഹറമിലേക്കെത്തിയത്. ഹറം ചരിത്രത്തിലെ റെക്കോർഡ് ആണിത്. ഇവരിൽ 646,464 പേർ ഉംറ തീർഥാടകരും 3,471,205 പേർ നിസ്‌കാരങ്ങളിൽ പങ്കെടുക്കാനായി എത്തിച്ചേർന്നവരുമായിരുന്നു.
സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് നിസ്‌കാരത്തിലും ഖത്മുൽ ഖുർആനിലും പങ്കെടുക്കാനായി മക്കയിലെത്തിയത്. വിദേശി ഉംറ തീർഥാടകർ കൂടി എത്തിച്ചേർന്നതോടെ മസ്ജിദുൽ ഹറമും പരിസരങ്ങളും നിറഞ്ഞു. മഗ്‌രിബ് വാങ്ക് മുഴങ്ങിയത് മുതൽ ഇശാഅ്, തറാവീഹ് നിസ്‌കാര വേളകളിലും മസ്ജിദിനകവും മുറ്റങ്ങളും ഹറമിന് പരിസരത്തെ റോഡുകളും നിറഞ്ഞു. ജമാഅത്ത് നിസ്‌കാരങ്ങളുടെ നിര പുറത്തേക്ക് നീണ്ടു. ഖുർആൻ പാരായണത്തിലും പാപമോചന പ്രാർഥനകളിലുമായി കഴിഞ്ഞ വിശ്വാസികൾ സുബ്ഹി നിസ്‌കാരത്തിന് ശേഷമാണ് ഹറമുകളിൽ നിന്ന് മടങ്ങിയത്.
ഖത്മുൽ ഖുർആൻ പ്രാർഥനക്ക് ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുർറഹ്മാൻ അൽ സുദൈസ് നേതൃത്വം നൽകി. ഇതോടെ മസ്ജിദുൽ ഹറമിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വർഷം ഖത്മുൽ ഖുർആൻ പ്രാർഥനക്ക് നേതൃത്വം നൽകിയതിന്റെ റെക്കോർഡ് അൽ സുദൈസിന്റെ പേരിലായി. 34ാം വർഷമാണ് അൽ സുദൈസ് ഖത്മുൽ ഖുർആൻ പ്രാർഥനക്ക് നേതൃത്വം നൽകുന്നത്. ഹിജ്റ വർഷം 1378 മുതൽ 1411 വരെ നീണ്ട 33 വർഷം ഖത്മുൽ ഖുർആൻ പ്രാർഥനക്ക് നേതൃത്വം നൽകിയിരുന്ന ശൈഖ് അബ്ദുല്ല അൽഖുലൈഫിയാണ് രണ്ടാം സ്ഥാനത്ത്.