Connect with us

Uae

ഷാർജയിൽ മഴവെള്ളം ഒഴുക്കിവിടാൻ 40 കോടി ദിർഹത്തിന്റെ പദ്ധതി

4.9 കിലോമീറ്റർ നീളവും 20 മീറ്റർ ആഴവുമുള്ള മെയിൻ ലൈനിന്റെ വിപുലീകരണവും ഇതിൽ ഉൾപ്പെടുന്നു.

Published

|

Last Updated

ഷാർജ | മഴവെള്ള, ഭൂഗർഭജല പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നതിന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി. കിരീടാവകാശിയും ഉപ ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് 400 മില്യൺ ദിർഹം ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ  പ്രഖ്യാപനം.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് പദ്ധതി. 4.9 കിലോമീറ്റർ നീളവും 20 മീറ്റർ ആഴവുമുള്ള മെയിൻ ലൈനിന്റെ വിപുലീകരണവും ഇതിൽ ഉൾപ്പെടുന്നു.

റിയൽ എസ്റ്റേറ്റ് വികസന പദ്ധതികളെക്കുറിച്ചുള്ള ഒരു പ്രമേയവും കൗൺസിൽ പുറത്തിറക്കി. റിയൽ എസ്റ്റേറ്റ് ബന്ധത്തിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു ബേങ്ക് ഗ്യാരണ്ടി അക്കൗണ്ട് സൃഷ്ടിക്കുന്നത് അടക്കം ഒരു കൂട്ടം നിയമ വ്യവസ്ഥകൾ ഉൾപ്പെടുന്നതാണിത്. 2025 മെയ് ഒന്ന് മുതൽ തീരുമാനം നടപ്പിലാക്കും.

വ്യാവസായിക ലൈസൻസുകളുടെ 50 ശതമാനം കിഴിവ് ഒരു വർഷത്തേക്ക് നീട്ടുന്നതിന് കൗൺസിൽ അംഗീകാരം നൽകി. ഈ സംരംഭം എമിറേറ്റിലെ വ്യാവസായിക മേഖലയിലെ വികസനത്തിനും വളർച്ചക്കും പിന്തുണ നൽകുന്നത്തിന്റെ ഭാഗമാണിത്.

---- facebook comment plugin here -----

Latest