From the print
ബെയ്റൂത്തിൽ 40 ഗ്രാമങ്ങൾ ഒഴിപ്പിച്ചു; പട്ടാപ്പകൽ ബോംബ് വർഷം
ആറ് പേർ കൊല്ലപ്പെട്ടു • 15 കെട്ടിടങ്ങൾ തകർത്തു
ബെയ്‌റൂത്ത് | ലബനാനിൽ ലക്ഷ്യം കൈവരിക്കുന്നത് വരെ വെടിനിർത്തലിനില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ തെക്കൻ ബെയ്‌റൂത്തിൽ പട്ടാപ്പകൽ വ്യാപക വ്യോമാക്രമാണവുമായി ഇസ്‌റാഈൽ. രാവിലെ മുതൽ 12ലധികം തവണയാണ് ബെയ്‌റൂത്ത് നഗരത്തിനുമേൽ പോർവിമാനങ്ങൾ ബോംബുകൾ വർഷിച്ചത്. വടക്കൻ ഇസ്‌റാഈലിൽ ഹിസ്ബുല്ല തിരിച്ചടിച്ചതിന് ശേഷമായിരുന്നു ബെയ്‌റൂത്തിൽ ആക്രമണം കടുപ്പിച്ചത്.
ബെയ്‌റൂത്തിന് തെക്കുകിഴക്കായി ബാൽഷ്‌മേ ഗ്രാമത്തിൽ വ്യോമാക്രമണത്തിൽ അഞ്ച് പേരും വടക്കുകിഴക്കൻ ലബനാനിലെ ഹെർമലിൽ ഒരാളും കൊല്ലപ്പെട്ടു. നബാത്തീഹിന്റെ തെക്കൻ പ്രദേശത്തും ത്വൂർ ഗവർണറേറ്റിലും വ്യോമാക്രമണമുണ്ടായി.
കഴിഞ്ഞ സെപ്തംബറിൽ ബെയ്‌റൂത്തിൽ ഇസ്‌റാഈൽ വ്യോമാക്രമണം ആരംഭിച്ചതു മുതൽ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നിന്ന് കൂട്ടപ്പലായനമാണുണ്ടായത്. 12 ലക്ഷത്തിലധികം പേരാണ് സ്വന്തം വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടത്. ഇന്നലെ മാത്രം ആക്രമണത്തിൽ ബെയ്‌റൂത്തിൽ 15 കെട്ടിടങ്ങളാണ് തകർന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ തെക്കൻ പ്രാന്ത പ്രദേശങ്ങളിൽ നിന്ന് 40ലധികം ഗ്രാമങ്ങളാണ് ഇസ്‌റാഈൽ സൈന്യം ഒഴിപ്പിച്ചത്. ശഖ്‌റ, ഹുല, മജ്ദൽ സാലിം, തലൗസ, മാഇസ് അൽ ജബാൽ, അസ് സവാന, ഖബ്‌രിക, ബറാഷിത്, ഫറൂൻ, ഗന്തൗരിയ തുടങ്ങിയ ഗ്രാമങ്ങളാണ് ഒഴിപ്പിച്ചത്.
അതിനിടെ, ലബനാനിൽ നിന്നുള്ള പ്രൊജക്‌ടൈൽ ആക്രമണത്തിൽ വടക്കൻ നഹാരിയയിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ഇസ്‌റാഈൽ സൈന്യവും അറിയിച്ചു.