Connect with us

From the print

വെസ്റ്റ് ബാങ്കിൽ നിന്ന് മാത്രം ആട്ടിയോടിക്കപ്പെട്ട ഫലസ്തീനികൾ 40,000; ഹെബ്രോൺ നഗരത്തിൽ നിരവധി വീടുകൾ തകർത്തു

കണക്കുകൾ പുറത്തുവിട്ട് യു എൻ ഏജൻസി

Published

|

Last Updated

വെസ്റ്റ് ബാങ്ക് | അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ വടക്കൻ മേഖലയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഭയാനകമായ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് യു എൻ ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസി (യു എൻ ആർ ഡബ്ല്യു എ). കഴിഞ്ഞ മാസം മുതൽ ഇവിടെ നിന്ന് കുടിയിറക്കപ്പെട്ടത് 40,000 ഫലസ്തീനികളാണ്.
ജെനിനിൽ ഇസ്റാഈൽ സൈന്യം റെയ്ഡ് തുടരുന്നതിനിടെയാണ് യു എൻ ഏജൻസി ഇക്കാര്യം അറിയിച്ചത്. ഹെബ്രോൺ നഗരത്തിന് സമീപമുള്ള രണ്ട് പ്രദേശങ്ങളിലായി നിരവധി വീടുകളാണ് ഇസ്റാഈൽ സേന തകർത്തത്. ജെനിൻ ആക്രമിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജനുവരി 21 ന് ജെനിൻ അഭയാർഥി ക്യാമ്പും അതിനോട് ചേർന്നുള്ള നഗരവും ലക്ഷ്യമിട്ട് ഇസ്റാഈൽ ആക്രമണം ആരംഭിച്ചത് മുതൽ അധിനിവിഷ്ട പ്രദേശത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപകമായി റെയ്ഡുകൾ നടത്തുന്നതായി യു എൻ ഏജൻസി അറിയിച്ചു.
ജെനിൻ, തുൽക്കറം, നൂർ ഷംസ്, ഫർഅ എന്നിവയുൾപ്പെടെ നിരവധി അഭയാർഥി ക്യാമ്പുകളിൽ നിന്ന് ആളുകൾ ഏതാണ്ട് പൂർണമായും ഒഴിഞ്ഞുപോയ അവസ്ഥയാണ്. യു എൻ ആർ ഡബ്ല്യു എയുടെ കണക്കനുസരിച്ച് ഈ നാല് ക്യാമ്പുകളിലും ഏകദേശം 76,600 ഫലസ്തീൻ അഭയാർഥികൾ താമസിച്ചിരുന്നു.
ഇസ്റാഈൽ സേന ആവർത്തിച്ച് നടത്തുന്ന ആക്രമണത്തെ തുടർന്ന് വടക്കൻ മേഖലയിലെ അഭയാർഥി ക്യാമ്പുകളെ വാസയോഗ്യമല്ലാതായിരിക്കുകയാണ്. ഈ വർഷം ഇതുവരെ വെസ്റ്റ്ബാങ്ക് ലക്ഷ്യമാക്കി ഇസ്റാഈൽ 38 വ്യോമാക്രമണങ്ങൾ നടത്തിയതായി യുഎൻ ആർ ഡബ്ല്യു എ അധികൃതർ പറഞ്ഞു.
വെസ്റ്റ് ബാങ്കിൽ നടത്തിയ ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി യു എസ് ആസ്ഥാനമായുള്ള പ്രതിസന്ധി നിരീക്ഷണ ഗ്രൂപ്പ് ആംഡ് കോൺഫ്ലിക്റ്റ് ലൊക്കേഷൻ ആൻഡ് ഇവന്റ് ഡാറ്റ (ACLED) യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ജെനിൻ, തുൽക്കറം, ട്യൂബാസ് എന്നിവിടങ്ങളിൽ 44 പേർ കൊല്ലപ്പെട്ടതായും യു എൻ ഏജൻസി അറിയിച്ചു.

 

Latest