Connect with us

Uae

അമിതഭാരം കുറച്ച് 42 ശതമാനം വിദ്യാർഥികൾ

മസാർ പദ്ധതിയിൽ 1,37,828 വിദ്യാർഥികൾ പ്രയോജനം നേടി

Published

|

Last Updated

ദുബൈ| സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച മസാർ പദ്ധതി വിജയകരമായെന്ന് അധികൃതർ. അമിതഭാരമുള്ള വിദ്യാർഥികളിൽ 42 ശതമാനം പേർ ഭാരം കുറയ്ക്കുകയും ആയിരക്കണക്കിനാളുകൾ അവരുടെ ആരോഗ്യശീലങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം 2022-ലാണ് മസാർ പദ്ധതി പ്രഖ്യാപിച്ചത്. തുടക്കത്തിൽ 15 സ്‌കൂളുകളിലെ 12,600 വിദ്യാർഥികളാണ് പദ്ധതിക്ക് കീഴിലുണ്ടായിരുന്നത്. എന്നാൽ 2024 ആയപ്പോഴേക്കും 83 സ്‌കൂളുകൾ പങ്കാളിയായി. 1,37,828 വിദ്യാർഥികൾ പദ്ധതിയുടെ പ്രയോജനം നേടുകയും ചെയ്തു.

50 ശതമാനം വിദ്യാർഥികളും ഉറക്കസമയം ക്രമമാക്കി. 20 ശതമാനത്തിലേറെപ്പേർ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം വർധിപ്പിച്ചു. പത്ത് ശതമാനം പേർ ഫാസ്റ്റ് ഫുഡിന്റെയും പഞ്ചസാര പാനീയങ്ങളുടെയും ഉപയോഗം കുറക്കുകയും ചെയ്തു. നോളജ്, ആറ്റിറ്റ്യൂഡ്, പ്രാക്ടീസ് സർവേ പ്രകാരം ശാരീരിക പ്രവർത്തന നിലവാരം ഉയർത്തുന്നതിനും സ്‌ക്രീൻ സമയം കുറക്കാനും ഇതിലൂടെ ആയി.

ആരോഗ്യകരമായ ഭക്ഷണം, ശാരീരിക പ്രവർത്തനങ്ങൾ, ഭാര നിയന്ത്രണം, ആരോഗ്യ അവബോധം, മികച്ച പെരുമാറ്റങ്ങൾ തുടങ്ങിയവ ലക്ഷ്യമാക്കിയാണ് മസാർ സംരംഭം പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം, ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി, ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ്അതോറിറ്റി തുടങ്ങിയ പ്രാദേശിക വിദ്യാഭ്യാസ അധികാരികൾ, സ്വകാര്യ മേഖല പങ്കാളികൾ തുടങ്ങിയവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിവരുന്നത്.