Kerala
46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറന്‍സി ട്രേഡ് തട്ടിപ്പ്; ഉത്തര്‍പ്രദേശ് സ്വദേശിയെ മധ്യപ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്തു
യുവാവ് ഏറെ വൈകിയാണ് പരാതി നല്‍കിയത് എന്നതിനാല്‍ നഷ്ടമായ തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലിസ്
പത്തനംതിട്ട | 46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറന്‍സി ട്രേഡ് സൈബര്‍ തട്ടിപ്പ് കേസില്‍ പ്രധാന പ്രതിയെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ ഹുസുര്‍ ജെ പി നഗര്‍ ദിവ്യ സ്റ്റീല്‍സിന് സമീപം ബി ഡി എ 1, സോണ്‍ 1 ല്‍ താമസിച്ചുവരികയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി മനവേന്ദ്ര സിങ് കുഷ്വാഹാ (39) യെയാണ് ആറന്മുള പോലീസ്് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോഴഞ്ചേരി തെക്കേമല സ്വദേശിയായ യുവാവിന്റെ 46 ലക്ഷം രൂപയാണ് ക്രിപ്റ്റോ കറന്‍സി ട്രേഡ് തട്ടിപ്പിലൂടെ നഷ്ടമായത്.
ടെലഗ്രാം ആപ്ലിക്കേഷന്‍ വഴി ക്രിപ്റ്റോ കറന്‍സി ട്രേഡ് നടത്തി ലാഭം ഉണ്ടാക്കാം എന്ന പരസ്യം കണ്ട യുവാവ്, ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് ടെലഗ്രാം ഗ്രൂപ്പില്‍ അംഗമായി. തുടര്‍ന്ന്, അമേരിട്രേഡ് എന്ന അമേരിക്കന്‍ കമ്പനിയുടെ പ്ലാറ്റ്ഫോമില്‍ യു എസ് ഡി ടി എന്ന ക്രിപ്റ്റോ കറന്‍സി ബിസിനസില്‍ 100 ഡോളര്‍ നിക്ഷേപിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ 1000 ഡോളര്‍ തിരികെ ലഭിക്കുമെന്നും മറ്റുമുള്ള പരസ്യങ്ങളും വാഗ്ദാനങ്ങളും എത്തിതുടങ്ങി. കമ്പനിയുടെ ഏജന്റ് എന്ന തരത്തില്‍ നിരന്തരം യുവാവിനെ തട്ടിപ്പുകാരന്‍ വിളിച്ചുകൊണ്ടിരുന്നു. ഇതില്‍ വിശ്വസിച്ച് ഇയാള്‍ കഴിഞ്ഞവര്‍ഷം ജൂലൈ 8 മുതല്‍ ഡിസംബര്‍ 16 വരെ പലതവണകളായി ആദ്യം 23 ലക്ഷം രൂപ തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തു.
യുവാവ് മുടക്കിയ തുകയും അതിന്റെ മൂന്നു മടങ്ങായി ക്രിപ്റ്റോ കറന്‍സി ബിസിനസ്സില്‍ ലഭിച്ച ലാഭവും കാണിക്കുന്ന വെബ്സൈറ്റ് സ്‌ക്രീന്‍ഷോട്ട് വ്യാജമായി ഉണ്ടാക്കി പിന്നീട് തട്ടിപ്പുകാര്‍ അയച്ചുകൊടുത്തു. ഇത് കാണുന്നതിനുള്ള ഒരു ആപ്ലിക്കേഷനും അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഈ തുക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട സമയം പ്രോസസിങ് ചാര്‍ജ് , ഒ ടി പി ചാര്‍ജ്, ഡെലിവറി ചാര്‍ജ്, ടാക്സ് എന്നിങ്ങനെ വിവിധതരത്തില്‍ പലതവണയായി യുവാവില്‍ നിന്നും വീണ്ടും 23 ലക്ഷം രൂപ കൂടി തട്ടിയെടുത്തു. തുടര്‍ന്ന് യുവാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവ് ബന്ധപ്പെട്ട ഫോണ്‍ നമ്പരുകളും, തുകകള്‍ അയച്ചുകൊടുത്ത ബേങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതി അറസ്റ്റിലാവുന്നത്. മാനവേന്ദ്ര സിങ് ഖുഷ്യാഹയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലായി 35 ലക്ഷത്തോളം രൂപ കൈമാറിയിട്ടുള്ളതായി കണ്ടെത്തി. പ്രതിയുടെ അക്കൗണ്ടില്‍ നിന്നും തുകകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുള്ളതായി കണ്ടതിനെ തുടര്‍ന്ന് ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഖുഷ്യാഹ കഴിഞ്ഞ ആറ് വര്‍ഷമായി മധ്യപ്രദേശില്‍ താമസിച്ച് ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റ് ആയി ജോലി നോക്കി വരികയാണ്. പ്രതിയെ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട ഡിവൈ എസ് പി എസ് നന്ദകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ആറന്മുള പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി കെ മനോജ്, എസ് ഐ വിനോദ് കുമാര്‍, എ എസ് ഐ സലിം, എസ് സി പി ഓമാരായ പ്രദീപ് , ബിന്ദുലാല്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്. തട്ടിപ്പ് നടന്നതിനുശേഷം യുവാവ് ഏറെ വൈകിയാണ് പരാതി നല്‍കിയത് എന്നതിനാല്‍ നഷ്ടമായ തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലിസ് പറയുന്നു.