Connect with us

National

49 ബെഡ് റൂമുകള്‍, മിനി ആശുപത്രി; ലണ്ടനിലെ ആഡംബര സൗധത്തിലേക്ക് താമസം മാറ്റാനൊരുങ്ങി മുകേഷ് അംബാനി

Published

|

Last Updated

ലണ്ടന്‍ | ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനുമായ മുകേഷ് അംബാനി തനിക്കും കുടുംബത്തിനുമായി ഒരു ആഡംബര സൗധം കൂടി പണിയുന്നു. ലണ്ടനിലെ ബക്കിങ്ഹാംഷയറിലെ സ്‌റ്റോക് പാര്‍ക്കിലുള്ള 300 ഏക്കര്‍ സ്ഥലത്താണ് രമ്യഹര്‍മ്യം ഉയരുന്നത്. 592 കോടി രൂപ വില നല്‍കിയാണ് ഈ വര്‍ഷമാദ്യം അംബാനി ഈ സ്ഥലം സ്വന്തമാക്കിയത്. മുംബൈയിലെ ആള്‍ട്ടമൗണ്ട് റോഡിലുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ വസതികളിലൊന്നായ ‘ആന്റിലിയ’ യിലാണ് അംബാനിയും കുടുംബവും നിലവില്‍ കഴിയുന്നത്. നാല് ലക്ഷം ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീര്‍ണം.

അത്യാധുനിക സൗകര്യങ്ങളോടു കൂടി നിര്‍മിക്കുന്ന പുതിയ വസതിയില്‍ 49 ബെഡ് റൂമുകള്‍, മിനി ആശുപത്രി, പ്രാര്‍ഥനാ മന്ദിരം എന്നിവയുണ്ടാകും. പുതുതായി നിര്‍മിക്കുന്ന സൗധം പ്രധാന വീടാക്കാനും ആന്റിലിയയെ അവധിക്കാല വസതിയായി മാറ്റാനുമാണ് അംബാനി കുടുംബത്തിന്റെ തീരുമാനമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്തവണ അംബാനിയും കുടുംബവും ദീപാവലി ആഘോഷിച്ചത് പുതുതായി നിര്‍മിക്കുന്ന വീട്ടിലായിരുന്നു. ദീപാവലി ആഘോഷത്തിന് ശേഷം അംബാനിയും കുടുംബവും ഇന്ത്യയിലേക്ക് മടങ്ങും. അടുത്ത വര്‍ഷം ഏപ്രിലോടെ സ്ഥിര താമസം ലണ്ടനിലാക്കാനാണ് പരിപാടിയെന്നാണ് സൂചന. എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് മുകേഷ് അംബാനിയോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.