Connect with us

cyber case

5.02 കോടി രൂപയുടെ തട്ടിപ്പ്: രണ്ടു സൈബര്‍ കേസുകളിലായി നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള യുവാക്കളെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.

Published

|

Last Updated

പത്തനംതിട്ട | രണ്ട് സൈബര്‍ തട്ടിപ്പു കേസുകളിലായി നാലുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള യുവാക്കളെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.

കോഴഞ്ചേരി സ്വദേശിയില്‍ നിന്ന് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ അമിത ലാഭം വാഗ്ദാനം ചെയ്ത് 3.45 കോടി തട്ടിയ കേസില്‍ മലപ്പുറം കല്‍പ്പകഞ്ചേരി കക്കാട് അമ്പാടി വീട്ടില്‍ ആസിഫ്(30), തെയ്യമ്പാട്ട് വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്(23), തൃശൂര്‍ കടവല്ലൂര്‍ ആച്ചാത്ത് വളപ്പില്‍ സുധീഷ് ( 37) എന്നിവരേയും തിരുവല്ല സ്വദേശിയില്‍ നിന്ന് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 1.57 കോടി തട്ടിയെടുത്ത കേസില്‍ കോഴിക്കോട് ഫറോക്ക് ചുങ്കം മനപ്പുറത്ത് വീട്ടില്‍ ഇര്‍ഷാദുല്‍ ഹക്ക് ്(24)നെയുമാണ് പിടികൂടിയത്.

കംബോഡിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങള്‍ നല്‍കി ആളുകളെ വലയിലാക്കിയശേഷം, അവരുടെ താല്പര്യങ്ങളും സാമ്പത്തിക ഭദ്രതയും മനസ്സിലാക്കി കൂടുതല്‍ പണം നിക്ഷേപിപ്പിച്ചാണ് തട്ടിപ്പുകള്‍ നടത്തി വരുന്നത്. കമ്പോഡിയയില്‍ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്ന ആന്ധ്ര സ്വദേശികളായ ഹരീഷ് കുരാപതി, നാഗ വെങ്കട്ട, സൗജന്യ കുരാപതി എന്നിവരെ നേരത്തെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ കൂട്ടാളികളായ നിരവധി പേര്‍ ഇനിയും അറസ്റ്റിലാവാനുണ്ട്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മാരായ ബി എസ് ശ്രീജിത്ത്, കെ ആര്‍ അരുണ്‍ കുമാര്‍, കെ സജു, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ റോബി ഐസക്, നൗഷാദ് എന്നിവര്‍ തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനോടുവിലാണ് പ്രതികള്‍ കുടുങ്ങിയത്.

എല്ലാവരെയും കോടതിയില്‍ ഹാജരാക്കി. ജില്ലാ പോലീസ് മേധാവിയായി വി ജി വിനോദ്കുമാര്‍ ചുമതലയേറ്റ ശേഷം സൈബര്‍ തട്ടിപ്പ് കേസുകളില്‍ അന്വേഷണം കാര്യക്ഷമമാക്കുവാന്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കേരളത്തില്‍ നിന്ന് ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ കംബോഡിയ കേന്ദ്രമാക്കി പ്രവത്തിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. അന്തര്‍ ദേശീയ ബന്ധങ്ങള്‍ ഉള്ള ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ കബളിപ്പിച്ചെടുക്കുന്ന പണം തൊഴിലില്ലാത്ത യുവാക്കളെ ആകര്‍ഷകമായ കമ്മീഷന്‍ വാഗ്ദാനം ചെയ്ത് ബാങ്കില്‍ നിന്ന് പിന്‍വലിപ്പിച്ച് കരസ്ഥമാക്കുന്ന രീതിയാണ് തുടരുന്നത്.

 

Latest